വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞിട്ടുണ്ട്. ചെറുപ്പത്തിലേ അസാധ്യ വായനക്കാർ എല്ലാം ഇപ്പോൾ പുസ്തകം ഉപേക്ഷിച്ചു. ഷെൽഫിലും, ടേബിളിലുമായി വായിക്കാതെ എത്രയോ പുസ്തകങ്ങൾ കെട്ടി കിടക്കുന്നു. എന്നാലും പുസ്തകങ്ങൾ കാണുമ്പോൾ പലരും വാങ്ങി വയ്ക്കും. വായിക്കാനൊട്ടു സമയം കണ്ടെത്തുകയുമില്ല. അങ്ങനെ പതുക്കെ വായന നമ്മളെ വിട്ടു പോകും. ജോലി തിരക്കുകളും, ഉത്തരവാദിത്വങ്ങളുമായി വായന നമ്മളെ മറക്കും.
എന്നാൽ ഓരോ മനുഷ്യനും നവീകരിക്കപ്പെടണമെങ്കിൽ വായിച്ചു കൊണ്ടിരിക്കണം. വായിക്കുന്നതിനും പഠിക്കുന്നതിനും പ്രത്യകിച്ചു പ്രായമില്ല. ഉറപ്പായും വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങൾ പരിചയപ്പെട്ടാലോ?
മെഡിറ്റേഷൻസ്
ജീവിതം നാം കരുതിയിരുന്നതിൽ നിന്നും ഏറെ വ്യത്യസ്തമാണെന്ന് ഓരോരുത്തരും തിരിച്ചറിയുന്ന സമയമാണ് യൗവ്വനകാലം. ഈ കാലയളവിൽ ചഞ്ചലച്ചിത്തരാകാതെ മനസ്സിന് ഉറപ്പു നേടാനുള്ള വഴികളാണ് മെഡിറ്റേഷൻസ് എന്ന പുസ്തകം നൽകുന്നത്. റോമൻ ചക്രവർത്തിയായിരുന്ന മാർക്കസ് ഒറേലിയസിന്റെ ചിന്തകളാണ് മെഡിറ്റേഷൻസ് എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തടസ്സങ്ങൾക്കു മുന്നിൽ അടിപതറാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുവാനും മാനസിക വികാരങ്ങൾ സ്വയം നിയന്ത്രിക്കാനുമായി മാർക്കസ് പറഞ്ഞു തരുന്ന മാർഗ്ഗങ്ങൾ എക്കാലവും ഉപയോഗപ്രദമാണ് എന്നതു തന്നെയാണ് 1800 വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തിന്റെ ചിന്തകളെ പ്രസക്തമാക്കി നിർത്തുന്നത്.
ദി മിത്ത് ഓഫ് സിസിഫസ്
എല്ലാവരുടേയും ജീവിതത്തിന് ഒരു കാരണമുണ്ട്. യഥാർത്ഥ ജീവിതം അറിഞ്ഞു തുടങ്ങുമ്പോൾ തന്നെ ഈ കാരണങ്ങളാണ് ഓരോരുത്തരും തേടുന്നതും. ഈ തേടലിനെക്കുറിച്ചാണ് ആൽബേർട്ട് കാമ്യുവിന്റെ ദി മിത്ത് ഓഫ് സിസിഫസ് എന്ന പുസ്തകം പറയുന്നത്.
സിസിഫസ് സേയൂസിന്റെ ശിക്ഷയുടെ ഫലമായി ജീവിതകാലം മുഴുവൻ ഒരു മലയുടെ മുകളിലേക്ക് കല്ലുന്തിക്കയറ്റുവാനും കല്ലു തള്ളി താഴേക്കിടുവാനും വിധിക്കപ്പെട്ടവനാണ്. പന്തിരുകുലത്തിലെ നാറാണത്തുഭ്രാന്തനുമായി ഏറെ അടുത്തു നിൽക്കുന്ന കഥാപാത്രമാണ് സിസിഫസ്. ജിവിതത്തിന്റെ അർത്ഥതലങ്ങൾ തേടിയുള്ള പരിശ്രമങ്ങളിൽ തളരാതെ സന്തോഷത്തോടെ മുന്നോട്ടു പോകണമെന്ന മഹത്തായ സന്ദേശമാണ് പുസ്തകത്തിലൂടെ കാമ്യു നൽകുന്നത്.
ക്രൈം ആൻഡ് പണിഷ്മെന്റ്
ലോകം തന്നെ തനിക്കെതിരാണെന്നും സ്വയം മാറുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യേണ്ട കാര്യമെന്താണെന്നുമൊക്കെയുള്ള ചിന്ത എപ്പോഴെങ്കിലും നമ്മിലോരോരുത്തരിലും കടന്നു കൂടാറുണ്ട്. അത്തരത്തിലുള്ള മാനസികനിലയിലൂടെ കടന്നു പോകുന്ന ഒരു യുവാവിന്റെ കഥയാണ് ക്രൈം ആൻഡ് പണിഷ്മെന്റ് എന്ന നോവലിലൂടെ ഫിയോദർ ദസ്തയേവ്സ്കി പറയുന്നത്.
തന്റെ നിലനിൽപ്പിനായി വീട്ടുടമസ്ഥയായ വൃദ്ധയെ കൊന്ന ശേഷം പണവുമായി കടന്നു കളയുന്ന റോഡിയോൺ റാസ്കോള്നിക്കോവാണ് നോവലിലെ കേന്ദ്ര കഥാപാത്രം. തന്റെ ചെയ്തികൾക്കുള്ള ശിക്ഷ സ്വയം വിധിക്കുന്ന റാസ്കോള്നിക്കോവിലൂടെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൂടെ സഞ്ചരിക്കുന്ന മനുഷ്യ ജീവിതത്തിന്റെ കഥയാണ് ദസ്തയേവ്സ്കി വരച്ചു കാട്ടുന്നത്. ജീവിതത്തിന്റെ വിവിധ അർത്ഥതലങ്ങളിലേയ്ക്കു കടക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്ന ഒരു കൃതി.
അന്ന കരേനിന
വിഖ്യാത എഴുത്തുകാരൻ ലിയോ ടോൾസ്റ്റോയിയുടെ അന്നാ കരേനിനയാണ് യൗവ്വനകാലത്തു വായിച്ചിരിക്കേണ്ട മറ്റൊരു പുസ്തകം. പ്രണയം കുടുംബം സാമൂഹ്യ സ്ഥിതി തുടങ്ങി മനുഷ്യ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ മനുഷ്യർ നേരിടുന്ന മാനസിക സംഘർഷങ്ങളാണ് കഥയിലെ പ്രതിപാദ്യ വിഷയം. കുടുംബബന്ധങ്ങളിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും സാമൂഹ്യ നീതിയും എല്ലാം പുസ്തകം വിവരിക്കുന്നുണ്ട്.
അസന്തുഷ്ടമായ ജീവിത സാഹചര്യങ്ങളിൽപ്പെട്ടു പോകുന്ന അന്നാ കരേനിന അതിനു ശേഷം പിന്നിട്ട വഴികൾ ഏറെ അപകടം നിറഞ്ഞവയായിരുന്നു. ജീവിതം എന്തെന്നു തേടിയുള്ള അന്നയുടെ യാത്രയിൽ നിന്നും ഏറെ പഠിക്കാനുണ്ട്. വ്യത്യസ്ത ജീവിത സാഹചര്യങ്ങൾ തുറന്നു കാട്ടുന്ന നോവൽ തെറ്റും ശരിയും വേർതിരിച്ചറിയാനുള്ള ഉൾക്കാഴ്ച നൽകുന്ന ഒന്നുകൂടിയാണ്.
സിദ്ധാർത്ഥ
ഗൗതമ ബുദ്ധന്റെ കാലത്ത് പ്രാചീന ഭാരതത്തിൽ ജീവിച്ചിരുന്ന സിദ്ധാർത്ഥ എന്ന വ്യക്തയുടെ സ്വത്വം തേടിയുള്ള യാത്രയുടെ കഥയാണ് ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ എന്ന നോവൽ. ആത്മ പ്രകാശം തേടി ഇറങ്ങിപുറപ്പെടുന്ന സിദ്ധാർത്ഥന്റെ ജീവിതം കമല എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നതോടെ മാറിമറിയുന്നു. ആത്മാന്വേഷണം തേടിയുള്ള യാത്ര അവസാനിപ്പിച്ച അദ്ദേഹത്തിന് ലൗകീക ജീവിത സുഖങ്ങൾ ആത്മസുഖം പ്രദാനം ചെയ്യുന്നതല്ല എന്ന് മധ്യവയസ്സെത്തുന്നതോടെ തിരിച്ചറിയുന്നു.
മനുഷ്യവികാരങ്ങളും വേദനകളും എല്ലാം പ്രകൃതിയുടെ ഗതിക്കനുസരിച്ച് നീങ്ങുന്നവയാണെന്നും സമയം എന്നതു പോലും മിഥ്യയാണെന്നും സിദ്ധാർത്ഥന്റെ ജീവിതകഥയിലൂടെ ഹെർമൻ ഹെസ്സെ പറഞ്ഞു വയ്ക്കുന്നു.
ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്
മിലാൻ കുന്ദേരയുടെ ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ് ആണ് വായിച്ചിരിക്കേണ്ട മറ്റൊരു കൃതി. ജീവിതം ആവർത്തനങ്ങളില്ലാത്തതാണെന്നും ഏവർക്കും ജീവിതം ഒന്നേയുള്ളൂ എന്നുമാണ് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ചെക്കോസ്ലോവാക്യയിലെ രാഷ്ട്രീയസ്ഥിതി പശ്ചാത്തലമാക്കി രചിച്ച നോവൽ പറഞ്ഞു വയ്ക്കുന്നത്. അക്കാലത്തുള്ള രണ്ടു സ്ത്രീകളുടേയും രണ്ടു പുരുഷന്മാരുടേയും ഒരു നായയുടേയും കഥയാണ് ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്.
ജീവിതം ഒന്നേയുള്ളു എന്നതുകൊണ്ടു തന്നെ നിലനിൽപ്പ് ഏറെ ലാഘവം നിറഞ്ഞതാണെന്ന വാദമാണ് പുസ്തകം മുന്നോട്ടു വയ്ക്കുന്നത്. ജീവിതവും പ്രണയവും സ്നേഹബന്ധങ്ങളും നശ്വരവും ആകസ്മികവും യാദൃശ്ചികവുമായി സംഭവിക്കുന്ന കാര്യങ്ങളായാണ് കുന്ദേര നോവലിലൂടെ ചിത്രീകരിക്കുന്നത്.