വർഷം മുഴുവനും തണുപ്പ് പാൽ പോലെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ: ചൂടിൽ നിന്നും രക്ഷപെട്ടാലോ?

കോട മൂടിയ മലകൾ. പാൽ നിറയുന്നത് പോലെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ, കണ്ണാടി പോലെ തിളങ്ങുന്ന ജലാശയങ്ങൾ ഇതിനോടൊപ്പം വര്ഷം മുഴുവനും തണുപ്പ് മാറാത്ത കാലാവസ്ഥയും. മേഘാലയ ശരിക്കും കൗതുകകരമായ സ്ഥലമാണ്. ഷില്ലോങ്ങിലും ചിറാപുഞ്ചിയിലുമെല്ലാം സന്ദര്‍ശകരുടെ ഒഴുക്ക് നിലക്കാറേയില്ല.ലോകത്തിലെ ഏറ്റവും നീളമേറിയ പ്രകൃതിദത്ത ഗുഹയും മേഘാലയയിലാണ് സ്ഥിതിചെയ്യുന്നത്. ഭൂപ്രകൃതിയുടെ സൗന്ദര്യം മാത്രമല്ല ഇവിടെയുള്ളത് ഒരുപാടു കഥകളും അറിയാൻ കഴിയും.

ജയന്തിയാ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ക്രെം ലിയാത് പ്രാ ആണ് ലോകത്തിലെ ഏറ്റവും നീളമേറിയ പ്രകൃതിദത്ത ഗുഹ എന്നറിയപ്പെടുന്നത്. ഖാസി ഭാഷയിൽ ‘ക്രെം’ എന്നാണ് ഇതിനെ വിളിക്കുന്നത്. ഏകദേശം 34 കിലോമീറ്ററാണ് ഈ ഗുഹയുടെ നിലവിലെ നീളം, ഇതിന്‍റെ കൂടുതല്‍ ഭാഗങ്ങള്‍ ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. എയർക്രാഫ്റ്റ് ഹാംഗർ എന്ന വലിയ ട്രങ്ക് പാസേജാണ് ലിയാത് പ്രായുടെ പ്രധാന സവിശേഷത.

മേഘാലയയിലെ ജയന്തിയാ, ഖാസി, ഗാരോ കുന്നുകൾ എന്നിവിടങ്ങളിൽ ഏകദേശം 1580 ഗുഹാ സ്ഥലങ്ങളുണ്ട്, അവയിൽ 980 ഗുഹകൾ പൂർണമായോ ഭാഗികമായോ കണ്ടെത്തിയവയാണ്. ചിറാപുഞ്ചി, മൗസിൻറാം, ഷെല്ല, പൈനുർസ്ല, നോങ്ജ്രി, ലാംഗ്രിൻ തുടങ്ങിയ വിവിധ പ്രദേശങ്ങളിലായി ഒട്ടേറെ ഭീമന്‍ ഗുഹകള്‍ ചിതറിക്കിടക്കുന്നു.

ഇന്ത്യയിലെ ഏറ്റവും നീളമേറിയതും ആഴമേറിയതുമായ പത്ത് ഗുഹകളിൽ ആദ്യത്തെ ഒമ്പത് ഗുഹകൾ മേഘാലയയിലും പത്താമത്തെ ഗുഹ മിസോറാമിലുമാണ്.

സന്ദർശിക്കേണ്ട ഇടങ്ങൾ ഏതെല്ലാം?

ക്രെം മാവ്ഖിർദോപ്/ ക്രെം മൗംലു

മൗംലു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്രെം മൗംലു ചിറാപുഞ്ചിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. 7 കിലോമീറ്ററിലധികം നീളമുള്ള ഈ ഗുഹയ്ക്കുള്ളില്‍ വഴുവഴുപ്പുള്ള പ്രതലങ്ങളും ഇടുങ്ങിയ തുറസ്സുകളും കൂർത്ത പാറകളും ആഴമുള്ള ഒരു ജലാശയവുമുണ്ട്. കൂടാതെ, സ്റ്റാലാഗ്മൈറ്റ് ഘടനകളും കാൽസൈറ്റ് രൂപങ്ങളും പാറക്കൂട്ടങ്ങളുമെല്ലാം കാണാൻ കഴിയും.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നാലാമത്തെ നീളമേറിയ ഗുഹയാണിത്‌. സഞ്ചാരികള്‍ക്ക് ഇതിനുള്ളിലേക്ക് പ്രവേശനം സൗജന്യമാണ്, ഉള്ളിലൂടെയുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം നാലുമണിക്കൂര്‍ സമയമെടുക്കും. രാവിലെ ഏഴര മുതല്‍ വൈകീട്ട് നാലുമണി വരെ ഗുഹയ്ക്കുള്ളില്‍ പ്രവേശിക്കാം.

ക്രെം ഡാം

ക്രെം ഡാം സ്ഥിതിചെയ്യുന്നത് മനോഹരമായ മൗസിൻറാം ഗ്രാമത്തിലാണ്. 30 മീറ്റർ വീതിയുള്ള ഈ ഗുഹ വളരെ ആകർഷകമാണ്. ഈ ഗുഹ പ്രദേശത്ത് അമ്പെയ്ത്ത് മത്സരങ്ങൾ നടക്കാറുണ്ട്. ശിവലിംഗത്തോട് സാമ്യമുള്ള സ്റ്റാലാക്‌റ്റൈറ്റുകളും സ്റ്റാലാഗ്‌മൈറ്റുകളുമാണ് ഇവിടുത്തെ മറ്റൊരു പ്രധാനകാഴ്ച.

ക്രെം ലിംപുട്ട്

മേഘാലയയിലെ നോങ്ജ്രി ഗ്രാമത്തിലാണ് ക്രെം ലിംപുട്ട് ഗുഹ സ്ഥിതി ചെയ്യുന്നത്. പച്ചപ്പിന് നടുവിൽ മറഞ്ഞിരിക്കുന്ന ഈ ഗുഹക്കുള്ളില്‍ വലിയ പാറക്കെട്ടുകള്‍ കാണാം. ഗുഹയ്ക്കുള്ളിൽ ഒരു ഗോവണിപ്പാതയുണ്ട്, വഴുവഴുപ്പുള്ളതിനാല്‍ ഇതിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒട്ടേറെ കാൽസൈറ്റ് രൂപങ്ങള്‍ ഇവിടെ കാണാം. 25 മീറ്റർ വീതിയും 25 മീറ്റർ ഉയരവുമുള്ള കാൽസൈറ്റ് ഗാലറിയുള്ള മുഗൾ മുറിയാണ് ഗുഹയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്.

മൗസ്മൈ ഗുഹ

സൊഹ്‌റയിൽ നിന്ന് അൽപം അകലെയാണ് മൗസ്‌മൈ ഗുഹ സ്ഥിതി ചെയ്യുന്നത്. ഫോസിലുകൾക്ക് പേരുകേട്ടതാണ് ഈ ഗുഹ. ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള ഈ ഗുഹ പ്രകൃതിരമണീയമാണ്. മാത്രമല്ല, ഇത് വളരെ സുരക്ഷിതമാണ്. ഗുഹയിലേക്ക് പോകുന്നവഴി മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാം. ഇടതടവില്ലാതെ പക്ഷികളുടെ ശബ്ദവും പ്രാണികളുടെ കരച്ചിലും നിറഞ്ഞ ഇടതൂർന്ന വനപ്രദേശത്തിലൂടെയുള്ള ഒരു ചെറിയ നടത്തമുണ്ട് ഗുഹയിലേക്ക്.

സിൻറാങ്-പാമിയാങ്

14,157 മീറ്റർ നീളമുള്ള, ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും നീളമേറിയ ഗുഹയാണ് സിൻറാങ്-സ്പാമിംഗ്. ഓറഞ്ച്, ചുവപ്പ്, കറുപ്പ്, ചാര, നീല, പച്ച, വെള്ള എന്നീ നിറങ്ങളിലുള്ള രൂപീകരണങ്ങളാല്‍ സമ്പന്നമാണ് ഈ ഗുഹ. ചെറിയ മുത്തുകള്‍ ചിതറിക്കിടക്കുന്ന നിലമുള്ള ‘ടൈറ്റാനിക് ഹാൾ’ ആണ് ഈ ഗുഹയ്ക്കുള്ളിലെ മറ്റൊരു സുന്ദരമായ കാഴ്ച.