പണ്ടത്തെ വീടുകളിൽ മഞ്ചട്ടികളിലോ, കലങ്ങളിലോ പിറ്റേന്നും രാവിലത്തേക്കുള്ള ചോറ് വെള്ളമൊഴിച്ചിടും. കൃഷി സംസ്ക്കാരത്തിൽ നിലകൊള്ളുന്ന സാമൂഹിക വ്യവസ്ഥയായിരുന്നു കേരളത്തിന്റേത്. അത് കൊണ്ട് രാവിലെ പാടത്തും പറമ്പിലും പണിക്ക് പോകുമ്പോൾ നല്ല തണുത്ത പഴങ്കഞ്ഞി കുടിച്ചിട്ട് പോകും.
വീട്ടിൽ മുത്തശിമാരൊക്കെ ഉണ്ടെങ്കിൽ നമുക്ക് കേൾക്കാൻ സാധിക്കും; പണ്ട് പഴങ്കഞ്ഞി കുടിച്ചതിന്റെ ആരോഗ്യമാണിതെന്ന്.ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണം പഴങ്കഞ്ഞിയാണ്. പണ്ടൊക്കെ വീടുകളിൽ പഴങ്കഞ്ഞി വേണോന്ന് ചോദിച്ചാൽ എനിക്കൊന്നും വേണ്ട ദോശയും ഇഡ്‌ഡലിയുമൊന്നുമില്ലേ? എന്ന മറുചോദ്യം ചോദിക്കും. ഇപ്പോൾ പഴങ്കഞ്ഞി രുചിക്കുവാൻ പലരും കടകളിൽ ക്യുവിലാണ്.
തിരുവനന്തപുരത്തു നിരവധി പഴംങ്കഞ്ഞി കടകളുണ്ട്. എന്നാൽ ഏറ്റവും അടിപൊളിയെന്നു തോന്നിയത് കിള്ളിപ്പാലത്തെ പഴംങ്കഞ്ഞി കടയാണ്. ചെല്ലുമ്പോൾ കുറച്ചു തിരക്കൊക്കെ പ്രതീക്ഷിച്ചു പോയാൽ മതി കാരണം സ്ഥിരം ഉപഭോക്താക്കളുടെ വലിയൊരു നിര തന്നെ ഇവിടെയുണ്ട്. അത്യാവശ്യം സീറ്റിങ് കപ്പാസിറ്റയുള്ളൊരു കടയാണ്.
ചുട്ടു പൊള്ളുന്ന ഈ വെയിലത്ത് ഉള്ളം തണുപ്പിക്കാൻ ഏറ്റവും മികച്ച ഓപ്‌ഷൻ പഴങ്കഞ്ഞിയാണ്. മൺചട്ടിയിലാണ് പഴങ്കഞ്ഞി തരുന്നത്. ഇഞ്ചി, സവാള, മല്ലിയില, തൈര് ന്നിവയാണ് പഴംകഞ്ഞിയിലുണ്ടാവുക. തലേന്ന് ഇട്ട ചോറിൽ അതിരാവിലെയാണ് മറ്റു വിഭവങ്ങൾ ചേർക്കുന്നത്. രാവിലെ മുതൽ ഇരിക്കുന്നതിനാൽ തന്നെ പഴംകഞ്ഞിക്ക് നല്ല തണുപ്പുമുണ്ടാകും.
പഴങ്കഞ്ഞിയ്ക്ക് ഒപ്പം കപ്പ, പുളിശ്ശേരി, മാങ്ങ അച്ചാർ, പൈനാപ്പിൾ തൊടു കറി, ഉള്ളിച്ചമ്മന്തി, നെത്തോലി കരുവാട്, മീഞ്ചാറു തുടങ്ങിയവയുണ്ടാകും. വിവിധ തരത്തിലുള്ള ഫിഷ് ഫ്രൈയും ലഭ്യമാണ്. ഓരോ ദിവസവും ഓരോ മീനാണ് ഇവിടെ ലഭിക്കുന്നത്. ചാള, മത്തി, അയല എന്നിവയ്ക്കും സാധാരണയായി ലഭ്യമാകുന്നത്. ഫിഷ് ഫ്രൈക്ക് വീട്ടിലുണ്ടാക്കുന്ന അതെ രുചിയാണുണ്ടാവുക. ഒപ്പം സബോള ഫ്രൈ, സബോള സാലഡ് എന്നിവ ലഭിക്കും.
പഴങ്കഞ്ഞി എരിവും പുളിയും എല്ലാം ചേർന്നൊരു അടിപൊളി രുചിയാണ് നൽകുന്നത്. നല്ലൊരു ചൂടു സമയത്തു ഇത് നിങ്ങളുടെ വയറും മനസ്സും ഒരു പോലെ തണുപ്പിക്കും
വില വിവരങ്ങൾ
- പഴങ്കഞ്ഞി 100
- കൊഴിയാള ഫ്രൈ 90
- മീൻ കറി 80
ബന്ധപ്പെടേണ്ട നമ്പർ: 9633383139