Bigg Boss Malayalam Season 6: രണ്ടു പേർ കൂടി വീടിനു പുറത്തേക്ക്: ഞെട്ടലിൽ സഹമത്സരാർത്ഥികൾ

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും രണ്ട് പേർ കൂടി പുറത്തേക്ക്. വൈൽഡ് കാർഡുകളായി എത്തി മികച്ച പ്രകടനം കാഴ്ചവച്ച പൂജയും സിബിനും ആണ് പുറത്തേക്ക് പോയിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളാണ് ഇരുവരുടേയും പുറത്തേക്ക് പോക്ക്. ബി​ഗ് ബോസ് തന്നെയാണ് ഇരുവരും പോയ വിവരം മത്സരാർത്ഥികളെ അറിയിച്ചത്.

“ആരോ​ഗ്യപരമായ കാരണങ്ങളാൽ, ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം സിബിനും പൂജയും ഈ ബി​ഗ് ബോസ് വീടിനോട് എന്നന്നെയ്ക്കുമായി വിട പറഞ്ഞിരിക്കുന്നു. പൂജയുടെ നടുവ് വേദന ഭേദമായിക്കൊണ്ടിരിക്കുന്നു. എന്നാലും ഇനി ഇങ്ങോട്ടേക്ക് വരാൻ സാധിക്കില്ല”, എന്നായിരുന്നു ബി​ഗ് ബോസിന്റെ വാക്കുകൾ. ഇത് ഏറെ ഞെട്ടലോടെയാണ് മത്സരാർത്ഥികൾ കേട്ടത്.

ബിഗ് ബോസ് മലയാളം സീസണുകളുടെ ചരിത്രത്തില്‍ ആദ്യമായിട്ട് ആയിരുന്നു ആറ് പേര്‍ വൈല്‍ഡ് കാര്‍ഡ് ആയി എത്തിയത്. അതിലെ പ്രധാനപ്പെട്ട, പ്രേക്ഷകര്‍ ഏറ്റെടുത്ത രണ്ട് മത്സരാര്‍ത്ഥികള്‍ ആയിരുന്നു സിബിനും പൂജയും. നടുവേദനയെ തുടര്‍ന്ന് ആയിരുന്നു പൂജ പുറത്ത് പോയതെങ്കില്‍, മാനസികമായി വളരെയധികം തളര്‍ന്ന് ആയിരുന്നു സിബിന്‍റെ മടക്കം.

ഒരൊഴുക്കന്‍ മട്ടില്‍ പൊയ്ക്കൊണ്ടിരുന്ന ബിഗ് ബോസ് സീസണ്‍ ആറിനെ ട്രാക്കിലേക്ക് എത്തിച്ചവരില്‍ പ്രധാനി ആയിരുന്നു സിബിന്‍. പറയേണ്ട കാര്യങ്ങള്‍ പറഞ്ഞ്, കറക്ട് ഗെയിം പ്ലാനോടെ വന്ന സിബിന്‍ വളരെ വേഗം ആയിരുന്നു പ്രേക്ഷകരുടെയും ഹൗസ്മേറ്റ്സിന്‍റെയും പ്രിയങ്കരനായി മാറിയത്. ടോപ് ഫൈവില്‍ ഉറപ്പായും ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിധിയെഴുതുകയും ചെയ്തിരുന്നു. എന്തിനേറെ ബിഗ് ബോസ് സീസണ്‍ ആറിന്‍റെ കിരീടം എടുക്കാന്‍ സാധ്യതയേറെ ഉള്ള ആളെന്നും ഇവര്‍ പറഞ്ഞിരുന്നു. പക്ഷേ അതിനൊന്നും സാധിക്കാതെ ആയിരുന്നു സിബിന്‍റെ മടക്കം.