കൊച്ചി: വൃക്കകളിലുണ്ടാകുന്ന ട്യൂമറുകളുടെ സർജറിയെക്കുറിച്ചുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കൊളാബറേറ്റീവ് പഠന റിപ്പോർട്ട് ഇന്റ്യൂറ്റീവ് ഇന്ത്യ പുറത്തു വിട്ടു. കിഡ്നി ട്യൂമർ സർജറിയിൽ കിഡ്നി പൂർണമായും നീക്കാതെ റോബോട്ടിക് സർജറിയിലൂടെ ട്യൂമർ ഉള്ള ഭാഗം മാത്രം നീക്കുന്ന റോബോട്ടിക് അസിസ്റ്റഡ് പാർഷ്യൽ നെഫ്രക്ടമി ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പഠനം. ഇന്ത്യയിലെ വൃക്ക രോഗ ചികിത്സയിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഇതിനെ വിശേഷിപ്പിക്കാം. മിനിമലി ഇൻവേസീവ് കെയറിലും റോബോട്ടിക് അസിസ്റ്റഡ് സർജറിയിലും മുൻനിരയിലുള്ള കമ്പനിയാണ് ഇന്റ്യൂറ്റീവ്.
ഇന്ത്യയിലുടനീളമുള്ള 14 സർക്കാർ-സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് പഠനം നടത്തിയത്. കഴിഞ്ഞ 12 വർഷത്തിനിടെ 800 രോഗികളില്‍ നിന്ന് ശേഖരിച്ച കണക്കുകളാണ് ഈ പഠനത്തിന് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. പഠനത്തില്‍ ഉള്‍പ്പെടുത്തിയ 800 രോഗികളില്‍ 130 രോഗികള്‍ അമൃത ആശുപത്രിയിൽ നിന്നും 120 രോഗികള്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നുമായിരുന്നു.
ഇന്ത്യയില്‍ ഇത്തരത്തില്‍ ആദ്യമായി നടത്തിയ ഈ പഠനത്തിന്റെ ഉദ്ദേശം, റോബോട്ടിക് അസിസ്റ്റഡ് പാർഷ്യല്‍ നെഫ്രക്ടമിയില് ഡാവിഞ്ചി സർജിക്കല്‍ സംവിധാനം ഉപയോഗിച്ചാലുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് വിലയിരുത്താനായിരുന്നു. ഇത്തരം സർജറികളുടെ ഫലപ്രാപ്തിയെക്കുറിച്ചും രോഗിയുടെ സുരക്ഷയെക്കുറിച്ചും പഠനം വ്യക്തമായ ഉള്‍ക്കാഴ്ച നല്‍കുന്നുണ്ട്.
ഈ പഠനത്തിന്റെ ഫലപ്രാപ്തി ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ഇന്റ്യൂറ്റീവ് ഇന്ത്യ മാർക്കറ്റിംഗ് ഡയറക്ടര്‍ സ്വാതി ഗുപ്ത പറഞ്ഞു. ഇന്ത്യയില്‍ റോബോട്ടിക് അസിസ്റ്റഡ് പാർഷ്യൽ നെഫ്രക്ടമിക്ക് വിധേയരാകുന്ന രോഗികളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ ഡാവിഞ്ചി സംവിധാനത്തിന്റെ പ്രാധാന്യം ഈ പഠനം വ്യക്തമാക്കുന്നു. മുൻനിരയിലുള്ള സ്ഥാപനങ്ങളുമായും സർജന്മാരുമായും സഹകരിച്ചു നടത്തിയ ഈ പഠനം ഇന്ത്യയിലെ രോഗികളുടെ ചികിത്സയില്‍ വിലപ്പെട്ട ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. ഇത്തരമൊരു സുപ്രധാന ഗവേഷണത്തിന് സംഭാവന നല്‍കിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ആസ്റ്റര്‍ മെഡിസിറ്റിയിലെ യൂറോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കിഷോര്‍ ടി എ, അമൃത ഹോസ്പിറ്റല്‍ യൂറോ-ഓങ്കോളജി തലവനും പ്രഫസറുമായ ഡോ. ഗിനില്‍ കുമാര്‍ പി. എന്നിവരും ഈ പഠനത്തിന് നേതൃത്വം നൽകി.
പഠനത്തെ അടിസ്ഥാനമായി ലഭിച്ച ഡേറ്റകള്‍ വിശകലനം ചെയ്യുമ്പോള്‍ വൃക്കയിലെ ട്യൂമറുകളുടെ ചികിത്സയില്‍ റാഡിക്കല്‍ നെഫ്രക്ടമിയെക്കാള് മികച്ച ഫലം തരുന്നത് റോബോട്ടിക് അസിസ്റ്റഡ് പാർഷ്യൽ നെഫ്രക്ടമി തന്നെയാണെന്നാണ് വ്യക്തമാകുന്നതെന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലെ യൂറോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കിഷോര്‍ പറഞ്ഞു. ഡാവിഞ്ചി സംവിധാനം ഉപയോഗിച്ച് നടത്തുന്ന ഈ സർജിക്കല്‍ ടെക്നിക്കില്‍ വൃക്കയിലെ ട്യൂമര്‍ ഉള്ള ഭാഗം മാത്രമായി നീക്കാന്‍ ഡോക്ടർമാർക്ക് സാധിക്കും. ട്യൂമറിനു ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും വൃക്കയുടെ പ്രവർത്തനം അതേപടി നിലനിർത്താനും ഇതുമൂലം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലൊരു സുപ്രധാന പഠനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ഇന്ത്യയിലെ യൂറോളജി സർജന്മാർക്കെല്ലാം പ്രയോജനപ്പെടുന്നതാണ് ഈ പഠനമെന്നും അമൃത ഹോസ്പിറ്റല്‍ പ്രഫസറും യൂറോ-ഓങ്കോളജി തലവനുമായ ഡോ.ഗിനില്‍ കുമാര്‍ പി പറഞ്ഞു.
വൃക്കകളിലുണ്ടാകുന്ന ട്യൂമറുകളുടെ ശസ്ത്രക്രിയയ്ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും ഫലപ്രദമായ മാർഗം റോബോട്ടിക് അസിസ്റ്റഡ് പാർഷ്യൽ നെഫ്രക്ടമിയാണെന്ന് പഠനം സ്ഥിരീകരിക്കുന്നു. കൂടാതെ വൃക്കകളുടെ പ്രവർത്തനം സംരക്ഷിക്കുന്നതിലുള്ള ഫലപ്രാപ്തിയും ഇത് ഉയർത്തിക്കാട്ടുന്നു. ഈ പഠനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഉള്‍ക്കാഴ്ചകള്‍, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനും ഉയർന്ന നിലവാരമുള്ള രോഗീപരിചരണം നല്‍കുന്നതിനും സർജന്മാർക്ക് ഒരു മാർഗരേഖ സമ്മാനിക്കും.