ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിലാണ് സംസ്ഥാനം. ഏപ്രിൽ 26 നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 20 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഏജന്റുമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒരു സ്ഥാനാർഥിക്ക് ഒരു പോളിംഗ് ഏജന്റിനെ മാത്രമേ ബൂത്തിൽ അനുവദിക്കൂ. ഇവർ പോളിംഗ് സ്റ്റേഷൻ വിട്ടുപോകുമ്പോൾ മൂവ്‌മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തണം. ബൂത്തിൽ ഉപയോഗിക്കുന്ന വോട്ടർ പട്ടിക പുറത്തുകൊണ്ടുപോകാൻ പാടില്ല.
പോളിംഗ് അവസാനിക്കാൻ ഒരു മണിക്കൂർ ശേഷിക്കുമ്പോൾ ഏജന്റുമാരുടെ മാറ്റം അനുവദിക്കില്ല. സെൽഫോൺ, മറ്റ് ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവ ഏജന്റുമാർ ബൂത്തിൽ ഉപയോഗിക്കാൻ പാടില്ല. ഏതെങ്കിലും സ്ഥാനാർഥിയുടേയോ രാഷ്ട്രീയപാർട്ടിയുടേയോ ചിഹ്നങ്ങളോ അടയാളങ്ങളോ പോളിംഗ് ഏജന്റുമാർ പ്രദർശിപ്പിക്കരുത്.
വോട്ടിംഗ് അവസാനിപ്പിക്കുന്നത് പ്രിസൈഡിംഗ് ഓഫീസറാണ്. വോട്ടിംഗ് സമയം അവസാനിപ്പിക്കുമ്പോൾ നിരയിൽ അവശേഷിക്കുന്ന ആളുകൾക്ക് ടോക്കൺ നൽകും. അവർക്ക് വോട്ടു ചെയ്യാം. ശേഷം വരുന്നവർക്ക് വോട്ട് രേഖപ്പെടുത്താനാകില്ല. വോട്ടിംഗിനുള്ള സമയം അവസാനിക്കുന്നതോടെ പോളിംഗ് സ്റ്റേഷന്റെ ഗേറ്റ് പോലീസ് അടയ്ക്കും. പോളിംഗ് അവസാനിച്ച ശേഷം പ്രിസൈഡിംഗ് ഓഫീസർ യന്ത്രത്തിൽ ക്ലോസ് ബട്ടൺ അമർത്തുന്നതോടെ പോളിംഗ് അവസാനിക്കും.