FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്നത് ഒരു മുറിക്കകത്തായി നിരവധി വിവിപാറ്റ് യന്ത്രങ്ങൾ അടുക്കി വച്ചിരിക്കുകായും ഒരു യുവാവ് ഇതിലൊന്ന് തുറന്ന ശേഷം അതിനകത്തുള്ള സ്ലിപ്പുകൾ പുറത്തെടുത്ത് കറുത്ത നിറത്തിലുള്ള കവറിൽ നിറയ്ക്കുകയും ചെയ്യുന്നതാണ്. 1മിനുറ്റ് 45 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോയുടെ ആദ്യ ഭാഗത്ത് ഈ ദൃശ്യങ്ങൾ നിങ്ങളുടെ എല്ലാ ഗ്രുപ്പുകളിലേക്കും വ്യാപകമായി ഷെയർ ചെയ്ത് സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരണം എന്നൊരു കുറിപ്പും കൊടുത്തിട്ടുള്ളതായി കാണാം.

എന്നാൽ പരിശോധനയിൽ ഈ ദൃശ്യങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നതായി ആണ് മനസ്സിലാക്കുന്നത്. 2022 ഡിസംബർ 13-ന് ഇത് എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ ഭാവ്‌നഗർ മണ്ഡലത്തിലെ ഒരു സ്‌ട്രോങ് റൂമിൽ നിന്നുള്ളതാണ് ഈ ദൃശ്യം എന്നായിരുന്നു പോസ്റ്റിൽ.

തെരെഞ്ഞെടുപ്പിൽ അട്ടിമറി നടന്നു എന്ന തരത്തിൽ ദൃശ്യം പ്രചരിച്ചതോടെ ഭാവ്‌നഗർ ജില്ലാ കളക്ടർ ഇതിൽ മറുപടി പറഞ്ഞിരുന്നതയുള്ള വിവരവും ലഭ്യമാണ്. കളക്ടറുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ദൃശ്യങ്ങളടങ്ങിയ പോസ്റ്റിന് മറുപടി നൽകികൊണ്ട് പറഞ്ഞത് ‘ഇലക്ഷൻ കമ്മീഷൻറെ നിർദേശാനുസരണം വോട്ട് എണ്ണിയത്തിനു ശേഷം വിവപാറ്റ് സ്ലിപ്പുകൾ ഒരു കറുത്ത കവറിലാക്കി സീൽ ചെയ്യ്ത് വയ്ക്കും.

വിവിപാറ്റ് യൂണിറ്റ് മറ്റ് തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നതിന് വേണ്ടിയാണിതെന്നും ഇങ്ങനെ സിപ്പുകൾ എടുത്ത് മാറ്റുന്നതിൻറെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ഇതിൻറെ ഒരു കോപ്പി സ്‌ട്രോങ് റൂമിലും മറ്റൊന്ന് ബന്ധപ്പെട്ട ജില്ലാ ഇലക്ഷൻ ഓഫീസറുടെ സംരക്ഷണയിലും വയ്ക്കും’ എന്നാണ്.

വോട്ടെണ്ണലിന് ശേഷം വിവിപാറ്റ് പേപ്പർ സ്ലിപ്പുകൾ പുറത്തെടുക്കുന്നത് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷൻറെ നിർദേശങ്ങൾ പരിശോധിച്ചു. ഇത് പ്രകാരം, സ്ലിപ്പുകൾ വിവിപാറ്റ് ഡ്രോപ്പ് ബോക്‌സിൽ നിന്ന് പുറത്തെടുത്ത് പ്രത്യേക കറുത്ത കവറിലാണ് സൂക്ഷിക്കേണ്ടത്. റിട്ടേണിംഗ് ഓഫീസർക്ക് നൽകിയിരിക്കുന്ന ചുവന്ന മെഴുക് ഉപയോഗിച്ച് ഈ കവർ മുദ്രവയ്ക്കണം.

ഒരു പോളിംഗ് സ്റ്റേഷനിൽ ഒന്നിൽ കൂടുതൽ വിവിപാറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, ഓരോ ഡ്രോപ്പ് ബോക്‌സിലെയും സ്ലിപ്പുകൾ പ്രത്യേകം കവറുകളിലാണ് സൂക്ഷിക്കേണ്ടത്. തിരഞ്ഞെടുപ്പിന്റെ പേര്, പാർലമെന്ററി/അസംബ്ലി മണ്ഡലത്തിന്റെ പേര്, പോളിംഗ് സ്റ്റേഷന്റെ വിവരം, കൺട്രോൾ യൂണിറ്റിന്റെ സീരിയൽ നമ്പർ, വിവിപാറ്റ് യൂണിറ്റിന്റെ സീരിയൽ നമ്പർ, വോട്ടെടുപ്പ് തീയതി,വോട്ട് എണ്ണുന്ന തീയതി എന്നിവയും കവറിൽ രേഖപ്പെടുത്തണം. ഈ നടപടിക്രമങ്ങൾ വ്യക്തമായി ചിത്രീകരിക്കണമെന്നും ഇലക്ഷൻ കമ്മീഷന്റെ നിർദേശങ്ങളിലുണ്ട്.

ഇതിന് സമാനമായി, വീഡിയോയിൽ വിവിപാറ്റ് മഷീനിൽ നിന്നും പുറത്തെടുക്കുന്ന സ്ലിപ്പുകൾ കറുത്ത കവറിൽ ആണ് നിറയ്ക്കുന്നത്. സ്ലിപ്പുകൾ അടങ്ങിയ കവറുകൾ പ്രത്യേകമായി വച്ചിട്ടുണ്ട്. ഓരോ യന്ത്രങ്ങളിൽ നിന്നുമുള്ള ബാക്കി പേപ്പർ റോളുകളും ഇത്തരത്തിൽ പുറത്തെടുത്ത് ക്രമീകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മാത്രമല്ല ഇത് സൂക്ഷിക്കുന്നതിനുള്ള കറുപ്പ് നിറത്തിലുള്ള കവറുകൾക്ക് മുകളിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് പ്രത്യേക കോളം നൽകിയിരിക്കുന്നതും വ്യക്തമാണ്.

വീഡിയോ വൈറലായതോടെ ഈ പ്രചാരണം വ്യാജമാണെന്ന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടണ്ണലിന് ശേഷം നടക്കുന്ന നടപടിക്രമങ്ങളാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നും ഭാവ്‌നഗർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് എന്നുമാണ് കമ്മീഷൻ പോസ്റ്റിൽ പറയുന്നത്.

ഇതിൽ നിന്നും വിവിപാറ്റ് സ്ലിപ്പുകളിൽ അട്ടിമറി നടത്തുന്നു എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണ് എന്ന് വ്യക്തമാണ്

Latest News