തമിഴിലെ അരങ്ങേറ്റം ഗാനരംഗത്തിലൂടെയാകാൻ താത്പര്യമില്ല: ‘ഗോട്ടി’ലെ അവസരം വേണ്ടെന്നുവെച്ചു നടി ശ്രീലീല

തെലുങ്ക് യുവനിര നായികമാരില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ശ്രീലീല. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള അവസരങ്ങളാണ് താരത്തെ തേടി വരുന്നതും. തെലുങ്കില്‍ റാം പൊതിനേനി, നന്ദമുറി ബാലകൃഷ്ണ, പഞ്ജ വൈഷ്ണവ് തേജ്, നിതിന്‍ എന്നിവരുടെ നായികാ വേഷങ്ങളാണ് 2023 ല്‍ ശ്രീലീലയ്ക്ക് ലഭിച്ചത്. ഈ വര്‍ഷം മഹേഷ് ബാബുവിന്‍റെ വന്‍ ഹൈപ്പ് ഉയര്‍ത്തിവന്ന ചിത്രം ​ഗുണ്ടൂര്‍ കാരത്തിലെ നായികാവേഷവും. ഇന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടുന്ന തെലുങ്ക് സിനിമയിലെ ശ്രദ്ധേയ താരത്തെ തേടി തമിഴില്‍ നിന്നും ഒരു വന്‍ ചിത്രത്തിലെ അവസരം എത്തിയിരുന്നു. എന്നാല്‍ ശ്രീലീല അത് ഒഴിവാക്കുകയായിരുന്നു.

വെങ്കട് പ്രഭു-വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഗോട്ടിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിലൂടെ തെലുങ്ക് താരം ശ്രീലീല തമിഴ് സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ഒരു ഡാൻസ് രംഗത്തിനായാണ് ഗോട്ടിന്റെ അണിയറപ്രവർത്തകർ നടിയെ സമീപിച്ചത്.

എന്നാൽ വിജയ് ചിത്രത്തിലേക്കുള്ള അവസരം ശ്രീലീല ഒഴിവാക്കിയിരിക്കുകയാണ്. തമിഴ് അരങ്ങേറ്റം ഒരു ഗാനരംഗത്തിലൂടെയായിരിക്കരുതെന്നും ഒരു കഥാപാത്രം ചെയ്യണമെന്നുമാണ് നടിയുടെ തീരുമാനം. ഈ കാരണത്താലാണ് ശ്രീലീല ഗോട്ടിലെ അവസരം ഉപേക്ഷിച്ചത് എന്നാണ് റിപ്പോർട്ട്.

വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്റ്റംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.