ചെന്നൈ: ഒരു കപ്പൽ യാത്ര ആസ്വദിക്കാനുള്ള മൂഡിലാണോ നിങ്ങൾ? എങ്കിൽ അത് തമിഴ്നാട്ടിൽ നിന്ന് ശ്രീലങ്കയിലേക്ക് ആക്കിയാലോ.. അതെ തമിഴ്നാട് – ശ്രീലങ്ക കപ്പൽ സർവീസ് നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ്. തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്.
ചില പ്രത്യേക കാരണങ്ങളാലാണ് കഴിഞ്ഞവർഷം ആരംഭിച്ച ഈ കപ്പൽ സർവീസ് നിർത്തി വയ്ക്കേണ്ടിവന്നത്. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു കപ്പൽ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. ഒൿടോബർ 14 നായിരുന്നു സംഭവം. എന്നാൽ ഒരാഴ്ച മാത്രമേ ആ സർവീസ് തുടരാൻ കഴിഞ്ഞുള്ളൂ. മൺസും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സർവീസിൽ നിന്ന് പിൻവാങ്ങിയത്. എന്നാൽ മൺസൂൺ കഴിഞ്ഞ് സർവീസ് തുടങ്ങാത്തത് യാത്രക്കാർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്.
എന്നാൽ ആറുമാസങ്ങൾക്ക് ശേഷം വീണ്ടും തിരിച്ച് എത്തുകയാണ് നാഗപട്ടണം – കാങ്കേശൻതുറ സർവീസ്. ശിവഗംഗ എന്നാണ് കപ്പലിൻ്റെ പേര്. മെയ് 13 മുതൽ എല്ലാ ദിവസവും സർവീസ് ഉണ്ട്.
sailindri.com എന്ന വെബ്സൈറ്റ് വഴി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഏകദേശം 4,920 രൂപയാണ് നാഗപട്ടണം – കാങ്കേശൻതുറ കപ്പൽ യാത്രാ ടിക്കറ്റ് നിരക്ക്. തിരിച്ചുള്ള സർവീസിൻ്റെയും ടിക്കറ്റ് നിരക്ക് ഇതുതന്നെ. യാത്രക്കാർക്ക് 60 കിലോ വരെയുള്ള ബാഗേജ് നിരക്കില്ലാതെ ഒപ്പം കൊണ്ടുപോകാം. യാത്ര ഷെഡ്യൂൾ ചെയ്യുന്നതിന് 72 മണിക്കൂർ മുൻപ് വരെ യാത്രാ തീയതിയിൽ മാറ്റം വരുത്താനും റീഫണ്ടോടുകൂടിയുള്ള കാൻസലേഷനും സൗകര്യമുണ്ട്.