ബിഗ് ബോസ് മലയാളം സീസൺ 6 ല്‍ ഒൻപതാം വാരത്തിലേക്കുള്ള പുതിയ ക്യാപ്റ്റനെ തീരുമാനിച്ചു. മുൻപുള്ള ആഴ്ചകളെ അപേക്ഷിച്ചു ചില സവിശേഷ അധികാരങ്ങളുള്ള ക്യാപ്റ്റൻ പദവിയാണ് വരാനിരിക്കുന്നതെന്ന് ദിവസങ്ങൾക്ക് മുൻപ് തന്നെ ബിഗ്‌ബോസ് മത്സരാർത്ഥികളെ അറിയിച്ചിരുന്നു. അക്കാരണത്താൽ തന്നെ പവർ ടീമും നിലവിലെ ക്യാപ്റ്റനുമൊക്കെ അടുത്ത വാരത്തിലെ ക്യാപ്റ്റൻസി ടാസ്കിനു വേണ്ടി മത്സരിക്കേണ്ടിയിരുന്നു. മുൻ മത്സരങ്ങളിൽ മറ്റു മൂന്ന് ടീമുകളേക്കാൾ പോയിന്റ് ടേബിളിൽ ഏറെ മുന്നിലായിരുന്നതിനാൽ ടണൽ ടീമിലെ നാല് അംഗങ്ങൾ തമ്മിലാണ് അവസാനത്തെ ക്യാപ്റ്റൻസി ടാസ്ക് മത്സരം നടന്നത്. ഋഷിയാണ് ഇതിൽ വിജയിച്ചു ക്യാപ്റ്റൻ ആയിരിക്കുന്നത്.
ഒരേസമയം വലിയ സാധ്യതയും അതേസമയം വെല്ലുവിളിയുമുള്ള ഒരു കസേരയാണ് ഋഷിക്ക് ലഭിച്ചിരിക്കുന്നത്. പവര്‍ ടീമില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കാം എന്നതാണ് ഋഷിക്ക് അടുത്ത വാരം ലഭിച്ചിരിക്കുന്ന വലിയ അധികാരങ്ങളില്‍ ഒന്ന്. പവര്‍ ടീമില്‍ ഉള്ളവരെ നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ല എന്നതിനാല്‍ത്തന്നെ അവര്‍ക്ക് ഒരു വാരം കൂടി ബിഗ് ബോസില്‍ സേഫ് ആയി നില്‍ക്കാനുള്ള അവസരമാണ് പവര്‍ ടീമില്‍ ഉള്‍പ്പെടുന്നതിലൂടെ ലഭിക്കുക.
14 വാരങ്ങള്‍ ഉള്ള ബിഗ് ബോസിലെ ഒന്‍പതാം വാരമാണ് അടുത്ത ആഴ്ച. അതായത് ഇനി അങ്ങോട്ടുള്ള ടീമുകളുടെ തരംതിരിവ് മുന്നോട്ടുള്ള ഗെയിമിനെ കാര്യമായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ഒരുപക്ഷേ ആ തരത്തിലുള്ള ഗെയിം ചെയ്ഞ്ചിംഗ് തന്നെയാവും ബിഗ് ബോസ് ഉദ്ദേശിക്കുന്നതും. എന്നാല്‍ ലഭിച്ചിരിക്കുന്ന അവസരം സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ പെട്ട ഋഷിയെയാണ് ക്യാപ്റ്റന്‍സി വിജയത്തിന് ശേഷം കണ്ടത്. പവര്‍ ടീമിനെ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്തില്ലെങ്കില്‍ അത് മിക്ക മത്സരാര്‍ഥികളുടെയും അപ്രീതിക്ക് ഇടയാക്കും എന്നതാണ് പ്രധാന വെല്ലുവിളി. അഭിഷേകിനോട് സംസാരിക്കവെ ശബ്ദം ഇടറിയെങ്കിലും തനിക്ക് ഇത് ചെയ്യാനാവുമെന്ന് പറയുന്ന ഋഷിയെയും പ്രേക്ഷകര്‍ കണ്ടു. ഋഷിയുടെ ടീം തിരിക്കലിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.