സംസ്ഥാനത്ത് വീണ്ടും വർധിച്ചു സ്വർണ വില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 6,685 രൂപയിലും പവന് 53,480 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന് 6,665 രൂപയിലും പവന് 53,320 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഇറാൻ -ഇസ്രായേൽ ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിൽ തുടർച്ചയായി റെക്കോർഡ് നിരക്കുകൾ മറികടന്ന സ്വർണവില ഇടിയുന്ന പ്രവണതയാണ് ഈ ആഴ്ച വിപണിയിൽ കണ്ടത്.
അമേരിക്കയില്‍ പലിശ നിരക്ക് പിന്‍വലിക്കല്‍ ഉടനടിയില്ലെന്ന തീരുമാനവും സ്വര്‍ണ വില കുറയാൻ കാരണമായി. എന്നാൽ ആഴ്ചയവസാനത്തോടെ സ്വർണ വില വീണ്ടും തിരിച്ചു കയറുകയാണ്. രാജ്യാന്തര വിപണിയിൽ യുദ്ധം സംബന്ധിച്ച പുതിയ വാർത്തകൾ സ്വർണ വിലയെ സ്വാധീനിക്കും. യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ പലിശ നിരക്ക് തീരുമാനം വരുന്ന മുറയ്ക്കും സ്വര്‍ണ വില ഉയരാന്‍ സാധ്യതയുണ്ട്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 88 രൂപയിലാണ് വ്യാപാരം തുടരുന്നത്.