ഈ ചൂടുകാലത്ത് എന്തൊക്കെയാണ് ഒഴിവാക്കാന്‍ കഴിയുന്നത്. എന്തൊക്കെ ഒഴിവാക്കിയാലും ചായ മാത്രം മലയാളികള്‍ ഒഴിവാക്കില്ല. അത് ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉഷ്ണ തരംഗം ഭീഷണി ഉയര്‍ത്തുന്നത്, മലയാളിയുടെ ജീവിതശൈലിക്ക് കൂടിയാണ്.
ചായ, കാപ്പി പോലുള്ള ചൂട് പാനീയങ്ങള്‍ ഒഴിവാക്കുക എന്ന നിര്‍ദ്ദേശം മലയാളിയുടെ ചായശീലത്തെ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. കൂട്ടുകാരുമായി ഒത്തുകൂടുമ്പോഴും യാത്ര പോകുമ്പോഴും അതുമല്ലെങ്കില്‍, വീട്ടുകാരുമായി ഒന്നിച്ചിരിക്കുമ്പോഴുമൊക്കെ, എന്നാ പിന്നെ ഒരു ചായ കുടിച്ചാലോ എന്ന ചോദ്യം കേള്‍ക്കാത്ത ഒരു മലയാളി പോലും ജീവിച്ചിരിപ്പുണ്ടാവില്ല.
ആചോദ്യത്തില്‍, സ്‌നേഹത്തിന്റെയും കരുതലിന്റെയും പൊള്ളാത്ത ചൂട് വ്യക്തമാണ്. ചായക്കടകളിലെ രാഷ്ട്രീയ സാമൂഹിക ചര്‍ച്ചകളിലൂടെ ഉണ്ടായി വന്നിട്ടുള്ള പല മാറ്റങ്ങളും മലയാളിയും ചായയും തമ്മിലുള്ള ബന്ധത്തെ ദൃഢമാക്കുന്നതാണ്. അവയില്‍ ചായക്കടകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഒരു ചൂടന്‍ ചായയും കൈയ്യില്‍പ്പിടിച്ച് മറു കൈയ്യില്‍ ദിനപത്രവും പിടിച്ച് ചുറ്റിനുമിരിക്കുന്നവരോട് ചൂടോടെ കേരള രാഷ്ട്രീയം പങ്കു വെയ്ക്കുന്ന നാട്ടിന്‍പുറങ്ങള്‍ ഇന്നും ഗൃഹാതുര ഓര്‍മ്മയാണ്.
സമാബറില്‍ തിളച്ചു കിടക്കുന്ന വെള്ളവും, അതിനു മുകളില്‍ ആവിയില്‍ പുഴുങ്ങുന്ന തേയിലപ്പൊടിയുടെ ചെറിയ സഞ്ചിയും, പിന്നെ തിളച്ചു പാടകെട്ടാത്ത പാലും, കണക്കിന് പഞ്ചസാരയും ചേര്‍ത്തൊരു ചായയെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ ഉന്‍മേഷം കൂടും.
തൃശ്ശൂരിലെ ചായക്കടകളില്‍ സ്ഥിരം കാണുന്ന കൂട്ടങ്ങള്‍ ഇപ്പോള്‍ കുറവാണ്. ഇടനേരങ്ങളില്‍ ചായയുടെ ചെലവിനും കുറവ് സംഭവിച്ചിട്ടുണ്ട്. ചൂടുകാരണം ഇപ്പോള്‍ ചായക്ക് പുറമേ സംഭാരവും സര്‍ബത്തും ഒക്കെ വിറ്റു തുടങ്ങുന്നുണ്ട്.
കുപ്പിവെള്ളത്തിനും നല്ല ചെലവാണ്. ചായ വില്‍പ്പന കുറഞ്ഞെങ്കിലും തണുത്ത പാനീയങ്ങള്‍ ഉള്ളതുകൊണ്ട് പലര്‍ക്കും വിറ്റുവരവില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെങ്കിലും പണ്ടത്തെ പോലെ അത്ര ക്ലച്ചില്ല കച്ചവടത്തിന്. ചൂട് കൂടിയതുകൊണ്ട് ജോലി കുറവായതും കച്ചവടത്തിനെ ബാധിച്ചിട്ടുണ്ട്. പുതിയ പലഹാരങ്ങളൊക്കെ പരീക്ഷിച്ച് വിപണിയില്‍ കൊണ്ടുവരാനുള്ള സാധ്യതകള്‍ നോക്കുകയാണ് കച്ചവടക്കാര്‍. ചായക്കടകളില്‍ സ്ഥിരമായി ഒത്തുകൂടുന്നവര്‍ക്ക് ഇടനേരങ്ങളില്‍ ഒത്തുകൂടാനുള്ള ഒരിടമാണ് വേനല്‍ക്കടുത്തപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.