Food

പാഷൻ ഫ്രൂട്ടിനെ അല്പം ഫാഷൻ ആക്കിയാലോ? ഈ ഡ്രിങ്ക് തയാറാക്കി നോക്കൂ

ധാരാളം ഗുണങ്ങളുളള പഴമാണ് പാഷൻ ഫ്രൂട്ട്

നമ്മുടെ നാട്ടിൽ സുലഭമായ ഒന്നാണ് പാഷൻ ഫ്രൂട്ട്. കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള പഴമാണ് പാഷൻ ഫ്രൂട്ട്. പാഷന്‍ ഫ്രൂട്ട് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. പാഷന്‍ ഫ്രൂട്ടില്‍ കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സും ഉയര്‍ന്ന ഫൈബറും ഉണ്ട്. ഇത് പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ അളവ് നിലനിര്‍ത്താനുള്ള മികച്ച പഴമായി മാറ്റുന്നു.

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഈ പഴം വളരെ നല്ലതാണ്. പാഷന്‍ ഫ്രൂട്ട് പോലുള്ള പഴങ്ങളില്‍ പെക്റ്റിന്‍ പോലെയുള്ള നാരുകള്‍ ധാരാളമായി കാണുന്നു. ഇത് കലോറിയുടെ അളവ് കൂട്ടാതെ വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും.

ഇതിൽ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് തന്നെ ചർമ്മത്തിനും വളരെ നല്ലതാണ്. പാഷന്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, റൈബോഫ്‌ലേവിന്‍, കരോട്ടിന്‍ തുടങ്ങി നിരവധി തരം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ആന്റി ഓക്സിഡന്റുകള്‍ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ ഉത്പാദനം കുറയ്ക്കും. ഫ്രീ റാഡിക്കലുകള്‍ ചര്‍മ്മത്തിന് പ്രായമാകാന്‍ കാരണമാകും.

ഇത്രയേറെ ഗുണങ്ങളുള്ള പാഷൻ ഫ്രൂട്ട് ഉപയോഗിച്ച് ഒരു ഡ്രിങ്ക് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ..

ചേരുവകൾ

പാഷൻ ഫ്രൂട്ട് – ഒന്ന്
ഉപ്പ് – ആവശ്യത്തിന്
പച്ച മുളക് – 2 എണ്ണം
പഞ്ചസാര – 2 ടേബിൾ സ്പൂൺ
സോഡ
വെള്ളം

തയാറാക്കുന്ന വിധം

പച്ചമുളക് മിക്‌സിയിൽ ഇട്ട് കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇത് അരിപ്പയിലൂടെ അരിച്ച് മാറ്റി വയ്ക്കുക. ഇതിലേക്ക് പാഷൻഫ്രൂട്ട് പൊളിച്ച് അതിന്റെ ഉൾഭാഗം ചേർത്ത് കൊടുത്ത ശേഷം പഞ്ചസാര, അൽപ്പം വെള്ളം എന്നിവ ചേർത്ത് ഇളക്കുക. പഞ്ചസാര അലിഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം സോഡ ചേർത്ത് നൽകി ഗ്ലാസിലേക്ക് പകർത്താം.
രുചികരമായ പാഷൻ ഫ്രൂട്ട് ചില്ലി ഡ്രിങ്ക് റെഡി!