ഭോജ്പുരി നടി അമൃതാ പാണ്ഡേയെ ബിഹാറിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈ മാസം 27-നാണ് മരണം സംഭവിച്ചത്. അതിനിടെ മരിക്കുന്നതിന് അല്പസമയംമുമ്പ് നടി വാട്‌സാപ്പ് സ്റ്റാറ്റസ് ആയി പങ്കുവെച്ച വാക്കുകൾ ചർച്ചയാവുകയാണ്.
അവരുടെ ജീവിതം രണ്ട് തോണികളിലായിരുന്നു. ഞങ്ങളുടെ തോണി മുക്കിയതിലൂടെ ഞങ്ങൾ അവരുടെ വഴി കൂടുതൽ എളുപ്പമുള്ളതാക്കി എന്നതായിരുന്നു അമൃതാ പാണ്ഡേയുടെ അവസാനത്തെ വാട്ട്സാപ്പ് സ്റ്റാറ്റസ്. സ്വന്തം കരിയറിനെക്കുറിച്ചോർത്ത് അമൃത ഒരുപാട് ആകുലപ്പെട്ടിരുന്നെന്നും നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നില്ലെന്നും കുടുംബം പ്രതികരിച്ചു. താരത്തിന് വിഷാദരോഗമുണ്ടായിരുന്നതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
ഈ മാസം 27-ന് ജോഗ്സർ പോലീസ് സ്റ്റേഷനിലേക്കാണ് നടിയുടെ മരണവിവരം എത്തുന്നത്. ആദംപുർ ഷിപ്പ് ഘാട്ടിലെ അപ്പാർട്ട്മെന്റിൽ ആത്മഹത്യയെന്ന് തോന്നിക്കുന്ന തരത്തിൽ ഒരു സ്ത്രീയുടെ മൃതദേഹം കിടക്കുന്നെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. ഇവർ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം നടി അമൃതാ പാണ്ഡേയുടേതാണെന്ന് മനസിലായത്. കിടപ്പുമുറിയിലെ ബെഡ്ഡിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
27-ന് ഉച്ചയ്ക്ക് അമൃതയുടെ സഹോദരി ഉച്ചയ്ക്ക് മൂന്നരയായപ്പോൾ നടിയുടെ മുറിയിലേക്ക് വന്നപ്പോളാണ് നടിയെ തൂങ്ങിക്കിടക്കുന്ന അവസ്ഥയിൽ കണ്ടത്. ഉടനടി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമൃതാ പാണ്ഡേയുടെ മരണത്തിൽ ജോഗ്സർ പോലീസ് അന്വേഷണം നടത്തി വരികയാണ്.
പ്രതിശോധ് എന്ന വെബ്സീരീസിലാണ് അമൃതാ പാണ്ഡേ ഒടുവിൽ അഭിനയിച്ചത്. അനിമേഷൻ എഞ്ചിനീയറായ ചന്ദ്രമണി ഝംഗാദ് ആണ് അമൃതയുടെ ഭർത്താവ്. 2022-ലായിരുന്നു ഇവരുടെ വിവാഹം.