അമ്മയാകാനുള്ള യാത്ര ആഘോഷിക്കുന്ന ഗര്‍ഭിണികളായ സ്ത്രീകളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടുകള്‍ ഇന്ന് സര്‍വ്വസാധാരണമാണ്. ജനിക്കാൻ പോകുന്ന കുഞ്ഞിനോടുള്ള സ്നേഹവും കാത്തിരിപ്പും കരുതലും ഒത്തുചേർന്നതാണ് ഇത്തരം ചിത്രങ്ങള്‍. അത്തരത്തിൽ ഒരു വെറൈറ്റി ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുഞ്ഞുജീവനെ പൊതിഞ്ഞു പിടിച്ച് പുഞ്ചിരിതൂകുന്ന ശരണ്യയും അവളുടെ സന്തോഷച്ചിരിയുമാണ് ഇപ്പോള്‍ സോഷ്യൽമീഡിയിലാകെ വൈറല്‍. വയനാട് മുട്ടിൽ പഴശ്ശി കോളനിയിലെ ഗോത്ര വിഭാഗമായ ‘പണിയ’ സമുദായത്തിൽ നിന്നുള്ള ശരണ്യയാണ് സോഷ്യൽമീഡിയിലാകെ നിറഞ്ഞ് നില്‍ക്കുന്നത്.
ആതിര ജോയിയാണ് ശരണ്യയുടെ ജീവിതത്തിലെ സുന്ദരമായ നിമിഷത്തിന് ജീവൻ പകർന്നത്. ഒരുപാട് സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നില്ല ശരണ്യയെന്നും എന്താ ആഗ്രഹം എന്ന് ചോദിക്കുമ്പോൾ അവള്‍ പറഞ്ഞ മറുപടി കണ്ണുനനയിച്ചെന്നും ആതിര പറയുന്നു. ചോറു കഴിക്കണം കൂട്ടിന് സാമ്പാർ വേണം ചിക്കൻ വേണം എന്നൊക്കെയായിരുന്നു ശരണ്യയുടെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ. കുഞ്ഞാവ വരവറിയിക്കുമ്പോഴേ ജ്യൂസും ന്യൂട്രീഷ്യസ് ഫുഡും ഫാസ്റ്റ് ഫുഡും കെഎഫ്സിയുമൊക്കെ ആഗ്രഹിക്കുന്ന നമ്മുടെ ആഗ്രഹങ്ങൾക്കു മുന്നിൽ എത്ര ചെറുതാണ് അവയെല്ലാമെന്നും ആതിര പറയുന്നു.
ആതിരയുടെ കുറിപ്പ്
നക്ഷത്രങ്ങൾക്കിടയിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന ഒരുവൾ. ഉയിരോട് ചേർന്ന് പൈതൽ. പൊള്ളുന്ന യഥാർഥ്യങ്ങൾക്കിടയിലെ ചില അടയാളപ്പെടുത്തല് വേനലിൽ പൂക്കുന്ന ഗുൽമോഹർ പോലെ മനോഹരമായിരിക്കും.
വയനാട്ടിലെ ഗോത്ര വിഭാഗമായ ‘പണിയ’ സമുദായത്തിൽ നിന്നുള്ള ശരണ്യയാണ് ചിത്രത്തിന്റെ മോഡൽ. ഇവരെ introduce ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം.