മലയാളികൾക്ക് ഏറെ ആത്മബന്ധം ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് കന്യാകുമാരി. വിനോദയാത്രകൾ പോകാൻ ഒരുങ്ങുമ്പോൾ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ ഇടം പിടിക്കുന്ന ഒരിടം. തിരുവനന്തപുരത്തുകാരെ സംബന്ധിച്ചിടത്തോളം കന്യാകുമാരിയിലേക്ക് പോകാൻ വളരെ എളുപ്പമാണ്. ഒരിക്കലും മടുക്കാതെ അവർ വീണ്ടും വീണ്ടും കന്യാകുമാരിയുടെ കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്നു.
തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികൾ കന്യാകുമാരി കൂടി കണ്ടേ മടങ്ങാറുള്ളൂ. തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്ക് എങ്ങനെ യാത്ര പോകാമെന്ന് നോക്കാം
പക്ഷേ അതിനു മുൻപ് കന്യാകുമാരിയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളെ പറ്റി ഒരു ധാരണ വേണം. മൂന്നു കടലുകളുടെ സംഗമസ്ഥാനമാണ് കന്യാകുമാരി. അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവ ഒന്നിക്കുന്നത് കന്യാകുമാരിയിൽ വച്ചാണ്. ത്രിവേണി സംഗമസ്ഥാനം എന്നും കന്യാകുമാരി അറിയപ്പെടുന്നു. സൂര്യോദയവും സൂര്യാസ്തമയവും ഒരിടത്തു തന്നെ ആസ്വദിക്കാം എന്നതാണ് മറ്റൊരാകര്‍ഷണം.
വിവേകാനന്ദപ്പാറ, തിരുവുള്ളവർ പ്രതിമ, മഹാത്മാ ഗാന്ധി മെമ്മോറിയൽ, പിന്നെ കൊട്ടാരങ്ങൾ, വെള്ളച്ചാട്ടങ്ങൾ, കന്യാകുമാരി ക്ഷേത്രം, ബീച്ചുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, കടകൾ. വഴിയോര ഷോപ്പിങ്, ഹോട്ടലുകൾ എന്നിങ്ങനെ ഇവിടെ കാണാനും പരിചയപ്പെടുവാനും ഒത്തിരി കാര്യങ്ങളും കാഴ്ചകളുമുണ്ട്.
ബീച്ചുകൾ തന്നെ പ്രധാന കാഴ്ച
കന്യാകുമാരിയിൽ ഏറ്റവും കൂടുതൽ ആളുകൾ ആസ്വദിക്കുന്നത് ബീച്ചാണ്. അവിടുത്തെ പാറക്കെട്ടുകളിൽ നിരവധി ആളുകളെ കാണാം. വെറുതെ വന്നിരിക്കുന്നവരിൽ നിന്ന് തുടങ്ങി കന്യാകുമാരിയുടെ ഭംഗി ആസ്വദിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. കന്യകുമാരിയുടെ കടൽത്തീരം മുഴുവൻ നടന്നു കാണാൻ
സാധിച്ചു എന്നു വരില്ല. പക്ഷേ കന്യാകുമാരിയിലെ സൂര്യാസ്തമയത്തിന്റെ ഭംഗി കാണാതെ പോകരുത്.
ആദ്യം കാണേണ്ടത്
കന്യകുമാരിയിൽ നിങ്ങൾ എത്തുന്നത് ഏത് സമയത്ത് ആയാലും ഇവിടത്തെ സൂര്യോദയം കാണാതെ പോകരുത്. സൺറൈസ് വ്യൂ ഉള്ള റൂം തന്നെ ഉറപ്പാക്കണം. ഇവിടെ വന്ന് ഹോട്ടൽ കണ്ടുപിടിച്ച് ബുക്കിങ് നടത്തുന്നതിനേക്കാൾ എളുപ്പം നേരത്തെ ഓൺലൈന‍് വഴി മികച്ച ഡീലിൽ നല്ല റൂം ബുക്കിങ് ചെയ്യുന്നതാണ്. അവസാന നിമിഷം റൂം തിരഞ്ഞുള്ള ഓട്ടപ്പാച്ചിൽ ഇല്ലാതാക്കാൻ ഇതുസഹായിക്കും.
കന്യാകുമാരിയിൽ ആദ്യം കാണാൻ പോകുന്ന സ്ഥലം ബീച്ചിൽ നിന്നും അരക്കിലോമീറ്റർ അകലെയുള്ള വിവേകാനന്ദപ്പാറയാണ്.
വിവേകാനന്ദപ്പാറ
കന്യാകുമാരിയിലെ പ്രധാന ആകര്‍ഷണങ്ങളിൽ ഒന്നാണ് വിവേകാനന്ദപ്പാറ. വിവേകാനന്ദ സ്വാമി കന്യാകുമാരി സന്ദർശിച്ചപ്പോൾ കടൽ നീന്തിക്കടന്ന് ഇവിടെ ധ്യാനിച്ച് ഇരുന്നിരുന്നു. വാവതുറൈ മുനമ്പിൽ നിന്ന് 500മീറ്ററോളം അകലെ കടലിലായി രണ്ടു പാറകളിൽ ഒന്നാണിത്.
തിരുവള്ളുവർ പ്രതിമ
കന്യാകുമാരി കടലിലെ ചെറിയ ഒരു ദ്വീപിലാണ് തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത്. 133 അടി ഉയരുണ്ട് ഈ ശില്പത്തിന്.
കന്യാകുമാരി ക്ഷേത്രം
ഇന്ത്യയുടെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രം കന്യാകുമാരി ക്ഷേത്രം സന്ദർശിക്കാൻ മറക്കരുത്. ത്രിവേണി സംഗമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് മൂവായിരത്തിലധികം വര്‍ഷം പഴക്കമുണ്ട്. പുലര്‍ച്ചെ 4.30ന് ക്ഷേത്ര നട തുറക്കും. തുടർന്ന് ഉച്ചയോടെ അടയ്ക്കുകയും വീണ്ടും വൈകുന്നേരം 4.00 മണിക്ക് തുറന്ന് രാത്രി എട്ടു മണിക്ക് അടയ്ക്കുകയും ചെയ്യും.
കന്യാകുമാരി ദേവീ ക്ഷേത്രത്തിന് ഒരുപാട് സവിശേഷതകളുണ്ട്. ആദിപരാശക്തിയായ ശ്രീ പാര്‍വ്വതിയുടെ അവതാരമായ കന്യാദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ശുചീന്ദ്ര നാഥനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും എന്നാല്‍ അത് നടക്കാതെ പോയതോടെ ദേവി കന്യകയായി തുടരുകയും ചെയ്തു എന്നതാണ് ക്ഷേത്രത്തിന്റെ ഐതിഹ്യം.
വിവാഹം നടക്കാതിരുന്നതിനാല്‍ സദ്യയൊരുക്കാനായി കരുതിയ അരിയും സാധനങ്ങളും ദേവി വലിച്ചെറിഞ്ഞെന്നും അതിന്റെ പ്രതീകമായാണ് അവിടുത്തെ മണല്‍തരികള്‍ക്കും കല്ലുകള്‍ക്കും പലവിധത്തിലുളള നിറങ്ങള്‍ ലഭിച്ചതെന്നുമാണ് വിശ്വാസം. വിവാഹം വൈകുന്നവര്‍ക്കും വിവാഹം നടക്കാന്‍ തടസ്സമുള്ള പെണ്‍കുട്ടികള്‍ക്കു പെട്ടെന്ന് സുമംഗലികളകാന്‍ ദേവിയുടെ അനുഗ്രഹം മതിയെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ നാലു തൂണുകളില്‍ വീണ, ഓടക്കുഴല്‍, ജലതരംഗം, മൃദംഗം എന്നിവയുടെ നാദങ്ങള്‍ കേള്‍ക്കാം. ചുവന്നസാരി, നെയ്യ് വിളക്ക് എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍ പ്രകൃതി ഭംഗി കൂടുതല്‍ എടുത്തുകാണിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് കന്യാകുമാരി.
ചെലവ് കുറഞ്ഞ കന്യാകുമാരി യാത്ര
തിരുവനന്തപുരത്ത് എത്തി കന്യാകുമാരിയിലേക്ക് പോകുന്ന ഈ യാത്ര ആസൂത്രണം ചെയ്യുന്നത്. ദിവസത്തിലെപ്പോഴും തിരുവനന്തപുരം-കന്യാകുമാരി-തിരുവനന്തപുരം റൂട്ടിൽ ബസ് സർവീസുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്തും അല്ലാതെയും പോകാം. സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് 103 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടര മണിക്കൂറാണ് യാത്രാ സമയം.
ട്രെയിൻ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കന്യാകുമാരിയിലേക്ക് ട്രെയിൻ കിട്ടും. 150 നും 200 നും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്.