Health

ഭക്ഷണം കഴിച്ച ശേഷം ഉറക്കം വരുന്നതിനെ നിസാരമായി കാണല്ലേ; സൂക്ഷിച്ചില്ലെങ്കിൽ പണി ഉറപ്പ്!

അമിതമായ മയക്കമോ ക്ഷീണമോ ഫുഡ് കോമ എന്നറിയപ്പെടുന്നു

വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം ഒരു മയക്കം കൂടി കിട്ടിയാൽ കുശാൽ ആയല്ലേ.. ഊണ് കഴിഞ്ഞാൽ ഒരുറക്കം പലർക്കും പതിവാണ്. എന്നാൽ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് പലർക്കും അറിയില്ല. അമിതമായി ഭക്ഷണം കഴിച്ചാൽ ഉറങ്ങാൻ തോന്നുന്നതിനെ വളരെ സ്വാഭാവികമായാണ് പലരും കാണുന്നത്. എന്നാൽ ഈ അവസ്ഥ ‘ഫുഡ് കോമ ‘ എന്നാണ് അറിയപ്പെടുന്നത്.

ഭക്ഷണം കഴിച്ചതിനുശേഷം അല്‍പ്പം ക്ഷീണം അനുഭവപ്പെടുന്നത് സാധാരണമാണെന്നാണ് വിലയിരുത്തുന്നത്. എന്നിരുന്നാലും, ചില സാഹചര്യങ്ങളില്‍ ഈ ക്ഷീണം അപകടകരമാകും. പ്രത്യേകിച്ച് ജോലി ചെയ്യുമ്പോഴോ പഠിക്കുമ്പോഴോ അത് അസൗകര്യമുണ്ടാക്കും. വാഹനമോടിക്കുമ്പോഴും മറ്റും ഇത് അപകടകങ്ങളുമുണ്ടാക്കാം. അതിനാൽ ‘ഫുഡ് കോമ’ ഒഴിവാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

ഫുഡ് കോമ എന്നാൽ എന്ത് ?

അമിതമായി ഭക്ഷണം കഴിക്കുമ്പോൾ ദഹന പ്രക്രിയ നടത്താൻ ഊർജ്ജം ആവശ്യമാണ്. തൽഫലമായി, ദഹനവ്യവസ്ഥയിലേക്കുള്ള രക്തയോട്ടം മാറുന്നു, ഇത് തലച്ചോറിലേക്കുള്ള രക്തവും ഓക്സിജനും കുറയുന്നതിന് ഇടയാക്കും, ഇത് ക്ഷീണമോ മയക്കമോ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഒരു വലിയ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള അമിതമായ മയക്കമോ ക്ഷീണമോ ഫുഡ് കോമ എന്നറിയപ്പെടുന്നു. അലസത, മയക്കം, ഭാരക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഫുഡ് കോമയുടെ സാധാരണ സൂചകങ്ങളാണ്.

ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്?

പ്രഭാതഭക്ഷണം കഴിക്കാത്തവരിലാണ് കൂടുതലായി ഫുഡ് കോമ കണ്ടുവരുന്നതെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ അമിത ഭക്ഷണമാണ് മറ്റൊരു കാരണം. അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷവും ആളുകളില്‍ ഫുഡ് കോമ അനുഭവപ്പെടാറുണ്ട്.

കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് , പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണം, ഉറക്ക ഹോര്‍മോണുകളിലെ വ്യത്യാസം എന്നിവയും ഫുഡ് കോമയ്ക്ക് കാരണമായേക്കാം

ഫുഡ് കോമ എത്ര നേരം നിലനില്‍ക്കും?

ഫുഡ് കോമ 4 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും എന്നാണ് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് പ്രകാരം ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകളോളം നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടാം.

ഫുഡ് കോമ തടയാനുള്ള വഴികൾ എന്തൊക്കെയാണ്?

1. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. സമീകൃതാഹാരം ശീലമാക്കുക.

2. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക. മദ്യം ഒരു കേന്ദ്ര നാഡീവ്യൂഹം ഡിപ്രസൻ്റാണ്, കൂടാതെ ഫുഡ് കോമയ്ക്ക് കാരണമാകുന്ന മറ്റ് ഘടകങ്ങളുടെ സെഡേറ്റീവ് ഇഫക്റ്റുകൾ വർദ്ധിപ്പിക്കാനും കഴിയും.

3. വെള്ളം, ചായ, ജ്യൂസ് തുടങ്ങിയവയൊക്കെ ധാരാളം കുടിക്കുക. നിർജലീകരണം മൂലമുണ്ടാകുന്ന ക്ഷീണത്തെ ഇതുവഴി പ്രതിരോധിക്കാം.

4. രാത്രിയില്‍ നന്നായി ഉറങ്ങുക.എല്ലാ ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക.

5. ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കുക.

6.നാരുകളുടെ ആരോഗ്യകരമായ അളവിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുക . ഇത് ദഹനത്തെ സഹായിക്കാനും പൂർണ്ണത അനുഭവപ്പെടാനും സഹായിക്കും.

7. പതിവായി വ്യായാമം ചെയ്യുക