തിരുവനന്തപുരം നഗരത്തിൽ നിരവധി റെസ്റ്റോറന്റുകളുണ്ട്. ഏറെ കാലപ്പഴക്കം ചെന്നവയും, ഏറ്റവും പുതിയതായി തുടങ്ങിയവയും അങ്ങനെ ഭക്ഷ്യശാലകളുടെ ലിസ്റ്റ് നീളുന്നു. എത്ര രുചികളാണ് ഈ ഒരു നഗരത്തിൽ ചുറ്റിക്കറങ്ങി തിരിയുന്നത്. രാവിലെ പുറത്തേക്കിറങ്ങുമ്പോൾ കാണുന്ന വഴി വാക്കിലെ ചായ കട മുതൽ വിശക്കുമ്പോൾ ഓടി ചെന്ന് കയറുന്ന ഹോട്ടൽ വരെ രുചിയുടെ പല മാനങ്ങൾ നമുക്ക് കാണിച്ചു തരും.
അറിയുന്നതും അറിയപ്പെടാത്തതുമായ അനേകം ഹോട്ടലുകളാണ് ഇവിടെയുള്ളത്. ഇവയിൽ ഫേമസ് ആകാത്ത പല കടകളിലും ഗംഭീര രുചിയായിരിക്കും. ആളുകൾ അധികമൊന്നും പുകഴ്ത്താത്ത എത്ര കടകളിലെ രുചിയാണ് നാവിനെ വീണ്ടും കൊതിപ്പിക്കുന്നത്. അങ്ങനെ അധികം ഫേമസ് അല്ലാത്ത 2 കടകളിലേക്കാണ് നമ്മൾ രുചി അറിയാൻ കയറി ചെല്ലുന്നത്
മസാല കഞ്ഞി
കൊച്ചാർ റോഡ് കയറി ചെമ്പുപടിപ്പുര എത്തുമ്പോൾ ചെറിയൊരു കട കാണാൻ സാധിക്കും. കടയുടെ അകത്തായി എന്നെ സഹായിച്ചവർക്കും,എന്നോട് സഹകരിച്ചവർക്കും നന്ദി എന്നൊരു ബോർഡ് ഉണ്ട്.കടയ്ക്ക് പ്രത്യകിച്ചും പേരൊന്നുമില്ല. വിജയണ്ണന്റെ കട എന്നാണ് അറിയപ്പെടുന്നത്. സ്ഥിരം വന്നു കുടിക്കുന്നവർ കഞ്ഞിക്കായി ഓർഡർ കൊടുത്തിട്ടു നിൽക്കുന്നുണ്ട്. തീരെ ചെറിയ കടയാണ്. ഒന്നോ രണ്ടോ ബെഞ്ചും ഡസ്ക്കും മാത്രമാണ് അവിടെയുള്ളത്. ബാക്കിയുള്ളവരൊക്കെ കഞ്ഞി നിന്നാണ് കുടിയ്ക്കുന്നത്
മസാല കഞ്ഞി, കൊണ്ടാട്ടം, പപ്പടവട, അച്ചാർ, ചുക്ക് കാപ്പി എന്നിവയാണ് ഇവിടുത്തെ സ്പെഷ്യൽ ഐറ്റംസ്.
മസാല കഞ്ഞി ഒരു വട്ടമെങ്കിലും കുടിച്ചിരിക്കേണ്ടതാണ്. ഇതിനെ ബിരിയാണി കഞ്ഞിയെന്നും വിളിക്കും. ബിരിയാണി മസാലയാണ് ഇവയിൽ ഉപയോഗിക്കുന്നത്. കഞ്ഞിക്കുള്ളിൽ രംഭ ഇല, പച്ചക്കറികൾ, ബീൻസ്, ക്യാരറ്റ്,നിലക്കടല തുടങ്ങി നിരവധി വിഭവങ്ങൾ ഉപയോഗിക്കും.
ബിരിയാണി കഞ്ഞി വളരെ അയവുള്ളതും കുടിക്കാൻ അത്രയും രുചികരമായതുമാണ്. പൊതുവെ കഞ്ഞി ഇഷ്ട്ടപെടാത്തവർക്കു പോലും ഇത് ഇഷ്ടപ്പെടും. ബിരിയാണി മസാലയുടെ ചെറിയ എരിവ് മാത്രമാണ് അനുഭവെപ്പടുക. ഒപ്പം പപ്പട വടയും, രണ്ടു തരത്തിലുള്ള അച്ചാറും[മാങ്ങാ, നാരങ്ങാ] , കൊണ്ടാട്ടവും [തൈര് മുളക്] ലഭിക്കും. ഇതെല്ലം കൂട്ടി ചേർത്തു കഴിക്കുമ്പോൾ നല്ലൊരു ഭക്ഷണം കഴിച്ചതിന്റെ എല്ലാ സംതൃപ്തിയും നമ്മൾ അനുഭവിക്കും. 40 രൂപ മാത്രമേ കഞ്ഞിക്ക് വിലയുള്ളൂ
ചിക്കൻ ഫ്രൈ
വള്ളക്കടവിലെ അനസ് ഹോട്ടലിൽ നല്ല രുചിയുള്ള ചിക്കൻ ഫ്രൈ ലഭിക്കും. ഇടയ്ക്ക് ഇത് വഴി പോകുന്നുണ്ടെങ്കിലോ, പച്ചവെളിച്ചെണ്ണയിൽ മൊരിഞ്ഞു പൊരിഞ്ഞ ചിക്കൻ ഫ്രൈ കഴിക്കുവാൻ ആഗ്രഹം തോന്നുമ്പോഴോ അനസ് ഹോട്ടലിലേക്ക് വരാവുന്നതാണ്. ചിക്കൻ മാത്രമല്ല ബീഫ് ഡ്രൈ ഫ്രൈ, റോസ്റ്റ്, ബീഫ് കറി, ടൊമാറ്റോ റോസ്റ്, എന്നിവയും ഇവിടെയുണ്ട്. ഒപ്പം കഴിക്കുവാൻ പൊറോട്ട, അപ്പം, പത്തിരി തുടങ്ങിയവയാണ് മെനുവിലുണ്ടാവുക.
ഇവിടുത്തെ സ്പെഷ്യൽ ചിക്കൻ ഫ്രൈയാണ്. തേങ്ങാ പീര, തേങ്ങാ കൊത്തു തുടങ്ങിയവയാണ് മസാലയിൽ ഉൾപ്പെട്ടിരിക്കുന്നത്.അമിത എരിവ് ഇല്ലാത്ത ചിക്കാനാണ്.
ചിക്കൻ ഫ്രൈ ചെയ്തു കോരുമ്പോൾ തന്നെ പച്ച വെളിച്ചെണ്ണയുടെ മണം ഹോട്ടലിൽ പരക്കും. ഇവിടുത്തെ ടൊമാറ്റോ ഫ്രയും വാങ്ങി പരീക്ഷിക്കാവുന്നതാണ്. നല്ല പുളിപ്പും ഏരിയും കുറച്ചു മധുരവും കലർന്ന രുചിയാണ് ടൊമാറ്റോ ഫ്രൈയുടെത്. ഇടിയപ്പത്തിനൊപ്പം ടൊമാറ്റോ ഫ്രൈ മികച്ച കൊമ്പോയാണ്. ബീഫിന്റെ വിഭവങ്ങളെല്ലാം പൊറോട്ടയ്ക്കൊപ്പം കഴിച്ചു നോക്കാവുന്നതാണ്, ബീഫ് വിഭവനകളിൽ ഏറ്റവും രുചി കൂടുതൽ ഡ്രൈ ഫ്രൈയ്ക്കാണ്
ഒരു കഞ്ഞി കുടിച്ചു റിലാക്സാകുവാൻ തോന്നുമ്പോഴോ, നല്ലൊരു ചിക്കൻ ഫ്രൈ കഴിക്കാൻ തോന്നുമ്പോഴോ ഇവിടങ്ങളിലേക്ക് പോകാം