സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സ്വർണ വില കുറഞ്ഞു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,830 രൂപയിലും പവന് 54,640 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
മെയ് 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സർവ്വ കാല റെക്കോർഡ് നിരക്ക്. മെയ് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. സംസ്ഥാനത്ത് വില കുറഞ്ഞെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ജൂവലറികളിൽ നേരിട്ടുള്ള വ്യാപാരത്തെ കുറഞ്ഞ രീതിയിൽ ബാധിക്കാൻ ഇടയുണ്ടെന്നു വ്യാപാരികൾ പറഞ്ഞു.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും വില കുറയാൻ കാരണം. രാജ്യാന്തര സ്വർണവില നിലവിൽ 2370 ഡോളറാണ്. പ്രതീക്ഷിച്ച പോലെ പണപ്പെരുപ്പം കുറയാത്തതിനാലും, ഏപ്രിൽ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും തൽക്കാലമുള്ള നിലപാട് തുടരുമെന്ന് ഫെഡ് റിസർവ് മിനിറ്റ്സ് സൂചിപ്പിച്ചു. നിരക്ക് വീണ്ടും വർധിപ്പിക്കണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം.പുതിയ സാഹചര്യങ്ങളിൽ സെപ്റ്റംബറിന് പകരം ഫെഡ് നവംബറിൽ പലിശ നിരക്ക് കുറച്ചേക്കാം.
തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഡോളർ ദുർബലമാകാൻ സർക്കാർ ഇഷ്ടപ്പെടുന്നില്ല. FOMC മീറ്റിംഗ് മിനിറ്റുകളുടെ പ്രഖ്യാപനത്തിന് ശേഷം ഡോളർ സൂചിക ഉയർന്നു, ഇതും സ്വർണ വില കുറയാൻ വഴിയൊരുക്കി. നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചത് സ്വർണവില കുറയുന്നതിന് മറ്റൊരു കാരണമായി.