നമ്മൾ കയറി ചെല്ലുന്നത് ഒരു പഴയകാല കടയിലേക്കാണ്. ഇവിടുത്തെ ദൃശ്യങ്ങൾ ഏതൊരു യാത്രികനെയും, ഭക്ഷണ പ്രേമിയേയും കൊതിപ്പിക്കുന്നതാണ്. നമ്മൾ പണ്ടെങ്ങോ കണ്ടു മറന്നതും, ഇന്ന് വിരളമായി മാത്രം കാണാൻ കഴിയുന്നതുമായ ഒരു നാട്ടി പുറത്തെ കട. ശരിക്കും 90 കളിലെ സിനിമകളിൽ കാണുന്നത് പോലെയാണ് ഇവിടുത്തെ പരിസരം. നാട്ടു വർത്തമാനവും, ഗ്രാമത്തിന്റെ ഭംഗിയൊട്ടും വിട്ടു മറാത്ത റോഡും, ഇരുവശവും മരങ്ങളും. സിറ്റിയിലെ തിരക്കുകളിൽ നിന്ന് മാറി ഭക്ഷണം കഴിക്കാൻ തോന്നുന്ന സമയങ്ങളിൽ ഇങ്ങോട്ടേക്ക് വരാവുന്നതാണ്.
ഇത് ഉരൂട്ടമ്പലത്തിലെ ശ്രീകാന്ത് ഹോട്ടലാണ്. വളരെ ചെറിയൊരു കടയാണ്. നീലയും പച്ചയും കലർന്ന പെയിന്റ് അടിച്ചിരിക്കുന്ന, അന്തി ചർച്ചകൾക്ക് ഇടമൊരുക്കുന്ന എല്ലാവര്ക്കും പ്രിയപ്പെട്ട ഹോട്ടൽ. നമ്മൾ എന്തുകൊണ്ട് പോയ കടകളിലേക്ക് തന്നെ വീണ്ടും പോകുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? അവിടുത്തെ രുചി, ഭക്ഷണം, സ്ഥലം ഇവയൊക്കെയാണ് അവിടേക്ക് വീണ്ടും ആകർഷിക്കുന്ന ഘടകങ്ങൾ.
ഹോട്ടലിലിന്റെ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അത്രയും സുന്ദരമായൊരു കാഴ്ച കാണാൻ സാധിക്കും. രാവിലെയായാലും, വൈകിട്ടായാലും വൃത്താകൃതിയിലുള്ള ജനൽ പാളിയിൽ നിന്നും പ്രകാശം നേരെ അടുപ്പിലേക്ക് അടിക്കും. പണ്ട് ഓട് പൊട്ടിയ ഇടങ്ങളിൽ കൂടി പ്രകാശം കടന്നു വരുന്നത് എത്രയോ തവണ നോക്കി നിന്നിട്ടുണ്ട്.
ഇവിടെ പ്രധാനപ്പെട്ട വിഭവങ്ങളെല്ലാം വിറകടുപ്പിലാണ് തയാറാക്കുന്നത്. കലത്തിൽ തിളയ്ക്കുന്ന സാമ്പാറും, വലിയ ഉരുളിയിൽ ബീഫും കിടന്നു വേവുന്നുണ്ട്. ഒരു സൈഡിൽ പെറോട്ടയ്ക്കുള്ള ഒരുക്കത്തിലാണ്. മറുവശത്ത് ഓർഡർ അനുസരിച്ചു അപ്പം ചുട്ടു നൽകും.
ഇവിടുത്തെ രാവിലത്തെ മെനുവിൽ പുട്ട്, പയർ, പപ്പടം, അപ്പം, ദോശ, പൊറോട്ട, ചിക്കൻ, ബീഫ്, ചമ്മന്തി, കട കറി, കിഴങ്ങു കറി, മുട്ട കറി എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ഊണും വൈകിട്ട് ചായയും ഉണ്ടാകും. രാവിലത്തെ ബ്രേക്ക്ഫാസ്റ് കഴിക്കാൻ ഇവിടേക്ക് പോയാൽ ഒരേ സമയം നിരവധി വിഭവങ്ങൾ ട്രൈ ചെയ്യാവുന്നതാണ്.
രാവിലെ 11 30 വരെയാണ് ബ്രേക്ക്ഫാസ്റ് ലഭിക്കുന്നത്. വാഴയിലയിലാണ് ബ്രേക്ക്ഫാസ്റ് നല്ല ചൂട് ദോശ വാഴയിലയിലേക്ക് ഇടുമ്പോൾ തന്നെ രുചി നാവിനുള്ളിൽ കയറും.
ബീഫ് നാടൻ രീതിയിലാണ് വച്ചിരിക്കുന്നത്. അധികം എരിവോ, എണ്ണയോ അനുഭവപ്പെടില്ല. ബീഫ് ദോശയ്ക്കൊപ്പവും, പെറോട്ടയ്ക്കൊപ്പവും നല്ല കോമ്പോയാണ്. ഉച്ചയ്ക്കാണെങ്കിൽ ചോറിനൊപ്പം ചിക്കൻ തോരൻ ലഭിക്കും. നാവിലെ രുചികളെല്ലാം മാഞ്ഞു തുടങ്ങി എന്ന് തോന്നുമ്പോൾ ഇവിടേക്ക് കടന്നു വരാം. ശ്രീകാന്ത് ഹോട്ടലിലെ ബീഫ് ചെറുപ്പകാലത്ത് നിങ്ങൾ കഴിച്ചു മറന്ന വീട്ടിലെ രുചിയെ ഓർമ്മിപ്പിക്കും.