കുരുമുളക് ഏലം കാപ്പി തുടങ്ങി കൊതിപ്പിക്കുന്ന മണങ്ങൾ വയനാട് എത്തുമ്പോഴേ മൂക്കിന്റെ തുമ്പിൽ വന്നടിക്കും. ഇവിടുത്തെ ഭൂപ്രകൃതിയെ കുറിച്ച് പറയേണ്ട ആവിശ്യമില്ല. തണുപ്പും മഞ്ഞും മഴയും അങ്ങനെ തിരിച്ചു പോകാൻ തോന്നിപ്പിക്കാതെ ഇവിടുത്തെ കാലാവസ്ഥ ഓരോ യാത്രികരെയും ഇവിടെ തന്നെ പിടിച്ചു നിർത്തും. വയനാട് വരുമ്പോൾ എവിടേക്ക് പോകണമെന്ന് പലർക്കും സംശയം തോന്നും. വയനാട് ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ?
തിരുനെല്ലി ക്ഷേത്രം
തിരുനെല്ലി ക്ഷേത്രത്തെക്കുറിച്ച് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. ബലിയിടാനായി മിക്കവാറും ആളുകള്‍ പോകുന്ന ഈ വിഷ്ണുക്ഷേത്രം വളരെയധികം പ്രശസ്തമാണ്. കർണാടക അതിർത്തിയിൽ, ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട് കിടക്കുന്ന ക്ഷേത്രത്തില്‍, ഒട്ടേറെ വിനോദസഞ്ചാരികളും എത്താറുണ്ട്. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയമാണ്. ക്ഷേത്രത്തിനരികിലെ പാപനാശിനി നദിയില്‍ മുങ്ങി നിവര്‍ന്നാല്‍ പാപങ്ങള്‍ തീരും എന്നൊരു വിശ്വാസമുണ്ട്.
വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിനു നടുക്കാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിന് വടക്കുകിഴക്കായി കർണാടകത്തിലെ നാഗർഹോളെ, ബന്ദിപ്പൂർ എന്നീ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും തെക്കു കിഴക്കായി തമിഴ്‌നാട്ടിലെ മുതുമലയും സ്ഥിതിചെയ്യുന്നു. വളരെ ജൈവ വൈവിധ്യം ഉള്ള ഈ വന്യജീവി സംരക്ഷണ കേന്ദ്രം നീലഗിരി ബയോ റിസർവിന്‍റെ ഒരു പ്രധാന ഭാഗം ആണ്. സാഹസിക മലകയറ്റക്കാർക്ക് പ്രിയങ്കരമായ പക്ഷിപാതാളം ഇവിടെ നിന്നും 7 കിലോമീറ്റർ അകലെയാണ്.
പുളിയാർമല ജൈനക്ഷേത്രം
തീർത്ഥങ്കരനായിരുന്ന അനന്തനാഥ സ്വാമിക്ക് സമർപ്പിക്കപ്പെട്ടതാണ് പുളിയാർമല ജൈനക്ഷേത്രം. ഈ ക്ഷേത്രം അനന്തനാഥ് സ്വാമി ക്ഷേത്രം എന്നും അറിയപ്പെടുന്നു. കൽപ്പറ്റയിൽ നിന്ന് 6 കിലോമീറ്റർ ആണ് പുളിയാർമല ജൈന ക്ഷേത്രത്തിലേക്കുള്ള ദൂരം.
പതിമൂന്നാം നൂറ്റാണ്ടിലെ ജൈന വാസ്തുവിദ്യയുടെ വൈദഗ്ധ്യം വിളിച്ചോതുന്ന കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്. ടിപ്പു സുൽത്താൻ പണ്ടുകാലത്ത് ഇവിടെ വെടിമരുന്ന് സൂക്ഷിച്ചിരുന്നത്രേ, അതിനാല്‍ ഇത് “ടിപ്പു കോട്ട” എന്നും അറിയപ്പെടുന്നു. ദ്രാവിഡ ശൈലിയിലുള്ള ചിത്രകലയുടെ സ്വാധീനം ക്ഷേത്രത്തിലാകെ കാണാം. ക്ഷേത്രത്തിന്‍റെ വാതിലുകളിലും സ്തൂപങ്ങളിലും മനോഹരമായ കൊത്തുപണികളും കാണാം.
വൈത്തിരി
നീലഗിരി മലനിരകളുടെ കുളിരില്‍ മുങ്ങി, ഇടതൂർന്ന മഴക്കാടുകൾക്കിടയില്‍ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു പട്ടണവും ഹില്‍സ്റ്റേഷനുമാണ് വൈത്തിരി. വയനാടിന്‍റെ കവാടമെന്നും വൈത്തിരിയെ വിളിക്കാറുണ്ട്. വര്‍ഷം മുഴുവനുമുള്ള മനോഹരമായ കാലാവസ്ഥയും ഹരിതാഭമായ ഭൂപ്രദേശവും വൈത്തിരിയെ സഞ്ചാരികളുടെ പ്രിയപ്പെറ്റ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു.
പ്രശസ്തമായ ചങ്ങലമരം വൈത്തിരി താലൂക്കിലെ ലക്കിടിയിലാണ് സ്ഥിതി ചെയ്യുന്നത്. വൈത്തിരിയില്‍ നിന്ന് 8 കി. മീ. അകലെയാണ് കര്‍ലാട് തടാകം. ബോട്ടിങ്ങിനും ചൂണ്ടയിടലിനും ഹൈക്കിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. വൈത്തിരിയില്‍ നിന്നു മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പ്രശസ്തമായ പൂക്കോട് തടാകത്തില്‍ എത്താം. കയാക്കിങ്, വഞ്ചി തുഴയല്‍, പെഡല്‍ ബോട്ടിംഗ്, ശുദ്ധജല അക്വേറിയം, കുട്ടികളുടെ പാര്‍ക്ക് തുടങ്ങി ഒട്ടേറെ വിനോദാനുഭവങ്ങള്‍ ഇവിടെയുമുണ്ട്.
എടക്കൽ ഗുഹകൾ
ബിസി 5000 മുതലുള്ള കൊത്തുപണികൾ പ്രദർശിപ്പിച്ച എടക്കൽ ഗുഹകൾ, വയനാട്ടിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിലാണ് ഗുഹ. കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവിടെയാണ് ഉള്ളത്. വയനാട്ടിലേക്ക് യാത്ര പോകുന്ന ഒരു വിനോദസഞ്ചാരിയും ഒരിക്കലും വിട്ടുപോകരുതാത്ത ഇടമാണ് ഇത്.
ചെമ്പ്രപീക്ക്
ഹൃദയഹാരിയായ ചെമ്പ്രമുടി ഒറ്റനോട്ടത്തിൽ ആരെയും ആകർഷണവലയത്തിലാക്കും. കൽപ്പറ്റയിലെ മേൽപ്പാടിയിൽ നിന്ന് ഇവിടേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം. പച്ചപുതച്ച പുൽമേടുകളും ജലസമൃദ്ധമായ ഹൃദയതടാകവും തേടി സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്ക്. വയനാടന്‍ സൗന്ദര്യത്തിന്റെ മുഖ്യആകര്‍ഷകങ്ങളിലൊന്നാണ് ചെമ്പ്രപീക്ക്. ചെറുസസ്യങ്ങളും കാട്ടുപൂക്കളും അടങ്ങുന്ന സംരക്ഷിത ജൈവമേഖലയാണ് സമദ്രനിരപ്പില്‍ നിന്നും 6900 അടി ഉയരത്തിലുള്ള ചെമ്പ്ര. മഴക്കാലത്താണ് ഇവിടെ കൂടുതല്‍ മനോഹരമാകുന്നത്.
ബാണാസുര സാഗർ മല
ചെമ്പ്ര കഴിഞ്ഞാൽ കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവതമാണ് ബാണാസുരമല. സമുദ്ര നിരപ്പിൽ നിന്ന് 6732 അടി ഉയരം. ചെങ്കുത്തായ മലനിരകളാണ് ഇവിടുത്തെ ആകർഷണം. ബാണാസുരമല കാവൽ നിൽക്കുന്ന അണക്കെട്ടിലൂടെയുള്ള യാത്ര എപ്പോൾ നടത്തിയാലും പുതുമ നിറഞ്ഞതുമാണ്. കൽപറ്റയിൽനിന്ന് 20 കിലോമീറ്റർ സഞ്ചാരിച്ചാൽ പടിഞ്ഞാറത്തറയെത്തും അവിടെ നിന്ന് അൽപദൂരം പോയാൽ ഡാമായി. ഇൗ സുന്ദരകാഴ്ച തേടി നിരവധി സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്.
കുറുവ ദ്വീപ്
വയനാട്ടില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഇടമാണ് കബനിയുടെ മാറില്‍ ചിതറിക്കിടക്കുന്ന കുറുവ ദ്വീപ്. മാനന്തവാടി നിന്നും മൈസൂര്‍ പോകുന്ന വഴിയിലാണ് സഹ്യന്‍റെ ചുവട്ടിലായി ഈ പച്ച പുതച്ച ദ്വീപ്. 950 എക്കറോളം വിസ്തൃതിയില്‍ കബനി നദിയില്‍ ചിതറിക്കിടക്കുന്ന നൂറ്റിയമ്പതോളം ചെറു ദ്വീപുകള്‍ ആണ് കുറുവ ദ്വീപുകള്‍ എന്നറിയപ്പെടുന്നത്. കല്പറ്റയില്‍ നിന്ന് 40 കിലോ മീറ്ററും ബത്തേരിയില്‍ നിന്ന് 34 കിലോമീറ്ററും മാനന്തവാടിയില്‍ നിന്ന് 17 കിലോമീറ്ററുമാണ് ഇങ്ങോട്ടേക്കുള്ള ദൂരം.