മദ്യം ഉപയോഗിക്കുന്നത് സംബന്ധിച്ച് കർശന നിയമങ്ങളാണ് യുഎഇയിൽ ഉള്ളത്. യുഎഇയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും മദ്യം ഉപയോഗിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് എന്തൊക്കെയാണെന്ന് അറിയാം.
ദുബായിൽ മദ്യം വാങ്ങാനോ ഉപയോഗിക്കാനോ ഉള്ള ഏറ്റവും കുറഞ്ഞ പ്രായം 21 വയസാണ്. 21 വയസിൽ താഴെയുള്ള വ്യക്തിക്ക് മദ്യം വിൽപന നടത്തുന്നതും മദ്യപിക്കാൻ പ്രേരിപ്പിക്കുന്നതും നിയമ പ്രകാരം കുറ്റകരമാണ്.
പൊതുസ്ഥലത്തും പൊതുനിരത്തിലുമുള്ള മദ്യപാനവും ദുബായിൽ നിയമവിരുദ്ധമാണ്. ആൽക്കഹോൾ ലൈസൻസുള്ള റെസ്‌റ്റോറന്റുകളിലും ലോഞ്ചുകളിലും മദ്യപിക്കാം. ആൽക്കഹോൾ ലൈസൻസ് ഉണ്ടെങ്കിൽ ആളുകൾക്ക് അവരുടെ വീടുകളിലോ താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരിപാനീയങ്ങൾ കഴിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകും. നിയമം ലംഘകൻ കോടതി തീരുമാനിക്കുന്ന പിഴ അടക്കേണ്ടി വരും. വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുന്ന 23 ബ്ലാക്ക് പോയിന്റുകൾക്കും നിയമ സംഘകർക്ക് ലഭിക്കും.
ഓൺലൈനായും ഓഫ്ലൈനായും മദ്യം വാങ്ങാനുള്ള സൗകര്യം ദുബായിലുണ്ട്. മദ്യം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇതിനായി ആദ്യം ഒരു ലൈസൻസ് നേടേണ്ടതുണ്ട്. ഓൺലൈനായി ലൈസൻസിന് അപേക്ഷിക്കാം. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത മദ്യവിൽപ്പനശാലയിലേക്ക് പോയി അവരുടെ ലൈസൻസ് സൗജന്യമായി നേടാം.
ആഫ്രിക്കൻ ഈസ്റ്റേൺ, എംഎംഐ എന്നിങ്ങനെ ദുബായ് നഗരത്തിൽ രണ്ട് തരം രജിസ്റ്റർ ചെയ്ത മദ്യശാലകളാണ് ഉള്ളത്. ദുബായിൽ താമസിക്കുന്നവർക്ക് ആഫ്രിക്കൻ ഈസ്റ്റേൺ അല്ലെങ്കിൽ എംഎംഐയിലേക്ക് പോകാനും സ്റ്റോറിൽ ലൈസൻസിനായി അപേക്ഷിക്കാനും കഴിയും. ഇവർക്ക് സ്റ്റോറിൽ ഹാജരാക്കാൻ കഴിയുന്ന സാധുവായ എമിറേറ്റ്സ് ഐഡി ഉണ്ടായിരിക്കണമെന്നാണ് നിയമം നിഷ്‌ക്കർഷിച്ചിരിക്കുന്നത്.
ഔദ്യോഗിക ആഫ്രിക്കൻ ഈസ്റ്റേൺ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായും ലൈസൻസിനായി അപേക്ഷ നൽകാം. ഇതിനായി ആദ്യം വെബ്‌സൈറ്റിൽ പ്രവേശിക്കണം. ശേഷം വെബ്സൈറ്റിൽ മുകളിൽ വലത് കോണിലുള്ള ‘അപ്ലൈ ലൈസൻസ്’ എന്നതിൽ ക്ലിക്ക് ചെയ്യാം. അതിനുശേഷം കാണുന്ന ഫോമിൽ എമിറേറ്റ്സ് ഐഡി നമ്പർ ഉൾപ്പെടെ ചില സ്വകാര്യ വിവരങ്ങൾ പൂരിപ്പിക്കണം. അതിന് ശേഷം അപേക്ഷ പ്രോസസ് ആകും.