ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഉൽപാദിപ്പിക്കുന്ന ഒന്നാണ് നമ്മുടെ തൈറോയ്ഡ് ഗ്രന്ഥി. ഇതിന്റെ അസന്തുലനം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. തൈറോക്സിൻ (T4), ട്രൈയോഡോ തൈറോനിൻ (T3) എന്നീ ഹോർമോണുകളെ തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു. ഹൈപ്പോതൈറോയ്ഡിസം, ഹൈപ്പർ തൈറോയ്ഡിസം എന്ന രോഗാവസ്ഥകൾ ആണ് തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്നത്. ഈ ഹോർമോണുകളുടെ അളവ് കൂടിയാലോ കുറഞ്ഞാലോ ആണ് രോഗങ്ങൾ ഉണ്ടാകുന്നത്. ഇത് ഊർജനിലയെയും ഉപാപചയപ്രവർത്തനങ്ങളെയും അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കും.
ഇന്ത്യയിൽ തൈറോയ്ഡ് രോഗങ്ങള്‍ സർവസാധാരണമാണ്. എല്ലാ പ്രായക്കാരെയും ഇത് ബാധിക്കുന്നു. 13 ശതമാനം സ്ത്രീകളിലും 6 ശതമാനം പുരുഷന്മാരിലും ടിഎസ്എച്ചിന്റെ അളവ് കൂടുതലാണ്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ–4 അനുസരിച്ച് 10 ശതമാനം ഇന്ത്യന്‍ കൂടുംബങ്ങളിലും ഒരു തൈറോയ്ഡ് രോഗിയെങ്കിലും ഉണ്ടാകും.
ഭക്ഷണശീലങ്ങൾ, സ്ട്രെസ്സ്, പാരമ്പര്യം ഇവയെല്ലാം തൈറോയ്ഡ് രോഗങ്ങൾ വർധിക്കാൻ കാരണമാകുന്നു. സ്ത്രീകളിൽ പ്രത്യേകിച്ചും തൈറോയ്ഡ് രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. ആർത്തവവിരാമത്തിലും ഗർഭകാലത്തുമെല്ലാം സ്ത്രീകളിൽ ഹോർമോണ്‍ മാറ്റങ്ങൾ ഉണ്ടാകുന്നതിനാലാണിത്.
വ്യത്യസ്ത തരം തൈറോയ്ഡ് രോഗങ്ങളെ അറിയാം
ഹൈപ്പോതൈറോയ്ഡിസം
ഇതിനെ അണ്ടർ ആക്റ്റീവ് തൈറോയ്ഡ് എന്നും പറയും. ആവശ്യമുള്ളത്ര തൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കാൻ തൈറോയ്ഡ് ഗ്രന്ഥിക്ക് കഴിയാതെ വരുന്നു അവസ്ഥയാണിത്. ക്ഷീണം, ശരീരഭാരം കൂടുക, തണുപ്പ് സഹിക്കാൻ കഴിയാതെ വരിക ഇതെല്ലാം ഉണ്ടാകാം.
ഹൈപ്പർ തൈറോയ്ഡിസം
തൈറോയ്ഡ് ഗ്രന്ഥി കൂടുതൽ തൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കുന്ന അവസ്ഥയാണിത്. ഇത് ശരീരത്തിന്റെ ഉപാപചയപ്രവർത്തനം വേഗത്തിലാക്കുന്നു. വിയർപ്പ്, വർധിച്ച ഹൃദയമിടിപ്പ്, ശരീരഭാരം കുറയുക, ഉത്കണ്ഠ, ക്ഷോഭം ഇവയെല്ലാമാണ് ലക്ഷണങ്ങൾ.
ഗോയിറ്റർ
കഴുത്തിന്റെ അടിയിലായി ഉണ്ടാകുന്ന വീക്കമാണ് ഗോയിറ്റർ. തൈറോയ്ഡ് ഗ്രന്ഥി വലുതാകുന്നതു മൂലമാണ് ഇതുണ്ടാകുന്നത്. തൈറോയ്ഡ് പ്രശ്നങ്ങൾ, അയഡിന്റെ അഭാവം കൂടാതെ മറ്റ് കാരണങ്ങൾ കൊണ്ടും ഗോയിറ്റർ ഉണ്ടാകാം.
തൈറോയ്ഡ് നൊഡ്യൂൾസ് (ചെറുമുഴകൾ)
തൈറോയ്ഡ് ഗ്രന്ഥിക്കുള്ളിൽ ഉണ്ടാകുന്ന ചെറുമുഴകൾ പോലുള്ള വളർച്ചകളാണിത്. ഇത് അപൂർവമായേ ഉണ്ടാകൂ. മിക്കതും ഗുരുതരമല്ല. വലിയ മുഴകൾ അസ്വസ്ഥത ഉണ്ടാക്കും. വിഴുങ്ങാന്‍ പ്രയാസം അനുഭവപ്പെടും. ലക്ഷണങ്ങൾ എന്തായാലും അപൂർവമായേ പ്രകടമാകൂ.
തൈറോയ്ഡ് കാൻസർ
കഴുത്തിൽ മുഴയുടെ രൂപത്തിലാകും തൈറോയ്ഡ് കാൻസർ ഉണ്ടാവുക. തൈറോയ്ഡ് ഗ്രന്ഥിയിലാണ് ഇത് ആരംഭിക്കുക. സാധാരണമായി നേരത്തെ തിരിച്ചറിഞ്ഞാൽ ഇത് പൂർണമായും സുഖപ്പെടുത്താനാകും. ശസ്ത്രക്രിയ, റേഡിയോ ആക്ടീവ് അയഡിൻ, തൈറോയ്ഡ് ഹോർമോൺ തെറാപ്പി അല്ലെങ്കിൽ ഇവയെല്ലാം ചേർന്ന ചികിത്സ ഉണ്ട്.
ഗ്രേവസ് ഡിസീസ്
ഹൈപ്പർ തൈറോയ്ഡിസത്തിനു കാരണമാകുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണിത്. തൈറോയ്ഡ് ഗ്രന്ഥി, കൂടിയ അളവിൽ തൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കുന്നതു കൊണ്ടാണ് ഇതുണ്ടാകുന്നത്. രോഗപ്രതിരോധ സംവിധാനത്തെ ഇത് ബാധിക്കും. ചൂട് സഹിക്കാൻ പറ്റാതെ വരുക, ഉത്കണ്ഠ, അസ്വസ്ഥത, ശരീരഭാരം കുറയുക, ഹൃദയമിടിപ്പിന്റെ നിരക്ക് വേഗത്തിലാവുക, കണ്ണുകൾ വികസിക്കുക (Graves’ ophthalmopathy) ഈ ലക്ഷണങ്ങൾ ഉണ്ടാകും.
റേഡിയോ ആക്ടീവ് അയഡിൻ തെറാപ്പി, ആന്റി തൈറോയ്ഡ് മരുന്നുകൾ, ചിലപ്പോൾ ശസ്ത്രക്രിയ ഇവയാണ് ചികിത്സാ മാർഗങ്ങൾ. തൈറോയ്ഡ് ഹോർമോണിന്റെ ഉൽപാദനം കുറയ്ക്കുകയും ലക്ഷണങ്ങൾ ചികിത്സിക്കുകയും ചെയ്ത് ഗ്രേവ്സ് ഡിസീസ് നിയന്ത്രിക്കാം.
തൈറോയ്ഡ് രോഗങ്ങളുടെ നിർണയം
നേരത്തെ രോഗം കണ്ടെത്തണമെങ്കിൽ തൈറോയ്ഡ് പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങൾക്കുണ്ടായിരിക്കണം. ഇതിനായി കൃത്യമായ ഇടവേളകളില്‍ T4, T3, തൈറോയ്ഡ് സ്റ്റിമുലേറ്റിങ്ങ് ഹോർമോൺ (TS4) ഇവ അളക്കാൻ രക്തപരിശോധന നടത്തണം. ഇത് അസ്വാഭാവികമായെന്തെങ്കിലും ഉണ്ടെങ്കില്‍ തിരിച്ചറിയാൻ സഹായിക്കും.
ടിഎസ്എച്ച് ന്റെ അളവ് കൂടുന്നത് ഹൈപ്പോതൈറോയ്ഡിസം കുറയുന്നത്, ഹൈപ്പർ തൈറോയ്ഡിസം സമയത്ത് രോഗനിർണയം നടത്താൻ പതിവായ ആരോഗ്യപരിശോധനകൾ നടത്തണം.
തൈറോയ്ഡിന്റെ ആരോഗ്യത്തിനായി
തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ആരോഗ്യമേകാനും ശ്രദ്ധിക്കേണ്ടത്
സമീകൃത ഭക്ഷണം
സിങ്ക്, സെലെനിയം, അയഡിൻ ഇവ അടങ്ങിയ സമീകൃത ഭക്ഷണം ശീലമാക്കാം. തൈറോയ്ഡിന്റെ പ്രവർത്തനത്തിന് ഇവ ആവശ്യമാണ്. മുഴുധാന്യങ്ങൾ, പാലുൽപന്നങ്ങൾ, നട്സ്, കടൽ വിഭവങ്ങൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രോസസ് ചെയ്ത ഭക്ഷണങ്ങളും അയഡൈസ്ഡ് ഉപ്പിന്റെ അമിതോപയോഗവും നിയന്ത്രിക്കാം.
വ്യായാമം
ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും പൊതുവായ ആരോഗ്യത്തിനും വ്യായാമം പതിവാക്കാം. തൈറോയ്ഡ് പ്രശ്നങ്ങൾ കുറയ്ക്കാൻ വ്യായാമം സഹായിക്കും.
സ്ട്രെസ്സ് നിയന്ത്രിക്കാം
ദീർഘകാലത്തെ സ്ട്രെസ് തൈറോയ്ഡിന്റെ പ്രവർത്തനത്തെ ബാധിക്കാം. ശാരീരികവും മാനസികവുമായ സൗഖ്യത്തിനായി യോഗ, ധ്യാനം, ശ്വസനവ്യായാമങ്ങൾ ഇവ ശീലമാക്കാം.
ആവശ്യത്തിന് ഉറക്കം
തൈറോയ്ഡ് ഹോർമോണിന്റെ സന്തുലനത്തിന് ആവശ്യത്തിനുള്ള ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്.