ബ്രെയിൻ ഈറ്റർ എന്നറിയപ്പെടുന്ന നേഗ്ലെറിയ ഫൗലേറി ( Naegleria fowleri ) വിഭാഗത്തിൽ പെടുന്ന അമീബ തലച്ചോറിൽ എത്തുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. ഈ അവസ്ഥയെ അമീബിക് മസ്തിഷ്ക ജ്വരം എന്നറിയപ്പെടുന്നു.
രോഗകാരിയായ അമീബ എങ്ങനെ ശരീരത്തിലെത്തുന്നു?
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ, മൂക്കിനുള്ളിലേക്ക് വെള്ളം ആക്കുകയോ ഒക്കെ ചെയ്യുന്നതിലൂടെയാണ് ഈ അമീബ തലച്ചോറിലെത്തുന്നത്.
രോഗകാരിയായ അമീബ ഉള്ള മലിനജലം മൂക്കിനുള്ളിലേക്ക് കടക്കുന്നതു വഴി മാത്രമാണ് രോഗബാധയുണ്ടാകുന്നത്. ഇത്തരം അമീബ ഉള്ള വെള്ളം കുടിക്കുന്നത് പ്രശ്നകരമല്ല എന്നു മാത്രമല്ല, ഇത് മനുഷ്യനിൽനിന്ന് മനുഷ്യരിലേക്ക് പകരുന്നവയുമല്ല. സാധാരണ ഇത്തരം അമീബകൾ ചൂടുള്ള കാലാവസ്ഥയിലാണ് കാണപ്പെടാറുള്ളത്. തണുപ്പുകാലത്ത് അവ പ്രകടമായതിനു പിന്നിലെ കാരണം കണ്ടെത്തുന്നതിനായി വിദഗ്ധ പരിശോധന നടത്തേണ്ടിവരും.
സാധാരണയായി അമീബ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങൾ വയറിളക്കമോ കരളിന് പഴുപ്പോ ഒക്കെയാണ്. അണുബാധയുള്ള ഭക്ഷണങ്ങൾ ശരീരത്തിൽ എത്തുക വഴിയാണ് ഈ രോഗങ്ങൾ ബാധിക്കുക. എന്നാൽ ഇവിടെ തലച്ചോറിലെ നീർക്കെട്ടിനു കാരണമാകുന്ന അമീബ ശരീരത്തിലെത്തുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്.
എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?
അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്കത്തിലെ കോശങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയും നീർക്കെട്ട് വരികയുമാണ് ചെയ്യുന്നത്. ഇത് ഗുരുതരമാകുകയും ഒടുവിൽ മസ്തിഷ്ക മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്. ജപ്പാൻ ജ്വരം, നിപ്പ പോലുള്ള രോഗങ്ങള്‍ പിന്നീട് മസ്തിഷ്ക ജ്വരമാകുന്നവയാണ്. അത്തരത്തിൽ അമീബ മൂലം മസ്തിഷ്കജ്വരം വരുന്ന അവസ്ഥയാണിത്. വളരെ അപൂർവമായി മാത്രമേ അമീബ മനുഷ്യരിൽ രോഗം ഉണ്ടാക്കാറുള്ളു. പല തരം അമീബകൾ രോഗകാരികൾ ആവാമെങ്കിലും നേഗ്ലെറിയ ഫൗലേറി പോലുള്ളവയാണ് മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്നത്.
ലക്ഷണങ്ങളും രോഗനിർണയവും
രണ്ടു ഘട്ടങ്ങളായാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടമാവുക. ആദ്യഘട്ടത്തിൽ പനി,തലവേദന, ഛർദി മുതലായവയാണ് കാണിക്കുക. പക്ഷേ പല പനിക്കും ഈ രോഗലക്ഷണങ്ങൾ കാണുന്നതുകൊണ്ടുതന്നെ ആരും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കില്ല. രണ്ടാംഘട്ടത്തിലേക്ക് പോകുമ്പോൾ അണുബാധ തലച്ചോറിനെ കൂടുതലായി ബാധിക്കുകയും അപസ്മാരം, ഓർമ നഷ്ടമാകൽ തുടങ്ങിയവ ഉണ്ടാവുകയും ചെയ്യും. ഈ ഘട്ടത്തിൽ മാത്രമാണ് തലച്ചോറിനെ അണുബാധ ബാധിച്ചതായി സംശയിക്കുകയും തുടർ പരിശോധനയിലൂടെ രോഗനിർണയം നടത്തുകയും ചെയ്യുക.
പ്രതിരോധം എപ്രകാരം?
കെട്ടിക്കിടക്കുന്ന വെള്ളം, വൃത്തിയില്ലാത്ത വെള്ളം, മൂക്കിലൂടെയും മറ്റും വെള്ളമൊഴിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇത്തരം അമീബ ശരീരത്തിലെത്തുക. അതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക, രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്ത് കൂടുതൽ നിരീക്ഷണം നടത്തുക എന്നിവ പാലിക്കേണ്ടത് പ്രധാനമാണ്