കേരളത്തിലെ ഓരോ ക്ഷേത്രങ്ങൾക്ക് പിന്നിലും ഓരോ ഐതീഹ്യ കഥകൾ ഉണ്ട്. ചില കഥകൾ അവിശ്വസനീയമെന്ന് തോന്നുമ്പോൾ ചില കഥകൾ യാഥാർത്ഥ്യത്തിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. പാരിപ്പള്ളി ചാവർക്കോട് മേടയിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൻറെ കഥയാണ് ഇന്ന് പറയാനുള്ളത്. ഒരു മനുഷ്യൻറെ അചഞ്ചലമായ ഭക്തിയുടെ ഉത്തമ ഉദാഹരണമാണ് ഈ ക്ഷേത്രം. മനുഷ്യൻറെ ദൈവഭക്തി എന്താണെന്നും ഇച്ഛാശക്തി എത്രത്തോളം ശക്തമാണെന്നുമാണ് ഈ ക്ഷേത്രത്തിൻറെ കഥ നമ്മെ പഠിപ്പിക്കുന്നത്.
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ പാരിപ്പള്ളി എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു കൊച്ചു ചെറുക്കന്റെ വിശ്വാസത്തിന്റെയും ദൈവത്തോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെയും ആരാധനയുടെയും പ്രതീകമാണ് ഈ ക്ഷേത്രം. മുരുക ഭക്തനായ മേടയിൽ കൊച്ചു ചെറുക്കൻ വൈദ്യനാണ് നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന ഈ ക്ഷേത്രത്തിന്റെ പിറവിക്ക് കാരണം.
മേടയിൽ കൊച്ചു ചെറുക്കൻ വൈദ്യൻ പളനിയിലെ സ്ഥിരം സന്ദർശകനായിരുന്നു. എന്നാൽ വാർദ്ധക്യകാലത്ത് അദ്ദേഹത്തിന് ക്ഷേത്രത്തിൽ പോകാൻ ബുദ്ധിമുട്ടുകൾ ഉണ്ടായി. ക്ഷേത്രദർശനം മുടങ്ങിയതോടെ പിന്നീട് എന്ത് ചെയ്യുമെന്ന് ആയി ചിന്ത. അങ്ങനെ സ്വന്തം നാട്ടിൽ മുരുകന്റെ അമ്പലം നിർമ്മിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള മുരുക വിഗ്രഹം ശ്രീനാരായണഗുരുവിന്റെ അനുഗ്രഹത്തോടെ പളനിയിൽ നിന്നും നാട്ടിലെത്തിച്ചു. പിന്നാലെ ക്ഷേത്രനിർമാണം ആരംഭിച്ചു. അങ്ങനെയാണ് ഇന്ന് കാണുന്ന ക്ഷേത്രം ഉണ്ടായത്. എല്ലാദിവസവും നൂറുകണക്കിന് ഭക്തരാണ് ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത്.
ഉത്സവ ദിവസങ്ങളിൽ അഗ്നിക്കാവടിയും പറവക്കാവടിയും ശൂലം കുത്തും പ്രധാനാകർഷണങ്ങളാണ്. ഇത്തരം വഴിപാടുകൾ നടത്തുന്ന സമയത്ത് ഭക്തർ മൗനവൃതം അനുഷ്ഠിക്കുന്നു. ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടിയാണ് ഭക്തർ ഇത്തരം വഴിപാടുകൾ ചെയ്യുന്നത്. ജില്ലയിലെ പ്രധാനപ്പെട്ട സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളുടെ പട്ടിക എടുത്താൽ പാരിപ്പള്ളി യിലെ മേടയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തന്നെ മുന്നിട്ടുനിൽക്കും.
കാവടി
ആഘോഷങ്ങളടനുബന്ധിച്ച് തലയിലോ തോളത്തോ ഏറ്റി ആടുന്നതിനുപയോഗിക്കുന്ന വർണ്ണപ്പകിട്ടാർന്ന ഒരു നിർമ്മിതിയാണ് കാവടി. ഹിന്ദുമതവിശ്വാസപ്രകാരം മുരുകന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ് കാവടി. കാവുപോലെ തുലാസുപോലെ ഉള്ള് വടി അഥവാ തണ്ട് എന്ന അർത്ഥത്തിലാവണം ഈ വാക്കുണ്ടായത്.[അവലംബം ആവശ്യമാണ്] കാവടിയിൽ കൊണ്ടുപോകുന്ന ദ്രവ്യത്തെ അടിസ്ഥാനമാക്കി വിവിധ കാവടികൾ പാൽക്കാവടി, ഭസ്മക്കാവടി, അന്നക്കാവടി, കളഭക്കാവടി, പീലിക്കാവടി, തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്നിക്കാവടി എന്നിവ പ്രധാനം. മുരുകനാണ് വഴിപാട് പ്രധാന്യമെങ്കിലും മറ്റു ക്ഷേത്രങ്ങളിലും ഇത് നടത്താറുണ്ട്. ഈ പലതരത്തിലുള്ള കാവടികളുണ്ട്.
വ്രതം അനുഷ്ഠിക്കേണ്ട രീതി
ക്ഷേത്ര വഴുപാടായി കാവടി എടുക്കുമ്പോൾ വ്രതമെടുക്കണമെന്നു ഹൈന്ദവ വിശ്വാസങ്ങൾ പറയുന്നു. ചില സ്ഥലങ്ങളിൽ (ഉദാ : മേൽക്കുളങ്ങര , ചെറിയനാട്) നാല്പത്തിയൊന്നു ദിവസത്തെ കഠിനവ്രതത്തോടു കൂടിയതാണ്. ഇങ്ങനെയെടുത്തു ഭക്തർ സമർപ്പിക്കുന്ന ശുദ്ധകാവടിദ്രവ്യങ്ങൾ അഭിഷേകം ചെയ്യുന്നു. ദ്രവ്യം കേടുവന്നുവെന്നാൽ കാവടിഭക്തന്റെ വ്രതശുദ്ധിക്ക് ഭംഗം വന്നതായി മനസ്സിലാക്കി ഈശ്വരകോപപരിഹാരാർത്ഥം പിന്നാണ്ടിലെ കാവടിക്ക് വ്രതം നോക്കി ശുദ്ധ കാവടിയാടി തീർക്കേണ്ടതുമാണെന്ന് പറയുന്നു. തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത് അതിവിശേഷമാണ്. ഭക്തജനങ്ങൾ ബ്രഹ്മചര്യത്തോടെ മത്സ്യമാംസാദികൾ വെടിഞ്ഞു, രണ്ടു നേരവും പച്ചവെള്ളത്തിൽ കുളിച്ചു, തറയിൽ ഉറങ്ങി, ക്ഷൌരം ചെയ്യാതെ വേണം കാവടി വ്രതം നോക്കാൻ.