സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ വർധിച്ച സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഇന്ന് കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,765 രൂപയിലും പവന് 54,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വില ഇടിഞ്ഞെങ്കിലും ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 6795 രൂപയിലും പവന് 54360 രൂപയിലും എന്ന സർവകാല റെക്കോർഡ് നിരക്കിലാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
അതേസമയം സ്വർണം റെക്കോർഡുകൾ മറികടക്കുമ്പോൾ വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വ്യാപാരികൾ പ്രതികരിച്ചു. വിലയെത്ര അധികരിച്ചാലും സ്വർണത്തോടുള്ള ഭ്രമം അവസാനിക്കുന്നില്ല. 25 പവൻ, 50 പവൻ, 100 പവൻ സ്വർണാഭരണങ്ങൾ വിവാഹ ആഭരണങ്ങളായി വാങ്ങുന്നവർ വിലവർധനവിന്റെ തോതനുസരിച്ച് ചെറിയ തൂക്കം കുറയ്ക്കുക മാത്രമേ നിലവിൽ ചെയ്യുളളൂ. റെക്കോർഡ് വിലയിലും ആഭരണങ്ങളിലുള്ള ട്രെൻഡ് സെറ്ററുകൾക്ക് കുറവൊന്നുമില്ല.
ലൈറ്റ് വെയിറ്റ് ആഭരണങ്ങളാണ് ഇപ്പോൾ ഏറ്റവും പുതിയ ട്രെൻഡ് ആയി വിപണിയിൽ ഉള്ളത്. 18 കാരറ്റിൽ നിർമിക്കുന്ന ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് 22 കാരറ്റ് സ്വര്‍ണവിലയെക്കാൾ വില കുറവാണ് എന്നത് കൊണ്ടാണ് ഇപ്പോൾ ആവശ്യക്കാർ ഏറിയിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില 5,670 രൂപയാണ്. വൈകാതെ ഇത് വിവാഹ പർച്ചേസിങ്ങിൽ അടക്കം ട്രെൻഡ് ആയി മാറാൻ സാധ്യത ഉണ്ടെന്ന് വ്യാപാരികളുടെ നിഗമനം.