‘ജയ് ഹോ’ ഗാനത്തെക്കുറിച്ചുള്ള രാം ഗോപാൽ വർമയുടെ ആരോപണം തള്ളി ഗായകൻ സുഖ്‌വിന്ദർ സിങ്. പാട്ട് എ.ആർ.റഹ്മാൻ, അല്ല സുഖ്‌വിന്ദർ ആണ് ചിട്ടപ്പെടുത്തിയത് എന്നുള്ള ആർജിവി (രാം ഗോപാൽ വർമ)യുടെ ആരോപണത്തോടാണ് ഗായകന്റെ പ്രതികരണം. ‘ജയ് ഹോ’ റഹ്മാന്റെ സൃഷ്ടിയാണെന്നും താൻ അതിന്റെ ആലാപനത്തിൽ പങ്കുചേരുക മാത്രമാണു ചെയ്തതെന്നും സുഖ്‌വിന്ദർ വെളിപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗായകന്റെ പ്രതികരണം.
‘യുവരാജ് എന്ന ചിത്രത്തിനു വേണ്ടി ജയ് ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ.ആർ.റഹ്മാൻ തന്നെയാണ്. ഞാൻ അത് പാടിയെന്നേയുള്ളു. അല്ലാതെ ഈണത്തിൽ എനിക്കു പങ്കില്ല. രാം ഗോപാൽ വർമ ഒരു ചെറിയ സെലിബ്രിറ്റിയല്ല. തെറ്റിദ്ധാരണ കാരണമാണ് അദ്ദേഹം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ആരോ അദ്ദേഹത്തിനു തെറ്റായ വിവരങ്ങൾ നൽകിയതാകാം. ഗുൽസാർ സാഹബ് ആണ് ജയ് ഹോ പാട്ടിനു വരികൾ കുറിച്ചത്. റഹ്മാന് വരികൾ ഏറെ ഇഷ്ടപ്പെട്ടു. അങ്ങനെ മുംബൈ ജുഹുവിലെ എന്റെ സ്റ്റുഡിയോയിൽ വച്ചാണ് അതിന്റെ കമ്പോസിങ് നടത്തിയത്. തുടർന്ന് അദ്ദേഹമത് സംവിധായകൻ സുഭാഷ് ഘായ്‌ക്കു കേൾപ്പിച്ചുകൊടുത്തു. അതിനു ശേഷമാണ് ഞാൻ ആലപിച്ചത്. സുഭാഷ്ജിക്ക് പാട്ട് ഏറെ ഇഷ്ടപ്പെട്ടു. എന്നാൽ യുവരാജ് എന്ന ചിത്രത്തിന്റെ കഥയുമായി യോജിക്കുന്നില്ലാത്തതിനാൽ അദ്ദേഹത്തിന് ആ പാട്ട് സിനിമയിൽ നിന്നും ഒഴിവാക്കേണ്ടി വന്നു’, സുഖ്‌വിന്ദർ സിങ് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് ‘ജയ് ഹോ’ പാട്ടിന്റെ സൃഷ്ടിയെക്കുറിച്ചു രാം ഗോപാൽ വർമ ഗുരുതര ആരോപണമുന്നയിച്ചത്. നിർമാതാവിന്റെ കയ്യിൽ നിന്നും പ്രതിഫലം കൈപ്പറ്റിയ റഹ്മാൻ, പാട്ട് ചിട്ടപ്പെടുത്തേണ്ട സമയത്ത് ലണ്ടനിലായിരുന്നുവെന്നും സംവിധായകൻ തിരക്കുകൂട്ടിയപ്പോൾ പാട്ടൊരുക്കാൻ റഹ്മാൻ സുഖ്‌വിന്ദറിനെ ഏൽപ്പിക്കുകയായിരുന്നുവെന്നുമാണ് രാം ഗോപാൽ വർമ പറഞ്ഞത്. ഫിലിം കമ്പാനിയനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരമൊരു ആരാപണമുന്നയിച്ചത്.
രാം ഗോപാൽ വർമയുടെ വാക്കുകൾ ചർച്ചയായതോടെ വിഷയം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. പിന്നാലെയാണ് തുറന്നുപറച്ചിലുമായി സുഖ്‌വിന്ദർ സിങ് എത്തിയത്. രാം ഗോപാൽ വർമയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളോടു രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയാണ് സമൂഹമാധ്യമലോകമിപ്പോൾ. അതേസമയം, വിഷയത്തിൽ എ.ആർ.റഹ്മാൻ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.