പന്തിരുകുലത്തിന്റെ പഴമ പേറുന്ന കൊട്ടാരം എന്നാണ് കവളപ്പാറ കൊട്ടാരം അറിയപ്പെടുന്നത്. എന്നാൽ ഇന്ന് കേരളത്തിന്റെ ചരിത്രമുറങ്ങുന്ന ആ കൊട്ടാരം സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്.
എണ്ണമറ്റ മനകളുടെയും കൊട്ടാരങ്ങളുടെയും ചരിത്രപ്രസിദ്ധ ഭവനങ്ങളുടെയും നാട്. പറയിപെറ്റ പന്തിരുകുലത്തിന്‍റെയും മാമാങ്കത്തട്ടിലിറങ്ങിയ വീര യോദ്ധാക്കളുടെയും നാടുവാഴികളുടെയും യശസ്സും ഐതിഹ്യങ്ങളും പാണൻ പാടിനടന്ന മണ്ണ്. അവിടം, ആയിരത്തിലധികം വര്‍ഷത്തെ പാരമ്പര്യവുമായി തലയുയര്‍ത്തി നില്‍ക്കുന്നു കവളപ്പാറ കൊട്ടാരം.
കവളപ്പാറ സ്വരൂപത്തിന്റെ ആരംഭം അവസാനത്തെ പെരുമാളായി കരുതപെടുന്ന രാമവർമ്മ കുലശേഖരനുമായി ബന്ധപെട്ടു കിടക്കുന്നു.രാമവർമ്മ കുലശേഖരൻ തന്റെ വിശ്വസ്ഥനായ അനുയായിക്ക് അദ്ദേഹം ചെയ്തു നൽകിയ സേവനങ്ങളുടെ പ്രതിഫലമായി നിളാനദിയുടെ വടക്കുഭാഗത്തു സാമൂതിരിയുടെ കൈവശമുള്ള എതാനും ഭൂമി കീഴടക്കി വാഴുവാൻ അധികാരം നല്കുകയും,അധികാരചിഹ്നമായി രത്നകവചിതമായ ഒരു വാൾ സമ്മാനിക്കുകയും ചെയ്തു.തുടർന്ന് അനുയായി ഭാരതപുഴയുടെ വടക്കുഭാഗത്തുള്ള 96ഓളം ദേശം അടക്കിവാഴുവാൻ ആരംഭിച്ചതോടുകൂടിയാണ് കവളപ്പാറ സ്വരൂപത്തിന്റെ ആരംഭം, ഈ പ്രദേശത്തെ കബളപ്പാറ എന്ന് വിശേഷിപ്പിചത് സാമൂതിരിയാണ്,കബളപ്പാറയാണ്
പിന്നീട് കവളപ്പാറയായത്.അതിന് മുൻപ് ഈ പ്രദേശം ചുവന്ന മണ്ണുള്ള പ്രദേശം എന്ന് അർത്ഥം വരുന്ന എറുപൈ ദേശം എന്നാണ് അറിയപെട്ടിരുന്നത്.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള കവളപ്പാറ സ്വരൂപത്തിന്‍റെ ചരിത്ര പ്രാധാന്യം വില്യം ലോഗൻ തന്‍റെ ‘മലബാർ മാന്വൽ’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുതിട്ടുണ്ട്. ഇന്ത്യയിലെ ഏക നായര്‍ ജന്മിത്ത നാട്ടുരാജ്യമായിരുന്നു കവളപ്പാറ സ്വരൂപം. “മൂപ്പില്‍ നായർ” എന്നായിരുന്നു ഭരണാധികാരി അറിയപ്പെട്ടിരുന്നത്. മരുമക്കത്തായ സമ്പ്രദായമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. സാമൂതിരി രാജാവ് മൂപ്പിൽ നായര്‍ക്ക് കൊട്ടാരത്തിന്‍റെ അധികാരം കല്‍പ്പിച്ചു കൊടുത്തതായിരുന്നു. മലബാറിലെ ഏറ്റവും സമ്പന്നരായ നാടുവാഴികളായിരുന്നു മൂപ്പിൽ നായൻമാർ. വര്‍ഷത്തിൽ 150000 പറ നെല്ല് പാട്ടമായി ലഭിച്ചിരുന്നു. 5000 ഭാടന്മാരുടെ ഒരു സൈന്യത്തെത്തന്നെ അവർ ക്രമീകരിച്ചിരുന്നത്രേ. 25 ഓളം ക്ഷേത്രങ്ങൾ സ്വരൂപത്തിന് കീഴിൽ ഉണ്ടായിരുന്നു.
വാണിയംകുളം ചന്ത തുടങ്ങിയതും അവര്‍ണ്ണരുടെ വിദ്യാഭ്യാസ പുരോഗതിക്കായി ‘തിയ്യ സ്കൂള്‍’ എന്നപേരിൽ ഒരു എലിമെന്‍ററി സ്കൂൾ സ്ഥാപിച്ചതും കവളപ്പാറയിൽ ലൈബ്രറി ആരംഭിച്ചതും ആര്യന്‍കാവ് പൂരം തുടങ്ങിവെച്ചതുമെല്ലാം മൂപ്പിൽ നായൻമാർ ആയിരുന്നു. ഇന്നും പ്രചാരത്തിലുള്ള തോൽപ്പാവക്കൂത്ത് എന്ന കലാരൂപം 1632 മാര്‍ച്ച് 15ന് കേരളത്തിൽ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത് കവളപ്പാറ കൊട്ടാരത്തിലായിരുന്നു. ജാതി വ്യത്യാസങ്ങളില്ലാതെ ജനങ്ങളെ സേവിച്ചവരായിരുന്നെങ്കിലും ബ്രിട്ടീഷ് ഭരണത്തോട് ഐക്യപ്പെട്ടാണ് അവര്‍ ജീവിച്ചിരുന്നത്. അക്കാലത്ത് പുരുഷന്മാർക്ക് മാത്രമായിരുന്നു അധികാരസ്ഥാനത്തിരിക്കാൻ സ്വാതന്ത്രം,1792ൽ പ്രായപൂർത്തിയായ അനന്തരാവകാശികൾ കൊട്ടാരത്തിൽ ഇല്ലാത്തതിനാൽ കൊട്ടാരത്തിന്റെ അധികാരം ബ്രിട്ടീഷ് കമ്പനി ഏറ്റെടുത്തു,അതതു കാലത്തെ മലബാർ കളക്ടർമാർക്കായിരുന്നു കൊട്ടാരത്തിന്റെ ഭരണചുമതല.കവളപ്പാറയിൽ വിദ്യാഭ്യാസ പുരോഗതിക്കായി 1884ൽ അന്നത്തെ മലബാർ കളക്ടർ ആയിരുന്ന sir’ william logan ന്റെ നേതൃത്വത്തിൽ ഒരു സ്കൂള് സ്ഥാപിച്ചു.പിന്നീട് 1910ൽ ജനങ്ങൾക്കിടയിൽ വിനോദവും വിജ്ഞാനവും വളർത്തണമെന്ന ലക്ഷ്യത്തോടു കൂടി കവളപ്പാറയിൽ ഒരു വായന ശാല പണിതു.
പന്തിരുകുലത്തിൽപ്പെട്ട കാരക്കൽ മാതയുടെ സന്തതി പരമ്പരകളാണ് ഒറ്റപ്പാലത്തിനടുത്തുള്ള കവളപ്പാറ കുടുംബം എന്നാണ് വിശ്വാസം. ചേരമാൻ പെരുമാളിന്റെ കാലത്ത് 96 ദേശങ്ങളുടെ അധിപന്മാരായിരുന്ന കവളപ്പാറ മൂപ്പിൽ നായർ കുടുംബത്തിന്റേതായി ഇന്ന് അവശേഷിക്കുന്നത് മാളികച്ചുവടും ഈട്ടുപുരയും മാത്രമാണ്. . രാജവംശത്തിന്റെ പ്രതാപങ്ങളുടേയും കല്ലിനെ പിളർക്കുന്ന കല്പനങ്ങളുടേയും ഗർജനങ്ങൾ മുഴങ്ങിയ കൊട്ടാരകെട്ട് ഇന്ന് ഭൂതകാലത്തിന്റെ നേർ വിപരീത ദിശയിൽ സഞ്ചരിച്ച് തകർന്നു, കൊണ്ടിരിക്കുകയാണ്.
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹരിഹരൻ സംവിധാനം ചെയ്ത “എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്” എന്ന സിനിമ പൂര്‍ണ്ണമായും ചിത്രീകരിച്ചത് കവളപ്പാറ കൊട്ടാരത്തിലായിരുന്നു. ചരിത്ര പ്രസിദ്ധമായ കൊട്ടാരത്തിന്‍റെ 10 ൽ ഒരംശം മാത്രമേ ഇന്ന് നിലനില്‍ക്കുന്നുള്ളൂ. 15 ഏക്കർ സ്ഥലത്തുള്ള കൊട്ടാരം ഇപ്പോൾ അനാഥാവസ്ഥയിൽ ആയിരിക്കുന്നു.
വര്‍ഷങ്ങൾ പഴക്കമുള്ള രേഖകളും രസീതുകളുമെല്ലാം ഓരോ മുറികളിലും ഇപ്പോഴും പരന്ന് കിടക്കുന്നുണ്ട്.
വള്ളുവനാടിന്റെ ചരിത്രം പറയാതെ ഒരു കേരള ചരിത്രവും, കവളപ്പാറ സ്വരൂപം പ്രതിപാദിക്കാതെ ഒരു വള്ളുവനാട് ചരിത്രവും സാധ്യമല്ല. ഒരുപാട് ദുരന്ത മുഖങ്ങളെ നേരിടേണ്ടി വരുകയും പരിതാപകരമായ അവസ്ഥയുടെ പരമൊന്നതയിൽ ഇത്തിനിൽക്കുകയുമാണ് ഇന്നീ സ്മാരകം.