ബ്രിട്ടീഷ് നടനും ‘ഗെയിം ഓഫ് ത്രോൺസ്’ താരവുമായ അയാൻ ​ഗെൽഡർ അന്തരിച്ചു

പ്രശസ്ത ബ്രിട്ടീഷ് നടൻ അയാൻ ​ഗെൽഡർ (74) അന്തരിച്ചു. അർബുദ ബാധയേത്തുടർന്നാണ് അന്ത്യം. ജീവിതപങ്കാളിയും സഹതാരവുമായ ബെൻ ഡാനിയൽസ് ഇൻസ്റ്റാ​ഗ്രാമിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ​ഗെയിം ഓഫ് ത്രോൺസ് എന്ന വെബ് സീരീസിലെ കെവാൻ ലാനിസ്റ്റർ എന്ന വേഷം അവിസ്മരണീയമാക്കിയ നടനായിരുന്നു ​ഗെൽഡർ.

കഴിഞ്ഞദിവസം പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ​ഗെൽഡറിന്റെ മരണം സംഭവിച്ചത്. തൻ്റെ പ്രിയപ്പെട്ട ഭർത്താവും ജീവിത പങ്കാളിയുമായ അയാൻ ഗെൽഡറിൻ്റെ വേർപാട് അറിയിക്കാൻ താൻ ഈ പോസ്റ്റ് ഇടുന്നത് വലിയ സങ്കടത്തോടെയും ദശലക്ഷക്കണക്കിന് കഷണങ്ങളായി തകർന്ന ഹൃദയത്തോടെയുമാണെന്ന് ബെൻ ഡാനിയൽസ് കുറിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ ​ഗെൽഡർ അർബുദത്തോട് പോരാടുകയായിരുന്നുവെന്നും ഡാനിയൽസ് കുറിച്ചു. കഴിഞ്ഞ 30 വർഷമായി ഇരുവരും ജീവിത പങ്കാളികളാണ്.

ഈ വർഷമാദ്യം ബിബിസി വണ്ണിന്റെ പീരിയോഡിക്കൽ ഡിറ്റക്ടീവ് സീരീസായ ഫാദർ ബ്രൗണിൽ ​ഗെൽഡർ വേഷമിട്ടിരുന്നു. ടോർച്ച് വുഡ്, ഹിസ് ഡാർക്ക് മെറ്റീരിയൽസ്, ഡോക്ടർ ഹു, സ്നാച്ച്, ദ ബിൽ തുടങ്ങിയ പരമ്പരകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. നിരവധി പേരാണ് ​ഗെൽഡറിന് ആദരാഞ്ജലികളർപ്പിച്ച് എത്തിയത്.