ബെല്ലും ബ്രേക്കുമില്ലാതെ റെക്കോർഡുകൾ മറികടന്നു സ്വർണ്ണവിലയുടെ കുതിപ്പ്: പവന് 720 രൂപയുടെ വർദ്ധനവ്

കൊച്ചി: റെക്കോര്‍ഡുകള്‍ മറികടന്നു കുതിച്ചുയരുന്ന സ്വര്‍ണവില ആദ്യമായി അമ്പതിനാലായിരവും കടന്നു.ഇന്ന് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 54000 കടന്നത്. 54,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. 6795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് 560 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ തിരിച്ചുകയറിയിരുന്നു. ഇന്നലെ പവന് 440 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് 12ന് രേഖപ്പെടുത്തിയ മുന്‍ റെക്കോര്‍ഡ് 53,760 പഴങ്കഥയാക്കി ഇന്ന് സ്വര്‍ണവില കുതിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. അതിനിടെ ശനിയാഴ്ച മാത്രമാണ് ഒരു ഇടിവ് നേരിട്ടത്.