Bigg Boss Malayalam Season 6: ബിഗ് ബോസ് വീട് ഇളക്കിമറിച്ച് സാബുമോൻ: നോറയെ ഉന്നമിട്ട് പ്രാങ്ക്: പിന്നീട് കളി കാര്യമായി

ബിഗ് ബോസ് മലയാളം സീസണ്‍ 6 അതിന്‍റെ ഒന്‍പതാം വാരത്തിലൂടെ മുന്നോട്ട് പോവുകയാണ്. ബിഗ് ബോസിലെ ക്ലാസിക് ടാസ്കുകളില്‍ ഒന്നായ ഹോട്ടല്‍ ടാസ്കിന് ഇന്ന് ആരംഭമായി. ഈ ടാസ്കിലെ അതിഥിയായി സീസണ്‍ 1 ലെ ടൈറ്റില്‍ വിജയി സാബുമോന്‍ അബ്ദുസമദും ഹൗസിലേക്ക് എത്തി. ചില മത്സരാര്‍ഥികളെക്കൊണ്ട് സാബു നടത്തിയ ഒരു പ്രാങ്ക് ഇന്ന് ബിഗ് ബോസ് ഹൗസിനെ ബഹളമയമാക്കി. പ്രേക്ഷകരെ സംബന്ധിച്ച് രസകരമായ കാഴ്ചയായിരുന്നു ഇത്.

അതിഥിയായി എത്തിയ സാബുമോന് താമസിക്കാന്‍ സ്വന്തം മുറി നല്‍കിയത് ടണല്‍ ടീം ആയിരുന്നു. ശരണ്യ, അപ്സര, നന്ദന, സായ് എന്നിവരാണ് നിലവില്‍ ടണല്‍ ടീമില്‍ ഉള്ളത്. അതിഥിക്കായി കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ഡ്യൂട്ടിയായിരുന്നു ടണല്‍ ടീമിന് ഹോട്ടല്‍ ടാസ്കില്‍ ഉള്ളത്. തനിക്ക് താമസസ്ഥലം ഒരുക്കിയ ടണല്‍ ടീമിനോട് തനിക്കുവേണ്ടി ഒരു പ്രാങ്ക് അവതരിപ്പിക്കാമോയെന്ന് സാബു ചോദിച്ചു. ഒരു കാരണം ഉണ്ടാക്കിക്കൊണ്ട് നോറയെ പ്രകോപിപ്പിക്കുക എന്നതായിരുന്നു ആശയം. അതിഥിക്ക് മുന്നില്‍ പാട്ടും ഡാന്‍സുമൊക്കെ അവതരിപ്പിച്ചുകൊണ്ടിരുന്ന ടണല്‍ ടീം ബഹളം വെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പവര്‍ ടീം അംഗമായ നോറ അനാവശ്യമായി ഇടപെട്ടെന്ന് ആരോപിച്ച് പ്രാങ്ക് ചെയ്യാനായിരുന്നു ആവശ്യം. ടണല്‍ ടീം സാബു ആവശ്യപ്പെട്ടതുപോലെ ചെയ്യുകയുമുണ്ടായി.

എന്നാല്‍ നോറയെ ലക്ഷ്യം വച്ച ഈ പ്രാങ്ക് കൊണ്ടത് ക്യാപ്റ്റനായ ഋഷിക്കാണ്. പ്രാങ്കിനിടെ അപ്സരയെ ഋഷി പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു. അപ്സര നടത്തുന്നത് മുഴുവന്‍ അഭിനയമാണെന്നും ആദ്യദിനം മുതല്‍ താന്‍ അത് കാണുന്നതാണെന്നും ഋഷി പറഞ്ഞു. നിനക്ക് അഭിനയിക്കാന്‍ കഴിയാത്തത് എന്‍റെ കുഴപ്പമാണോ എന്ന് അപ്സര തിരിച്ചു ചോദിച്ചത് ഋഷിക്ക് വലിയ പ്രകോപനമായി. താന്‍ വര്‍ഷങ്ങളായി അഭിനയരംഗത്തുള്ള ആളാണെന്നും അതിനെ അപമാനിക്കരുതെന്നും ഋഷി പറയുന്നുണ്ടായിരുന്നു. പ്രാങ്ക് അവസാനം താന്‍ തന്നെ അവസാനിപ്പിക്കാമെന്ന് സാബു ആദ്യമേ ടണല്‍ ടീമിന് ഉറപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച് സാബു അത് വന്ന് പറഞ്ഞെങ്കിലും ഋഷിക്ക് അത് സ്വീകാര്യമായില്ല. അപ്സര പറഞ്ഞത് തനിക്ക് വ്യക്തിപരമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന നിലപാടിലായിരുന്നു ഋഷി. എന്തായാലും സീസണിലെ ആദ്യ ചലഞ്ചര്‍ എത്തിയ ദിവസം ബഹളമയമായിരുന്നു ബിഗ് ബോസ് ഹൗസ്.