ബിഗ് ബോസിലെ ഏറ്റവും നാടകീയത നിറഞ്ഞ എപ്പിസോഡുകളായിരിക്കും എവിക്ഷന്‍ ദിനങ്ങളിലേത്. എന്നാല്‍ ചില മത്സരാര്‍ഥികള്‍ പുറത്താവുന്ന എപ്പിസോഡുകള്‍ കൂടുതല്‍ നാടകീയമാക്കാറുണ്ട് ബിഗ് ബോസ്. ഈ സീസണില്‍ അത്തരത്തില്‍ ഏറ്റവും സര്‍പ്രൈസ് നിറച്ച എവിക്ഷന്‍ ആയിരുന്നു ഇന്നലെ നടന്നത്. ഒന്‍പത് മത്സരാര്‍ഥികള്‍ ഇടംപിടിച്ച നോമിനേഷന്‍ ലിസ്റ്റില്‍ നിന്ന് ഗബ്രിയാണ് പുറത്തായത്. ഒന്‍പത് പേരുള്ള നോമിനേഷന്‍ ലിസ്റ്റില്‍ നിന്ന് മോഹന്‍ലാല്‍ നാല് പേരെ തെരഞ്ഞെടുത്തതിന് ശേഷമാണ് അവരില്‍ നിന്ന് ആരാണ് പുറത്താവുന്നതെന്ന് ബിഗ് ബോസ് അറിയിച്ചത്.
ഋഷി, നോറ, അഭിഷേക്, അര്‍ജുന്‍, സിജോ, ഗബ്രി, ജാസ്മിന്‍, ജിന്‍റോ, അന്‍സിബ എന്നിവര്‍ ചേര്‍ന്ന നോമിനേഷന്‍ ലിസ്റ്റില്‍ നിന്ന് ഋഷി, അന്‍സിബ, ഗബ്രി, ജാസ്മിന്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ ഇരുന്നോളാന്‍ മോഹന്‍ലാല്‍ ആദ്യം അറിയിച്ചു. ഈ അഞ്ച് പേര്‍ പക്ഷേ സേഫ് ആയിട്ടില്ല. ഇവരുടെ പ്രേക്ഷകവിധി ഇന്ന് പ്രഖ്യാപിക്കും. പിന്നീട് നാല് പേരോടും ഗാര്‍ഡന്‍ ഏരിയയിലേക്ക് പോകാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. അവിടെ വച്ചിരുന്ന സ്ക്രാച്ച് കാര്‍ഡില്‍ സേഫ് ആവുന്ന രണ്ട് പേരുടെ പേരുകള്‍ ഉണ്ടായിരിക്കുമെന്ന് ബിഗ് ബോസ് അറിയിച്ചു. അന്‍സിബയാണ് കാര്‍ഡ് സ്ക്രാച്ച് ചെയ്തത്. അന്‍സിബയുടെയും ഋഷിയുടെയും പേരുകളാണ് കാര്‍ഡില്‍ ഉണ്ടായിരുന്നത്. ഇരുവരും സേഫ് ആണെന്ന് ബിഗ് ബോസ് അറിയിച്ചു. അവശേഷിച്ച ഗബ്രി, ജാസ്മിന്‍ എന്നിവരോട് ആക്റ്റിവിറ്റി ഏരിയയിലേക്ക് പോകാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. അവിടെയുള്ള സ്ക്രീനില്‍ ഇരുവരുടെയും സുഹൃദ്ബന്ധത്തിന്‍റെ നിമിഷങ്ങള്‍ കാണിച്ചതിന് ശേഷമാണ് അന്തിമ പ്രഖ്യാപനം നടന്നത്. മുന്നിലുള്ള കര്‍ട്ടന്‍ വലിച്ച് നീക്കാന്‍ ഇരുവരോടും ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. മാറിയ കര്‍ട്ടന് പിറകിലുള്ള ബോര്‍ഡില്‍ എവിക്റ്റ് ആവുന്ന ആളുടെ പേര് ഉണ്ടായിരുന്നു. ഗബ്രിയുടെ പേരായിരുന്നു അത്.
ഗബ്രി തന്‍റെ എവിക്ഷന്‍ പ്രഖ്യാപനത്തെ സമചിത്തതയോടെയാണ് നേരിട്ടതെങ്കില്‍ ജാസ്മിന്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അതിനെ സ്വീകരിച്ചത്. ഇത് ശരിയല്ലെന്നും അവന്‍ (ഗബ്രി) നല്ലതുപോലെ കളിക്കുന്ന ആളാണെന്ന് ബിഗ് ബോസിന് അറിയാമെന്നുമൊക്കെ ജാസ്മിന്‍ പറയുന്നുണ്ടായിരുന്നു. ഏറെ പാടുപെട്ട് ഗബ്രി ജാസ്മിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ആക്റ്റിവിറ്റി ഏരിയയില്‍ നിന്ന് ജാസ്മിനോട് മാത്രമാണ് തിരികെ ഹാളിലേക്ക് പോകാന്‍ ബിഗ് ബോസ് പറഞ്ഞത്. രണ്ട് പേരും തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന സഹമത്സരാര്‍ഥികളുടെ മുന്നിലേക്ക് ജാസ്മിന്‍ മാത്രമാണ് എത്തിയത്. ഗബ്രി പോയെന്ന് ജാസ്മിന്‍ ആദ്യം പറഞ്ഞപ്പോള്‍ ആരും അത് വിശ്വസിച്ചില്ല. ജാസ്മിന്‍ റസ്മിനെ കെട്ടിപ്പിടിച്ച് കരയാന്‍ ആരംഭിച്ചതാണ് ഗബ്രിയുടെ എവിക്ഷന്‍ സത്യമാണെന്ന് മറ്റുള്ളവര്‍ തിരിച്ചറിഞ്ഞത്. പുറത്ത് ഗബ്രി ഉണ്ടോയെന്ന് നോക്കാന്‍ എല്ലാവരും പൊടുന്നനെ ഹാളിലെ സോഫയില്‍ നിന്ന് എണീറ്റു. എന്നാല്‍ ആക്റ്റിവിറ്റി ഏരിയയില്‍ നിന്ന് ഹൗസിന് പുറത്തേക്ക് കൊണ്ടുപോയ ഗബ്രിയെ കാണാന്‍ അവര്‍ക്ക് സാധിച്ചില്ല. പിന്നീടും കരയുകയായിരുന്ന ജാസ്മിനെ സമാധാനിപ്പിക്കാന്‍ സഹമത്സരാര്‍ഥികള്‍ ഏറെ പണിപ്പെടുന്നുണ്ടായിരുന്നു.