പ്രണവ് മോഹൻലാലിന്റെ വിവാഹം എപ്പോഴായിരിക്കുമെന്ന് വ്യക്തമാക്കി സുചിത്ര മോഹൻലാൽ. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രണവിന്റെ വിവാഹത്തെ കുറിച്ച് സുചിത്ര സംസാരിച്ചത്. എപ്പോഴാണ് വിവാഹം കഴിക്കേണ്ടത്. ആരെയാണ് വിവാഹം കഴിക്കേണ്ടത് എന്നതെല്ലാം പ്രണവിന്റെ തീരുമാനത്തിന് വിട്ടു നൽകിയിരിക്കുകയാണെന്ന് സുചിത്ര പറഞ്ഞു. ഒരു അമ്മ എന്ന നിലയിൽ പ്രണവിന്റെ വിവാഹ സ്വപ്നത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സുചിത്ര മറുപടി നൽകിയത്.
എപ്പോഴാണ് വിവാഹം കഴിക്കാൻ തോന്നുന്നത് അപ്പോൾ മാത്രം പറഞ്ഞാൽ മതിയെന്നാണ് താൻ തന്റെ രണ്ട് മക്കളോടും പറഞ്ഞിരിക്കുന്നത്. തീരുമാനം എടുക്കേണ്ടത് അവരാണ്. ഇത്രവയസായി, ഇപ്പോൾ കല്യാണം കഴിച്ചേ മതിയാകൂവെന്ന് തനിക്ക് നിർബന്ധിക്കാൻ കഴിയില്ല. അങ്ങനെ കല്യാണം കഴിപ്പിച്ച് എന്തെങ്കിലും വന്നാൽ എന്തുചെയ്യും. പിന്നെ അതിന്റെ ഉത്തരവാദിത്തം മുഴുവൻ തന്റെ തലയിലാകുമെന്ന് സുചിത്ര അറിയിച്ചു.
വിവാഹ ബന്ധത്തിൽ രണ്ട് പേർ തമ്മിലും അഡ്ജസ്റ്റുമെന്റുകളും കോംപ്രമൈസുകളും ആവശ്യമാണ്. അങ്ങനെയാണെങ്കിൽ മാത്രമേ ആ വിവാഹ ബന്ധം മുന്നോട്ടു പോകൂ. പണ്ടുള്ളവരെല്ലാം ആ കോംപ്രമൈസുകൾ ചെയ്തിരുന്നു. എന്നാൽ, ഇപ്പോഴുള്ള കുട്ടികൾക്ക് അത് പറ്റില്ല. അത് അവരുടെ പ്രശ്നമല്ല. അവർ വളർന്ന സാഹചര്യങ്ങളും അവരുടെ മൈൻഡ് സെറ്റുമെല്ലാം വ്യത്യസ്തമാണ്. തന്റെ കുട്ടികൾ മാത്രമല്ല, മിക്കവരും ഇപ്പോൾ അങ്ങനെയൊക്കെയാണ്. താൻ നിർബന്ധിച്ച് തന്റെ മക്കളെ കല്യാണം കഴിപ്പിച്ച ശേഷം പിന്നീട് ഒരു പ്രശ്നം വരികയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തമെല്ലാം തനിക്കായിരിക്കും നേരിടേണ്ടി വരുന്നതെന്നും വിവാഹവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കാണെന്നും സുചിത്ര കൂട്ടിച്ചേർത്തു.