പൂജകളിലൂടെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരാമെന്ന് വിശ്വസിപ്പിച്ചു ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചു: പൂജാരിക്ക് 22 വർഷം തടവ്

തൃശൂർ: ഭർത്താവിൻ്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് 22 വർഷം തടവ്. തൃശൂർ കുന്നംകുളത്താണ് സംഭവം. കേസിൽ ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയടയ്ക്കാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു.

പെരിങ്ങണ്ടൂർ പൂന്തുട്ടിൽ വിട്ടിൽ സന്തോഷിനെയെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ്.ലിഷ ശിക്ഷിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം. ഭർത്താവിൻ്റെ മദ്യപാനം നിർത്താനായാണ് പ്രതി ചില പൂജകൾ നിർദ്ദേശിച്ചത്. പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്പലത്തിലേക്ക് വിളിച്ച് വരുത്തിയ യുവതിയെ പ്രതിയുടെ വീട്ടിൽ വെച്ചും, പിന്നീട് ബലാത്സം​ഗ വിവരം പുറത്ത് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയും പീഡിപ്പിച്ചു.

തൃശൂർ മെഡിക്കൽ കോളജിനടുത്തുള്ള ലോഡ്ജിൽ വെച്ചും പ്രതി യുവതിയെ പീഡിപ്പിച്ചു. തുടർന്ന് നൽകിയ പരാതിയിലാണ് നടപടി. 18 സാക്ഷികളെ വിസ്തരിച്ചു. പ്രതിക്കെതിരെ മറ്റൊരു ബലാത്സം​ഗക്കേസും നിലവിലുണ്ടായിരുന്നു.

Read also: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു