ഹൈന്ദവ വിശ്വാസികൾ ഗണപതിയുടെ അനുഗ്രഹം തേടിയതിനു ശേഷമാണ് ഏതൊരു പുതിയ കാര്യവും ആരംഭിക്കുക. തടസങ്ങൾ നീങ്ങി ഫലപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. എന്നാൽ കേരളത്തിൽ പൊതുവേ ഗണപതി ക്ഷേത്രങ്ങൾ കുറവാണ്. എന്നാൽ ഉപദേവനായി ഗണപതിയെ ആരാധിക്കുന്നു. എന്നാൽ ചിലയിടങ്ങളിൽ ഗണപതിയെ തന്നെ പ്രധാന പ്രതിഷ്ഠയായി കാണുന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്രം അതിനുദാഹരണമാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഗണപതീക്ഷേത്രങ്ങളിലൊന്നാണിത്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഇത്രമേൽ അറിയപ്പെടാൻ കാരണം ഈ ക്ഷേത്രം തന്നെയാണ്. ഇവിടെ മുഖ്യപ്രതിഷ്ഠ പരമശിവൻ ആണെങ്കിലും ഉപദേവനായി പ്രതിഷ്ഠിക്കപ്പെട്ട ബാലഗണപതിയിലൂടെയാണ് ക്ഷേത്രം പ്രസിദ്ധമായത്. ഇവിടെ ആരാധിക്കുന്ന ഗണപതിയുടെ വിഗ്രഹം പെരുന്തച്ചനാണ് കൊത്തിയത് എന്നാണ് ഐതിഹ്യം. ഇവിടത്തെ ഉണ്ണിയപ്പവും വളരെ പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായി നൽകുന്നത് ഉണ്ണിയപ്പം ആണ്. ഗണപതി നടയിലെ തിടപ്പള്ളിയിലൊരുക്കിയ അപ്പക്കാരയിലാണ് ഉണ്ണിയപ്പം തയാറാക്കുന്നത്. ഗണേശചതുർത്ഥി ഇവിടുത്തെ പ്രധാന ആഘോഷങ്ങളിലൊന്നാണ്.
കൊട്ടാരക്കര ഉണ്ണിയപ്പത്തിന്റെ കഥ
കൊട്ടാരക്കരയിലെ വീടുകളിൽ വിശേഷദിവസങ്ങളിൽ അടക്കിവാഴുന്ന പ്രധാന വിഭവമാണ് ഉണ്ണിയപ്പം. കൊട്ടാരക്കര ഗണപതിക്ക് ഉണ്ണിയപ്പം നേദിക്കുന്നതിലൂടെ തന്നെയാണ് ഇത് ആ നാട്ടുകാരുടെ ഭക്ഷണ സംസ്കാരത്തിലും ഇടംപിടിച്ചത്. തിരുവല്ലയിൽ നിന്ന് പ്രത്യേകം തയ്യാറാക്കി കൊണ്ടുവരുന്ന പനിയൻ ശർക്കരയും വെളിച്ചെണ്ണയും നെയ്യും സമാസമം ചേരുമ്പോൾ ആ ഉണ്ണിയപ്പത്തിന്റെ ഗന്ധം കിലോമീറ്റർ ഓളം വ്യാപിക്കും. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഉണ്ണിയപ്പത്തിന്റെ പ്രസിദ്ധിക്ക് യാതൊരു മംഗലം ഏറ്റിട്ടില്ല. തിരുപ്പതി ലഡ്ഡു, അമ്പലപ്പുഴ പാൽപ്പായസം, ശബരിമല അരവണ… അങ്ങനെ ഏറ്റവും പ്രസിദ്ധമായ പ്രസാദങ്ങളിൽപ്പെടും കൊട്ടാരക്കര ഗണപതിക്കു നേദിക്കുന്ന ഉണ്ണിയപ്പവും.
ഉണ്ണിയപ്പത്തിൻറെ ചേരുവകൾ
അരിപ്പൊടിയും ശർക്കരപ്പാനിയും ചുക്ക്‌പൊടിയും ഏലക്കാപ്പൊടിയും പാളയംതോടൻ പഴവും നാളികേരവും നെയ്യുമാണ് ഉണ്ണിയപ്പത്തിൻറെ ചേരുവകൾ. ഇതിൻറെ അളവുകൾ പുറത്തുപറയാറില്ല. വെളിച്ചെണ്ണയിലാണ് അപ്പം ചുടുന്നത്, ചുട്ടെടുത്ത അപ്പത്തിനു മുകളിൽ പഞ്ചസാര തൂവും. ഗണപതി നടയിലെ തിടപ്പള്ളിയിൽ ദേവനു കാണാവുന്ന വിധത്തിലാണ് ഉണ്ണിയപ്പമുണ്ടാക്കുന്നത്. 36 കുഴിയുള്ള എട്ട് അപ്പക്കാരകളിലായി ഒരേ സമയം 288 ഉണ്ണിയപ്പം ചുടും. ഉദയാസ്തമയ പൂജയുള്ള ദിവസങ്ങളിൽ ഉദയം മുതൽ അസ്തമയം വരെ ഉണ്ണിയപ്പം ചുട്ട് നേദിക്കും.
ഉണ്ണി ഗണപതിയെ ഉണ്ണിയപ്പം കൊണ്ടു മൂടാം
കൊട്ടാരക്കര തമ്പുരാൻ ആണ് ഈ ആചാരത്തിന് തുടക്കമിടുന്നത്. കുട്ടികൾ ഉണ്ടാകാൻ വേണ്ടിയായിരുന്നു ആ വഴിപാട് നേർന്നത്. പെരുന്തച്ചനെ സാക്ഷിയാക്കി മകൻ ഉണ്ടായാൽ ഉണ്ണി ഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടാം എന്ന് അദ്ദേഹം വഴിപാട് കഴിച്ചു. അതുപ്രകാരം മകൻ ജനിച്ചപ്പോൾ വഴിപാട് കഴിക്കാൻ തമ്പുരാനെത്തി. പക്ഷേ ചുട്ടെടുത്ത ഉണ്ണിയപ്പം ഒന്നും ഗണപതിയെ മൂടാൻ തികഞ്ഞില്ല. അങ്ങനെയാണ് ഉദയം മുതൽ അസ്തമയം വരെ അപ്പം ചുട്ട് നേദിക്കാമെന്നു പ്രാർഥിക്കുന്നത്. അതോടെ തുടങ്ങിയതത്രെ കൊട്ടാരക്കരയിലെ ഉദയാസ്തമയ പൂജ.
ഇവിടെ മകൻ അച്ഛനെക്കാൾ പ്രസിദ്ധനാകും
പടിഞ്ഞാറ്റിൻകര ശിവക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ക്ഷേത്രത്തിൻറെ ഐതിഹ്യം. പെരുന്തച്ചനായിരുന്നു ഈ ക്ഷേത്രത്തിൻറെ നിർമ്മാണ ചുമതല. ഓരോ ദിവസവും പണി തുടങ്ങുമ്പോൾ മുറ്റത്ത് കിടക്കുന്ന പ്ലാവിൻ തടിയിൽ ഒരു ഗണപതി കൊത്തുകൊത്തും തച്ചൻ. ക്ഷേത്രം പൂർത്തിയായ സമയം കൊണ്ട് തന്നെ ആ പ്ലാവിൻ തടിയിൽ മനോഹരമായ ഒരു ഉണ്ണിഗണപതി വിഗ്രഹവും തച്ചൻ കൊത്തി. ഗണപതിയെ കൂടിയ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കണമെന്ന് തച്ചൻ ആഗ്രഹിച്ചു. പക്ഷേ, തച്ചൻ കൊത്തിയാൽ മതി, ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കണ്ട, അതിനിവിടെ ജ്ഞാനമുള്ള മറ്റാളുകളുണ്ട് എന്ന ഭാവമായിരുന്നു അന്നത്തെ ബ്രാഹ്മണ മേധാവിത്വത്തിന്.
ഒടുവിൽ ഉണ്ണി ഗണപതിയും എടുത്ത് തച്ചൻ കിഴക്കേക്കര ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. അവിടെ തച്ചൻ തീർത്ത ഉണ്ണി ഗണപതിയുടെ വിഗ്രഹം പ്രതിഷ്ഠിക്കാൻ അനുമതി ലഭിച്ചു. അങ്ങനെ ശ്രീകോവിനു പുറത്ത് തെക്കോട്ട് ദർശനമായി ഉപദേവതാ പ്രതിഷ്ഠ നടത്തിയത് പെരുന്തച്ചൻ തന്നെയാണെന്നാണ് വിശ്വാസം.
പ്രതിഷ്ഠ നടത്തിക്കഴിഞ്ഞ് തൃപ്തനായ തച്ചൻ പറഞ്ഞു, ”ഇവിടെ മകൻ അച്ഛനെക്കാൾ പ്രസിദ്ധനാകും”. അതേ കിഴക്കേക്കര, മണികണ്‌ഠേശ്വരം ശിവക്ഷേത്രമാണ് ഇന്നു കൊട്ടാരക്കര ഗണപതീ ക്ഷേത്രമെന്ന പേരിൽ അറിയപ്പെടുന്നത്.