മലയാളികളടക്കം നിരവധിപ്പേരാണ് ബാംഗ്ലൂരില്‍ ദിനംപ്രതി എത്താറുള്ളത്. ആയിരക്കണക്കിന് മലയാളികള്‍ ഇവിടെ കുടുംബസമേതം ഇവിടെ സ്ഥിരതാമസമാക്കിയവരാണ്. ഐടി മേഖലയാണ് ഏവരേയും ബാംഗ്ലൂരിലെത്തിക്കുന്ന പ്രധാന ഘടകം. ഇതിന് പുറമെ വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ ബാംഗ്ലൂരിലെത്തിപ്പെടുന്നു.
ഇന്ത്യയിലെ തന്നെ മികച്ച കോളേജുകളില്‍ ചിലത് ബാംഗ്ലൂരിലാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ബാംഗ്ലൂരിലെത്തുന്നവരും ധാരാളമാണ്. ഇവിടെ ചിലര്‍ സ്വന്തം ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കുന്നു. മക്കളോടൊപ്പം വാര്‍ദ്ധക്യകാലം ചെലവഴിക്കാനും ചിലര്‍ ബാംഗ്ലൂരില്‍ താമസമാക്കുന്നു. എങ്ങും തിരക്കാണ്. അമ്പരചുംബികള്‍ എവിടെയും കാണാം. നിരത്തുകളില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍. വഴിയിലുടനീളം തട്ടുകടകള്‍. മെട്രോ ട്രെയിനുകളും മാളുകളും മുഖമുദ്രയായി കഴിഞ്ഞു. ഇതാണ് ബാംഗ്ലൂര്‍ എന്ന നഗരം.
ബാംഗ്ലൂരിൽ നിന്നും കാണാൻ പോകാൻകഴിയുന്ന സ്ഥലങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം
ചിക്ക മാഗ്ലൂർ
ബാംഗ്ലൂരില്‍ നിന്നും വലിയ യാത്രയോ യാത്രാ ക്ഷീണമോ ഇല്ലാതെ എത്തിച്ചേരുവാന്‍ സാധിക്കുന്ന സ്ഥലങ്ങളില്‍ പ്രധാനിയാണ് കര്‍ണ്ണാടകയില്‍ തന്നെയുള്ള ചിക്മഗളൂര്‍. നീണ്ടുനിവര്‍ന്നു കിടക്കുന്ന കാപ്പിത്തോട്ടങ്ങളും പ്രസന്നമായ കാലാവസ്ഥയുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. നിങ്ങളുടെ ഉള്ളിലെ സാഹസികനെ ഉണര്‍ത്തുവാന്‍ വേണ്ട ആക്റ്റിവിറ്റികള്‍ പലതും ഇവിടെ ആസ്വദിക്കാം. ബാബാ ബുധഗിരി മലകളാണ് ഇവിടെ പോകേണ്ട പ്രഝാന സ്ഥലം.
ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം 5 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: സെപ്റ്റംബര്‍ മുതൽ മേയ് വരെ
കൂര്‍ഗ്
പച്ചപ്പും തേയിലത്തോട്ടങ്ങളും പുല്‍മേടുകളും എല്ലാം നിറഞ്ഞ് യഥാര്‍ത്ഥ സ്കോട്ലാന്‍ഡിന് ഒരു വെല്ലുവിളിയായി നില്‍ക്കുന്ന സ്ഥലമാണ് കൂര്‍ഗ്. രുചികരമായ പ്രാദേശിക വിഭവങ്ങളും പച്ചപ്പു നിറഞ്ഞ കാഴ്ചകളുമാണ് ഇവിടുത്തെ പ്രത്യേകത. മാത്രമല്ല, നിങ്ങള്‍ ഒരു കാപ്പി പ്രേമിയാണെങ്കില്‍ അതിന്റെ രുചി നുകരുവാന്‍ പറ്റിയ നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്. പോക്കറ്റിനൊതുങ്ങുന്ന തുകയില്‍ എവിടെ എല്ലാം ചെയ്യാന്‍ സാധിക്കും എന്നതാണ് ആളുകളെ കൂര്‍ഗിലേക്ക് ആകര്‍ഷിക്കുന്നത്.
ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം 6 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ
ഗോകര്‍ണ
ബീച്ച് ആണ് നിങ്ങള്‍ യാത്രയില്‍ തേടുന്നതെങ്കില്‍ എളുപ്പത്തില്‍ ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ പറ്റുന്ന സ്ഥലങ്ങളുണ്ട്. അതിലേറ്റവും പ്രധാനിയാണ് ഗോകര്‍ണ്ണ. തിരക്കും ചിലവുമേറിയ ബീച്ച് യാത്രകളില്‍ പകരം വയ്ക്കുവാന്‍ പറ്റിയ മികച്ച ഇടമാണിത്. ട്രക്കിങ്ങും ബീച്ച് വൈബും പിന്നെ നിങ്ങള്‍ക്കായി മാറ്റിവയ്ക്കുവാനായി കുറച്ചു സമയവുമെല്ലാം ഈ യാത്രയില്‍ നിങ്ങള്‍ക്ക് ലഭിക്കും. പാരഡൈസ് ബീച്ച്, ഹാഫ്മൂണ്‍ ബീച്ച്. ഓം ബീച്ച് എന്നിങ്ങനെ വ്യത്യസ്തങ്ങളായ ബീച്ചുകള്‍ ഇവിടുത്തെ യാത്രയില്‍ സന്ദര്‍ശിക്കുവാനുണ്ട്.
ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം9 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ
ഹംപി
ചരിത്രകാഴ്ചകളിലേക്കും കര്‍ണ്ണാടകയുടെ ഗ്രാമങ്ങളിലേക്കും പോകുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഹംപി തിരഞ്ഞെടുക്കാം. യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളിലൊന്നായ ഹംപി വിവരണാതീതമായ യാത്രാനുഭവവും കാഴ്ചകളുമാണ് സന്ദര്‍ശകര്‍ക്കായി കരുതിവെച്ചിരിക്കുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രശേഷിപ്പുകളാണ് ഇവിടെ കാണുവാനുള്ളത്. കല്ലുകളിലാണ് ഇവിടുത്തെ മിക്ക നിര്‍മ്മിതിയും പൂര്‍ത്തിയാക്കിയിരിക്കുന്നത്. ക്ഷേത്രങ്ങളാണ് മറ്റൊരു പ്രധാന കാഴ്ച. ഓരോ തവണ വരുമ്പോഴും പുതുതായി എന്തെങ്കിലും കാണുവാന്‍ ഇവിടെയുണ്ടാവും.
ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം 7 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ
മറവാന്തെ
ലോങ് ഡ്രൈവും അതിന്‍റെ അവസാനം ഒരു ബീച്ച് ഡെസ്റ്റിനേഷനുമാണ് നോക്കുന്നതെങ്കില്‍ അതിനു പറ്റിയ സ്ഥലം തൊട്ടടുത്തു തന്നെയുണ്ട്. മറവാന്തെ! സൗപര്‍ണ്ണിക നദി യു ടേണ്‍ എടുക്കുന്നയിടം എന്നു സഞ്ചാരികള്‍ കളിയായി വിളിക്കന്ന സ്ഥലമാണിത്. വളരെ ശാന്തവും അതിലേറ മനോഹരവുമാണ് മറവാന്തെയും ഇവിടുത്തെ കാഴ്ചകളും. ഗ്രാമീണ കാഴ്ചകളും ജീവിതരീതികളും നിങ്ങള്‍ക്കിവിടെ കാണുവാനും അനുഭവിക്കുവാനും സാധിക്കും. പദുക്കോള്‍ ഗ്രാമമാണ് ഇവിടെ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട ഒരു സ്ഥലം.
ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം 9 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം:സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ
കബനി
ബാംഗ്ലൂരില്‍ നിന്നും ഒരു യാത്ര ആലോചിക്കുമ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ ലിസ്റ്റില്‍ ഉണ്ടായിരിക്കേണ്ട സ്ഥലമാണ് കബനി. പ്രകൃതി സ്നേഹിയും പ്രകൃതിയുടെ കാഴ്ചകളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്നതുമായ ഇടങ്ങളിലൊന്നാണിത്. തിരക്കുകളില്‍ നിന്നെല്ലാം മാറി സ്ഥിതി ചെയ്യുന്ന ഇവിടേക്കുള്ള യാത്ര ആരെയും ഊര്‍ജസ്വലനായ ഒരു വ്യക്തിയാക്കി മാറ്റും. സാഹസികമായ സഫാരികളും പക്ഷിനിരീക്ഷണവുമെല്ലാം നിങ്ങള്‍ക്ക് ഇവിടെ ആസ്വദിക്കാം.
ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം 5 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: നവംബര്‍ മുതല്‍ ജൂണ്‍ വരെ
മസിനഗുഡി
വന്യവും അതേ സമയം പ്രകൃതിഭംഗിയാര്‍ന്നതുമായ കാഴ്ചകള്‍ ആണ് തേടുന്നതെങ്കില്‍ നിര്‍ബന്ധമായും ആ പട്ടികയിലേക്ക് ഉള്‍പ്പെടുത്തുവാന്‍ പറ്റിയ സ്ഥലമാണ് മസിനഗുഡി. വൈല്‍ഡ് ലൈഫ് എന്ന പദത്തിന്റെ കൃത്യമായ അര്‍ത്ഥവും കാഴ്ചകളും ഇവിടം നിങ്ങള്‍ക്ക് തരും. യാത്രകളെ സ്നേഹിക്കുന്നവർക്ക് മാത്രമല്ല, ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർക്കും ഇവിടം പ്രിയപ്പെട്ടതാണ്. കാടിനുള്ളിലൂടെയുള്ള ജംഗിൾ സഫാരിയും വന്യമൃഗങ്ങളുടെ കാഴ്ചയും ഒക്കെയാണ് ഇവിടുത്തെ പ്രധാന കാര്യങ്ങള്‍
ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം അഞ്ചര മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: ഒക്ടോബര്‍ മുതല്‍ മേയ് വരെ.