കൊല്ലം: കൊല്ലം പൂരത്തിന്റെ ഭാഗമായ ആഘോഷപരിപാടികളിൽ ആനപരിപാലന ചട്ടം കർശനമായി പാലിക്കണമെന്ന് നിർദ്ദേശം. ചട്ടം പാലിച്ച് എഴുന്നള്ളത്തും കുടമാറ്റവും ഉൾപ്പടെ നടത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിർദേശിച്ചു. എഴുന്നള്ളത്ത് രാവിലെ 10ന് മുമ്പും ഉച്ചയ്ക്ക് മൂന്നിന് ശേഷവും നടത്താം. ചെറുപൂരങ്ങൾക്കും ആനയൂട്ടിനും നീരാട്ടിനും തിരുമുമ്പിൽ കുടമാറ്റത്തിനും ബാധകം.
25 ആനകളെ പങ്കെടുപ്പിക്കാനാണ് അനുമതി നൽകിയിട്ടുള്ളത്. ആനകളുടെ ഡാറ്റ ബുക്ക്, ഇൻഷുറൻസ്, ആരോഗ്യ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ഡ്യൂട്ടിയിലുള്ള വെറ്ററിനറി സർജന്മാർ പരിശോധിക്കും. ബ്രത്ത് അനലൈസർ ഉപയോഗിച്ച് ആനപരിപാലകരുടെ പരിശോധനയും നടത്തും. മുൻകരുതലായി മയക്കുവെടി ആംബുലൻസ് സജ്ജമാക്കും. ആരോഗ്യസ്ഥിതി മോശമായ ആനകളെയും മദപ്പാട് തുടങ്ങിയ ആനകളെയും പൂരത്തിൽ പങ്കെടുപ്പില്ല.
ആനകൾക്ക് ഫിറ്റ്നസ് നൽകുന്നതിന്റെ പൂർണ്ണ ചുമതല മൃഗസംരക്ഷണ വകുപ്പിന്റെ എസ്പിസിഎ എലിഫന്റ് സ്‌ക്വാഡിനാണ് നൽകിയിട്ടുള്ളത്. ഇതിനായി കുടമാറ്റവേദിയിൽ 10 വെറ്ററിനറി സർജന്മാർക്കും എസ് പി സി എ ഇൻസ്പെക്ടർമാർക്കും ചുമതല നൽകി. എല്ലാവരും ആനകളിൽ നിന്ന് മൂന്ന് മീറ്റർ അകലം പാലിക്കണം. സെൽഫി ഒഴിവാക്കണമെന്നും ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈൻകുമാർ വ്യക്തമാക്കിയിട്ടുണ്ട്.