സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ നിന്നും താഴെയിറങ്ങി സ്വർണം. ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,805 രൂപയിലും പവന് 54,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ സർവകാല റെക്കോർഡ് വിലയായ ഗ്രാമിന് 6,815 രൂപയിലും പവന് 54,520 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും സ്വാധീനം ചെലുത്തുന്നത്. പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങും എന്ന ആശങ്കയാണ് സ്വർണവിലയെ കഴിഞ്ഞ ദിവസം കൊടുമുടി കയറ്റിയത്. സംസ്ഥാനത്ത് ഈ ആഴ്ച സ്വർണ വില റെക്കോർഡ് നിരക്കുകൾ മറി കടക്കുന്ന കാഴ്ചയാണ് കണ്ടത്. ഏപ്രിൽ 16 നാണ് സ്വർണം ആദ്യമായി 54,000 രൂപ കടന്നത്. ഒരാഴ്ച കൊണ്ട് പവന് വർധിച്ചത് 1,240 രൂപയാണ്. അതേസമയം ജ്വല്ലറികളിലെ ബുക്കിങ് സംവിധാനം ആളുകൾ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നതായി വ്യാപാരികൾ പറഞ്ഞു.
വിവാഹ പർച്ചേസിൽ അടക്കം ഇപ്പോൾ സ്വർണം ബുക്ക് ചെയ്യുകയാണ്. അതേപോലെ തന്നെ ആഭരണങ്ങളിലുള്ള 18 കാരറ്റിൽ നിർമിക്കുന്ന ലൈറ്റ് വൈറ്റ് ആഭരണങ്ങൾക്ക് ആവശ്യക്കാർ ഏറിയിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണവിലയെക്കാൾ വില കുറവാണ് എന്നത് കൊണ്ടാണ് ഇപ്പോൾ 18 കാരറ്റിന് സ്വീകാര്യത കൂടാൻ കാരണം. വൈകാതെ ഇത് വിവാഹ പർച്ചേസിങ്ങിൽ അടക്കം ട്രെൻഡ് ആയി മാറാൻ സാധ്യത ഉണ്ടെന്ന് വ്യാപാരികൾ പ്രതികരിച്ചു.