തമിഴകത്തിന്റെ സ്വന്തം തലയ്ക്ക് ഇന്ന് 53-ാം പിറന്നാൾ: സമൂഹമാധ്യമങ്ങളിൽ വൈറലായി ശാലിനിയുടെ സർപ്രൈസ് ലക്ഷ്വറി ഗിഫ്റ്റ്

തമിഴകത്തിന്റെ സ്വന്തം തലയുടെ 53-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് ആരാധകർ. പിറന്നാൾ ദിനത്തിൽ താരത്തിന്റെ പ്രിയതമ ശാലിനി നൽകിയ സമ്മാനമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. യാത്ര ചെയ്യാൻ, പ്രത്യേകിച്ച് ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്ന അജിത്തിന് ഒരു ലക്ഷ്വറി ഡുക്കാറ്റി തന്നെ സമ്മാനമായി നൽകിയിരിക്കുകയാണ് ശാലിനി.

ബൈക്ക് ലവഴ്സിന്റെ ഇഷ്ട ബൈക്കുകളിൽ ഒന്നാണ് ഡുക്കാറ്റി. ബെർത്ത് ഡേ ഡെക്കേറഷനുകൾക്കിടയിലിരിക്കുന്ന ബൈക്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. അജിത്തിന് ബൈക്ക് യാത്രകളോടുള്ള ഇഷ്ടത്തെ കുറിച്ച് അദ്ദേഹത്തിന്റെ ആരാധകർക്ക് അറിയാം. മാത്രമല്ല, ഓൾ ഇന്ത്യ-ഇന്റർനാഷണൽ (മലേഷ്യയും ജെർമനിയും കൂടെ കൂട്ടി) ബൈക്ക് ട്രിപ്പ് താരം നടത്തിയിട്ടുണ്ട്.

2003-ലെ ഫോർമുല ഏഷ്യ ബിഎംഡബ്ല്യു ചാമ്പ്യൻഷിപ്പ്, 2010-ലെ എഫ്ഐഎ ഫോർമുല ടു ചാമ്പ്യൻഷിപ്പ് തുടങ്ങിയ ഇനങ്ങളിൽ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് ഇടവേള ലഭിക്കുന്ന സമയങ്ങളിലും ചിത്രീകരണത്തിൽ കാലതാമസം നേരിട്ട സമയത്തും അജിത്ത് റേസിങ്ങിലാണ് ആ സമയമെല്ലാം ചിലവഴിക്കുന്നത്.

‘വിടാ മുയർച്ചി’യാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം അജിത്തിന്റെ കരിയറിലെ പ്രധാന സിനിമയായിരിക്കും. ഈ സിനിമ കൂടാതെ മൈത്രി മൂവി മേക്കേഴ്സിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ ലൈനപ്പുകളിൽ ഒന്നാണ്. ആദിക് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം.