നല്ല ചതച്ച കാന്താരിയുടെ വാസന കയറി ചെല്ലുമ്പോഴേ ഓരോരുത്തരെയും വരവേൽക്കും. തിരുവനന്തപുരത്തു സീഫുഡ് സംസ്ക്കാരം ഫേമസ് ആകുവാൻ തുടങ്ങിയിട്ട് ഏകദേശം മൂന്നു വർഷത്തോളം മാത്രമേ ആയിട്ടുള്ളു. അതിനു മുൻപും സീഫുഡിന് തിരുവനന്തപുരത്തു അനവധി ഓപ്ഷനുകൾ ഉണ്ടായിരുന്നു. എന്നാൽ സോഷ്യൽ മീഡിയാസിൽ റീല് കണ്ടും, ഫോട്ടോകൾ കണ്ടും ആളുകൾ സീഫുഡ് തേടിയെത്തി. എവിടെയാണ് ഏറ്റവും കൂടുതൽ സീ ഫുഡ് കിട്ടുകയെന്നത് എടുത്തു പറയേണ്ടല്ലോ. സീഫുഡിന്റെ കലവറയാണ് വിഴിഞ്ഞം.
വിഴിഞ്ഞത്തു വന്നാൽ എവിടെ നിന്നും ഭക്ഷണം കഴിക്കാം എന്ന് കൺഫ്യുഷനിലാകും. അത്രയ്ക്കും ഓപ്ഷനുകളാണ് ഓരോ ഭക്ഷണ പ്രേമിയേയും ഇവിടെ കാത്തിരിക്കുന്നത്. ഭക്ഷണം കഴിക്കാൻ കയറിയത് വിഴിഞ്ഞത്തെ ഇഫ്താർ ഹോട്ടലിലേക്കാണ്. ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി 11 വരെയാണ് ഇഫ്താറിന്റെ സമയം.ചുവരിൽ പല നിറത്തിലുള്ള ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ചായ ഒഴിക്കുന്ന ചായക്കടക്കാരനും, മീൻ ഫ്രൈ ചെയ്യുന്ന പാചകക്കാരനും തുടങ്ങി അങ്ങുമിങ്ങുമായി ചിത്രങ്ങൾ അനവധിയുണ്ട്.
ഇഫ്താറിൽ ആവശ്യക്കാർ ഏറെയുള്ള വിഭവം പൊരിച്ച മീനാണ്. 18 തരം മസാലകൾ ചേർത്താണ് ഈ മീൻ ഫ്രൈ ചെയ്തെടുക്കുന്നത്. ആദ്യം തിളച്ച എണ്ണയിലേക്ക് മസാല തേച്ചു വച്ച മീൻ ഇടും, പകുതി വേവ് ആകുമ്പോഴേക്കും ചുവന്ന മുളക് ചേർത്ത മറ്റൊരു മസാല കൂട്ട് കൂടി ചേർക്കും. മീൻ ഒരുപാടു ഡീപ്പ് ഫ്രൈ അല്ല. മസാലയുടെയും നല്ല ഫ്രഷ് മീനിന്റെയും രുചി ആസ്വദിക്കുവാൻ സാധിക്കും. ചിലയിടങ്ങളിൽ മീൻ ഫ്രൈ ചെയ്തു തരുമ്പോൾ ഭൂരി ഭാഗവും മസാലയുടെ രുചിയായിരിക്കും. എന്നാൽ ഇവിടെ തനതു മീൻ ഫ്രൈയുടെ രുചി ആസ്വദിക്കുവാൻ കഴിയും.
എല്ലാവര്ക്കും പ്രിയപ്പെട്ട മറ്റൊരു വിഭവം നെയ്മീൻ മുട്ടയാണ്. സ്പഷ്യൽ മസാല ചേർത്ത് നെയ്മീൻ മുട്ട ഫ്രൈ ചെയ്തു തരും. ഇവിടുത്തെ തലക്കാരിയുടെ രുചി എടുത്തു പറയേണ്ടതാണ്. കൊഴുപ്പുള്ള ചാറിൽ കിടന്നു തലയുടെ എല്ലാ ഭാഗങ്ങളിലേക്കും മസാലയും വെളുത്തുള്ളിയും ഇരച്ചു കയറും. രുചി അസാധ്യമാണ്. ഓരോ ഭാഗങ്ങൾ കഴിക്കുമ്പോഴും രുചി മുകുളങ്ങൾ ഉഷാറാകും.
ഞണ്ടു മസാല, ചുട്ട കോഴി, ഫിഷ് ഗ്രിൽ, ചിക്കൻ ഫ്രൈ, ആവോലി ഫ്രൈ തുടങ്ങി പറഞ്ഞാലും കഴിച്ചാലും തീരാത്ത നിരവധി വിഭവങ്ങൾ ഇവിടെ ലഭിക്കും. ഒറൊട്ടി, ചപ്പാത്തി, കോയിൻ പൊറോട്ട തുടങ്ങിയ ബ്രഡുകളാണ് ലഭ്യമായിട്ടുള്ളത്. കീശയിൽ ഒതുങ്ങുന്ന വിലയാണ് എല്ലാത്തിനും. എപ്പോഴെങ്കിലും നല്ലൊരു സീഫുഡ് ആസ്വദിക്കണമെന്നു തോന്നുന്നുണ്ടെങ്കിൽ ഇങ്ങോട്ടേക്ക് വരാം