ചെന്നൈ: ‘ഉത്തമ വില്ലൻ’ സിനിമയുടെ നിർമാതാക്കളായ സംവിധായകൻ ലിംഗുസാമിയും സഹോദരൻ സുബാഷ് ചന്ദ്രബോസും നടൻ കമൽഹാസനെതിരേ പരാതിയുമായി രംഗത്ത്. ‘ഉത്തമ വില്ലൻ’ നഷ്ടമായപ്പോൾ ഉണ്ടായ കടം തങ്ങളുടെ മാത്രം ബാധ്യതയാക്കിയെന്നും കരാർലംഘനം നടത്തിയെന്നും ആരോപിച്ചാണ് തിരുപ്പതി ബ്രദേഴ്സ് എന്ന നിർമാണക്കമ്പനിയുടെ സാരഥികളായ ലിംഗുസാമിയും സഹോദരനും പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതി നൽകിയത്.
2015-ൽ പുറത്തിറങ്ങിയ ‘ഉത്തമവില്ലൻ’ പരാജയപ്പെട്ടശേഷം ഈ നിർമാണക്കമ്പനിയുമായി ചേർന്ന് 30 കോടി ബജറ്റിൽ മറ്റൊരു സിനിമയിൽ പ്രവർത്തിക്കുമെന്ന് കമൽ വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ലെന്ന് ലിംഗുസാമി ആരോപിച്ചു.
ചിത്രത്തിന്റെ തിരക്കഥ കമൽ പലപ്പോഴായി മാറ്റി. മലയാള ചിത്രമായ ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കിനായാണ് തിരുപ്പതി ബ്രദേഴ്സ് കമൽഹാസനെ സമീപിച്ചിരുന്നത്. എന്നാൽ, അദ്ദേഹം മറ്റൊരു നിർമാതാവുമായി കരാർ ഉറപ്പിച്ചു. ‘ഉത്തമ വില്ലൻ’ തങ്ങളെ വലിയ കടക്കെണിയിൽപ്പെടുത്തി.
ഒമ്പതുവർഷമായി കമൽ വാക്കുപാലിക്കാതെ മാറിനടക്കുകയാണെന്നും ലിംഗുസാമി ആരോപിച്ചു. കമൽഹാസന്റെ രചനയിൽ രമേഷ് അരവിന്ദ് സംവിധാനംചെയ്ത സിനിമയാണ് ‘ഉത്തമ വില്ലൻ’.