Health

40 കഴിഞ്ഞവരാണോ? കൊളസ്ട്രോൾ കൂടാതിരിക്കാൻ ഉറപ്പായും പാലിക്കണം ഈ കാര്യങ്ങൾ

കൊളസ്ട്രോൾ പലർക്കും പേടിസ്വപ്നമാണ്. കരുതലില്ലെങ്കിൽ ജീവനു തന്നെ ഭീഷണിയും. ചെറുപ്രായത്തിൽ തന്നെ പലർക്കും കൊളസ്ട്രോൾ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. സാധാരണയായി നാൽപതു കഴിഞ്ഞവരിൽ ഉയർന്ന കൊളസ്ട്രോൾ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നതായി കാണാം. ഹൃദ്രോഗസാധ്യത കുറയ്ക്കാനും ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും കൊളസ്ട്രോൾ നില കുറയ്ക്കേണ്ടതുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്ന സൂപ്പർഫുഡ്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി ഇത് സാധ്യമാകും.

കൊളസ്ട്രോൾ പ്രത്യേകിച്ചും എൽഡിഎൽ കൊളസ്ട്രോൾ നില ഉയർന്നാൽ അത് ഹൃദയധമനികളിൽ പ്ലേക്ക് അടിയാൻ കാരണമാകും. ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടും. നാൽപതു കഴിഞ്ഞവർ അതുകൊണ്ടു തന്നെ ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഭക്ഷണശീലങ്ങളും പിന്തുടരണം. ഇതുവഴി കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ചു നിർത്താൻ സാധിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.

1. ഓട്മീലും ബാർലിയും

സോല്യുബിൾ ഫൈബർ അടങ്ങിയ ഓട്സും ബാർലിയും ഭക്ഷണത്തിൽ പതിവായി ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കും. പ്രഭാതഭക്ഷണമായും സൂപ്പിൽ ചേർത്തും ബാർലി കഴിക്കാം.

2. വെണ്ണപ്പഴം

മോണോസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയ വെണ്ണപ്പഴം, നല്ല കൊളസ്ട്രോൾ കൂട്ടുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും െചയ്യും. സാലഡിൽ ചേർത്തും ടോസ്റ്റിൽ സ്പ്രെ‍ഡ് ആയും വെണ്ണപ്പഴം കഴിക്കാം.

3. കൊഴുപ്പുള്ള മത്സ്യം

അയല, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഇവ ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും സഹായിക്കും. ഗുണങ്ങൾ ലഭിക്കാൻ ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും കൊഴുപ്പുള്ള മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

4. നട്സ്, സീഡ്സ്

ബദാം, വാൾനട്ട്, ചിയ സീഡ്സ്, ഫ്ലാക്സ് സീഡ്സ് തുടങ്ങിയവയിൽ നാരുകളും ആരോഗ്യകരമായ കൊഴുപ്പും ധാരാളം ഉണ്ട്. ഇവ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു.

5. പയർവർഗങ്ങൾ

സസ്യാധിഷ്ഠിത പ്രോട്ടീനുകളുടെയും സോല്യുബിൾ ഫൈബറിന്റെയും ഉറവിടമാണ് പയർവർഗങ്ങൾ ഇവ കൊളസ്ട്രോൾ കുറയ്ക്കും.

6. ബെറിപ്പഴങ്ങൾ

ഫൈബറും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയവ ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

7. ഒലിവ് ഓയിൽ

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിലെ ഇന്‍ഫ്ലമേഷൻ കുറയ്ക്കാനും ഹൃദയാരോഗ്യമേകുന്ന കൊഴുപ്പ് അടങ്ങിയ എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ സഹായിക്കും.

നാൽപതു കഴിഞ്ഞവരിൽ കൊളസ്ട്രോൾ കൂടാൻ നിരവധി കാരണങ്ങളുണ്ട്. പൂരിത കൊഴുപ്പുകളും കൊളസ്ട്രോളും അടങ്ങിയ അനാരോഗ്യഭക്ഷണങ്ങളും, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും, പുകവലി, അമിത മദ്യപാനം, നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളായ പ്രമേഹം, ഹൈപ്പോതൈറോയ്ഡിസം തുടങ്ങിയവ കൊളസ്ട്രോൾ കൂടാൻ കാരണമാകും. ആരോഗ്യകരമായ ഭക്ഷണക്രമം പതിവായ വ്യായാമം, ശരീരഭാരം നിയന്ത്രിക്കൽ, ആരോഗ്യത്തിനു ദോഷം ചെയ്യുന്ന ശീലങ്ങളെ ഒഴിവാക്കൽ തുടങ്ങിയവ പിന്തുടർന്നാൽ കൊളസ്ട്രോൾ നിയന്ത്രിച്ച് ആരോഗ്യം നിലനിർത്താൻ സാധിക്കും.