സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ സ്വർണ വില വർധിച്ചിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ച് ഗ്രാമിന് 6,660 രൂപയിലും പവന് 53,280 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.
സംസ്ഥാന സ്വർണവില ചരിത്രത്തിലെ സർവകാല ഉയരത്തിലെത്തിയത് ഏപ്രിൽ 19 നാണ്. ഗ്രാമിന് 6815 രൂപയിലും പവന് 54520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രിൽ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6335 രൂപയും പവന് 50680 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ഇപ്പോൾ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഇറാൻ-ഇസ്രായേൽ യുദ്ധഭീതി ഒഴിഞ്ഞതാണ് നിലവിൽ വിലയിടിയാൻ പ്രധാന കാരണം. ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച് വ്യക്തത വന്നതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്നു നിക്ഷേപം പിൻവലിച്ചതും വിലയെ സ്വാധിനിച്ചു. അതേസമയം സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 87 രൂപയിലാണ് വ്യാപാരം തുടരുന്നത്.