നടൻ മമ്മൂട്ടിയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. സ്വന്തം ഐഡന്റിറ്റി പോലും റിവീൽ ചെയ്യാത്തവരാണ് മമ്മൂട്ടിയ്ക്ക് എതിരെ ഒളിച്ചിരുന്ന് കല്ലെറിയുന്നതെന്ന് ആസിഫ് പറഞ്ഞു. മമ്മൂട്ടി ഒരിക്കലും ഇത്തരം പ്രചരണങ്ങളെ കാര്യമായി എടുക്കുകയോ അതേപറ്റി ആലോചിക്കുകയോ പോലും ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ആസിഫ് പറഞ്ഞു. ‘തലവൻ’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം.
‘നമ്മൾ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ. ആ ഒരു സ്വഭാവം ആണ് സോഷ്യൽ മീഡിയയിൽ കാണിക്കുന്നത്. സ്വന്തം ഐഡിറ്റി റിവീൽ ചെയ്യാതെ കുറേ ആളുകൾ സോഷ്യൽ മീഡിയയിൽ ഇരുന്ന് എന്തൊക്കെയോ പറയുകയാണ്. അതിനെക്കാൾ എത്രയോ മുകളിലാണ് അദ്ദേഹം. നമ്മൾ അതിനെ പറ്റി കേൾക്കാനോ അന്വേഷിക്കാനോ ഒന്നും പോകരുത്. മമ്മൂക്കയുടെ ആറ്റിറ്റ്യൂഡും അങ്ങനെ തന്നെ ആയിരിക്കും. മമ്മൂക്ക ഒരിക്കലും അതിനെ മനസിലേക്ക് എടുക്കുകയോ അതിനെ പറ്റി ആലോചിക്കുകയോ ചെയ്യുന്നുണ്ടാവില്ല’ എന്നാണ് ആസിഫ് അലി പറഞ്ഞത്.
മെയ് 24നാണ് തലവൻ തിയേറ്ററുകളിലെത്തുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് സിനിമ പറയുന്നത്. ആസിഫ് അലിയും ബിജു മേനോനുമാണ് ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളിൽ എത്തുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്.