തൃശ്ശൂർ പൂരത്തിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത് ചില മേലുദ്യോഗസ്ഥരുടെ വിചിത്രമായ തീരുമാനങ്ങൾ മൂലമാണ്. ഇത് മൂലം പഴി കേൾക്കേണ്ടിവന്നത് പൂരം ഡ്യൂട്ടി നിർവഹിച്ച മുഴുവൻ പൊലീസുകാർക്കും. പൊരി വെയിലത്ത് വിശ്രമമില്ലാതെയും മറ്റു അനിഷ്ട സംഭവങ്ങൾ ഇല്ലാതെ നോക്കിയും പോലീസ് ഉദ്യോഗസ്ഥർ ഭംഗിയായി തങ്ങളുടെ ജോലി ചുമതല നിർവഹിച്ചു. എന്നാൽ മേൽ ഉദ്യോഗസ്ഥരുടെ യുക്തിക്ക് നിരക്കാത്ത തീരുമാനങ്ങളും ഉത്തരവുകളും മൂലം മൊത്തത്തിൽ, പൂരത്തിന്റെ ശോഭ കെടുത്തുകയും ചെയ്തു.
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി പൂരം കാണാൻ സൗകര്യം ഒരുക്കിയും അക്രമങ്ങളും പിടിച്ചുപറിയും ഒഴിവാക്കിയും തിരക്ക് നിയന്ത്രിക്കാൻ ഓടിനടന്നു പണിയെടുത്തവർക്ക് ഒടുവിൽ ജനകീയ രോഷം നേരിടേണ്ടി വന്നു. 3000ത്തിലേറെ പേർ നാലുദിവസത്തോളം വിശ്രമമില്ലാതെ ജോലിചെയ്താണ് പൂരത്തിന്റെ സുരക്ഷ ഏകോപിപ്പിച്ചത്. സമീപകാല ചരിത്രത്തിൽ ഏറ്റവും അധികം ആളുകൾ പങ്കെടുത്ത പൂരങ്ങളാണ് കഴിഞ്ഞ രണ്ടു വർഷമായി നടന്നത്.
നിയന്ത്രിക്കേണ്ടയിടത്തു മാത്രം നിയന്ത്രണം എന്ന നയവും നല്ല പെരുമാറ്റവും എല്ലാവർഷവും പോലീസിന് കയ്യടി നേടി കൊടുത്തിരുന്നു. എന്നാൽ ഇത്തവണ അശാസ്ത്രീയവും അമിതവുമായി ബേരിക്കേടുകൾ കെട്ടി ജനത്തെ അനാവശ്യമായി കൈകാര്യം ചെയ്യാൻ ശ്രമിച്ചതിൽ നിന്ന് തന്നെ പോലീസ് തലപ്പത്ത് വീഴ്ച പ്രകടമായി.
പൂരം ആസ്വദിച്ചുകൊണ്ട് സുരക്ഷാ ചുമതല നിർവഹിക്കുന്നതായിരുന്നു മുൻകാലങ്ങളിൽ പോലീസിന്റെ രീതി. ഇതിൽ നിന്ന് വ്യത്യസ്തമായുള്ള ബലം പിടുത്തത്തിൽ പോലീസ് സേനക്കുള്ളിലും ശക്തമായ അമർഷം ഉണ്ട്. പോലീസിന്റെ അനാവശ്യ ഇടപെടലുകളും നിയന്ത്രണങ്ങളും വാശിയും മൂലം തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടും നിറം മങ്ങി. പുലർച്ചെ നടക്കേണ്ട പ്രധാന വെടിക്കെട്ട് നടക്കുമ്പോഴേക്കും നേരം വെളുത്തിരുന്നു. 7.15 നും 7.45 നും ആണ് യഥാക്രമം പാറമേക്കാവിലും തിരുവമ്പാടിക്കും തിരികൊളുത്താനായത്.
രാത്രി പൂരങ്ങൾ അവസാനിച്ച ശേഷം അക്ഷമരായി വെടിക്കെട്ട് കാണാൻ പലയിടത്ത് നിന്നും വന്നു കാത്തുനിന്ന ആയിരക്കണക്കിനാളുകൾക്ക് ഇതുമൂലം നിരാശരാവേണ്ടി വന്നു . മന്ത്രിയും കളക്ടറും നടത്തിയ ചർച്ചയ്ക്ക് ശേഷം മൂന്നര മണിക്കൂറോളം വൈകിയാണ് വെടിക്കെട്ട് നടത്തിയത്. ഇതോടെ പകൽ പൂരവും ഒരു മണിക്കൂറോളം വൈകി. വടക്കുംനാഥന്റെ ശ്രീമൂല സ്ഥാനത്ത് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷം നടക്കുന്ന പകൽ വെടിക്കെട്ട് നടക്കുമ്പോൾ സമയം മൂന്നു മണി കഴിഞ്ഞു.
അതേസമയം പൂരത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച ഇപ്പോൾ ചൂടുപിടിച്ച തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചയിലേക്കും കടന്നിരിക്കുകയാണ്. വീഴ്ച എവിടെയുണ്ടായാലും അത് തിരുത്തേണ്ടതാണ് എന്നാണ് മന്ത്രി കെ രാജന്റെ പ്രതികരണം. തൃശ്ശൂർ പൂരം മുടക്കാൻ പോലീസ് നടത്തിയ ആസൂത്രിത നീക്കത്തിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് കെ.മുരളീധരൻ ആവശ്യപ്പെട്ടത്. മണ്ഡലത്തിൽ സിപിഎം ബിജെപി അന്തർധാരയുടെ ഭാഗമായി നടത്തിയ ആസൂത്രിത നീക്കമാണിതെന്നും മുരളീധരൻ ആരോപിച്ചു.
പോലീസിന്റെ അനാവശ്യ ഇടപെടലാണ് പൂരം നടത്തിപ്പും വെടിക്കെട്ട് വഷളാക്കിയതെന്നും വിഎസ് സുനിൽകുമാർ ആരോപിച്ചു. എന്നാൽ പൂരത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും അത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പ്രശ്നം ഉണ്ടാക്കിയിട്ട് പരിഹാരമുണ്ടാക്കി എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് തൃശ്ശൂർപൂരം തടസ്സപ്പെട്ട വിഷയത്തിൽ ഉണ്ടായിരുന്നതെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. വോട്ട് നേടാൻ ഉണ്ടാക്കിയ തിരക്കഥയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പൂരവുമായി ബന്ധപ്പെട്ട സിറ്റി പോലീസ്, കമ്മീഷണർ അങ്കിത്ത് അശോകന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകരോടും മോശം പെരുമാറ്റം ആണ് നടത്തിയത്. പൂരത്തിന് മീഡിയ പാസ് അനുവദിക്കുന്നതു മുതൽ താളപ്പിഴകൾ ഉണ്ടായിരുന്നു. പാസ്സുകൾക്കായി മാധ്യമപ്രവർത്തകരെ പൂരത്തലേന്നും പൂരം ദിനത്തിലും യാചകരെ പോലെ നിർത്തിയ പോലീസ് നടപടി തരംതാണതാണെന്ന് പറയാതെ വയ്യ.