ജിദ്ദ: സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ഇന്ന് മുതൽ സൗദിയിൽ നിലവിൽ വന്നു. ഈ മാസം 18 ന് മുൻപ് നടന്ന എല്ലാ ട്രാഫിക് നിയമ ലംഘനങ്ങൾക്കും ഈ ഇളവ് ലഭിക്കും. എന്നാൽ ആറ് മാസത്തിനുള്ളിൽ (ഇന്ന് മുതൽ ഒക്ടോബർ 18 വരെ) ഈ പിഴകൾ അടയ്ക്കണം എന്നതാണ് നിബന്ധന. പൗരന്മാർ, പ്രവാസികൾ, സന്ദർശകർ, ജിസിസി പൗരന്മാർ എന്നിവരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഈ തീരുമാനം. ഓരോ ലംഘനത്തിനും ഒറ്റത്തവണയായോ വെവ്വേറെയായോ പിഴ അടയ്ക്കാൻ ഇളവ് അനുവദിക്കുന്നുമുണ്ട്.
റോഡിലെ വാഹനാഭ്യാസം, ലഹരിമരുന്ന് അല്ലെങ്കിൽ നിരോധിത പദാർഥങ്ങൾ ഉപയോഗിച്ച് വാഹനമോടിക്കൽ, അമിത വേഗത എന്നിങ്ങനെയുള്ള ഗുരുതര ലംഘനങ്ങൾ ഇതിൽ ഉൾപ്പെടില്ല. ഏപ്രിൽ 18 മുതൽ നടക്കുന്ന പുതിയ ലംഘനങ്ങൾക്ക് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 75 ബാധകമാകും. അതിനനുസരിച്ച് ഒറ്റത്തവണ ലംഘനങ്ങൾക്ക് 25% ഇളവ് ലഭിക്കും.