പൊതുവേദിയിൽ സംഗീതപരിപാടി അവതരിപ്പിക്കവെ പോപ് താരം ടെയ്‌ലർ സ്വിഫ്റ്റിന്റെ വസ്ത്രം അഴിഞ്ഞു. എന്നാൽ അപ്രതീക്ഷിതമായുണ്ടായ സാഹചര്യത്തെ പതറാതെ ‘കൂൾ’ ആയി ഗായിക നേരിട്ടു. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ടെയ്‌ലറിന്റെ സംഗീതപര്യടനമായ ‘എറാസ് ടൂർ’ സ്റ്റോക്ക്‌ഹോമിൽ നടത്തിയ പരിപാടിക്കിടെയായിരുന്നു സംഭവം.
അടുത്തിടെ അന്തരിച്ച വിഖ്യാത ഫാഷൻ ഡിസൈനർ റോബർട്ടോ കവല്ലി ഡിസൈന്‍ ചെയ്ത ഇന്ദ്രനീല നിറത്തിലുള്ള റാപ് ഫ്രോക് ആണ് ടെയ്‌ലർ സ്വിഫ്റ്റ് ധരിച്ചത്. പിയാനോയുടെ മുന്നിലിരുന്ന് പാട്ടു പാടവെ, ഗായികയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം അഴിഞ്ഞു. അതു നേരെയാക്കാൻ ശ്രമിക്കുന്നതിനിടെ ടെയ്‌ലറിന്റെ സംഘാംഗങ്ങളിൽ ഒരാൾ സഹായത്തിനായി ഓടിയെത്തി. ആ സമയത്ത് ‘നിങ്ങൾ ഇതു ശ്രദ്ധിക്കണ്ട, പരസ്പരം നോക്കിയിരുന്ന് അൽപനേരം സംസാരിക്കൂ’ എന്ന് ടെയ്‌ലർ കാണികളോടു പറഞ്ഞു. ഗായികയുടെ വാക്കുകൾ വേദിയിലും സദസ്സിലും ചിരിപടർത്തി.
ടെയ്‌ലർ സ്വിഫ്റ്റിന്റെ വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. അപ്രതീക്ഷിത സാഹചര്യത്തെ നർമബോധത്തോടെ നേരിട്ട ഗായികയെ നിരവധി പേരാണു പ്രശംസിക്കുന്നത്. 2023 മാർച്ചിലാണ് ‘എറാസ് ടൂർ’ എന്ന പേരിൽ ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപര്യടനം യുഎസിൽ ആരംഭിച്ചത്. ഈ വർഷം ഡിസംബറിൽ കാനഡയിൽ വച്ചായിരിക്കും പരിപാടി അവസാനിക്കുക.
— TS Edits Media (@TSEditsMedia) May 20, 2024