Television

Bigg Boss Malayalam Season 6: ‘പൂച്ചയ്ക്കാര് മണി കെട്ടും’: രസകരമായ ആറാമത്തെ ടാസ്കുമായി ബിഗ് ബോസ് സീസൺ ആറിലെ ടിക്കറ്റ് ടു ഫിനാലെ

ബിഗ് ബോസ് മലയാളം സീസൺ ആറിൽ പന്ത്രണ്ടാം ആഴ്ചയാണ് ഇത്. ബിഗ് ബോസ് ടാസ്കുകളിൽ ഏറ്റവും ആവേശം പകരാറുള്ള ടിക്കറ്റ് ടു ഫിനാലെ ടാസ്ക് നടക്കുകയാണ് ഈ ദിവസങ്ങളിൽ. ടിക്കറ്റ് ടു ഫിനാലെയുടെ ഭാഗമായുള്ള അഞ്ച് ടാസ്കുകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. അതിന്റെ തുടർച്ചയായുള്ള ആറാമത്തെ ടാസ്‌കാണ് ഇന്നലെ നടന്നത്.

ബിഗ് ബോസില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള രസകരമായ ഒരു ടാസ്ക് ആണ് ബിഗ് ബോസ് ആറാമത് നല്‍കിയത്. പൂച്ചയ്ക്കാര് മണി കെട്ടും എന്ന് പേര് നല്‍കിയിരുന്ന ടാസ്കില്‍ പൂച്ചയ്ക്ക് മണി കെട്ടുക മാത്രമല്ല ചെയ്യേണ്ടിയിരുന്നത്. ഒപ്പം ഒരു ടംഗ് ട്വിസ്റ്ററും തെറ്റിക്കാതെ പറയേണ്ടിയിരുന്നു. ഈ ടാസ്കിനുവേണ്ടി ​ഗാര്‍ഡന്‍ ഏരിയയില്‍ രണ്ട് കാലില്‍ നിവര്‍ന്നു നില്‍ക്കുന്ന ഒരു പൂച്ചയുടെ രൂപം തയ്യാറാക്കിയിരുന്നു. മണി കെട്ടിയ മാല എല്ലാവര്‍ക്കും നല്‍കുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ കഥാപാത്രമായ സിഐഡി രാംദാസ് സ്ക്രീനില്‍ വന്ന് കൈയിലെ മണി അടിക്കുമ്പോള്‍ ആദ്യം ഓടിവന്ന് പൂച്ചയുടെ കഴുത്തില്‍ മാലയിടുന്നവര്‍ക്കാണ് ടം​ഗ് ട്വിസ്റ്റര്‍ പറയാന്‍ അവസരം ഉണ്ടായിരുന്നത്.

രാത്രി വൈകുവോളം നീണ്ട ടാസ്കില്‍ ആരാണ് ആദ്യം മാലയിട്ടത് എന്നതിന്‍റെ പേരില്‍ ഒരു തവണ വലിയ തര്‍ക്കം നടന്നു. ഏറെ നേരത്തിന് ശേഷം അത് പരിഹരിച്ചു. ഈ ടാസ്ക് അവസാനിച്ചപ്പോള്‍ ഋഷിക്കും ശ്രീതുവിനും 3 പോയിന്‍റുകള്‍ വീതം ലഭിച്ചു. 11 പോയിന്‍റുകളുമായി അഭിഷേക് തന്നെയാണ് ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളില്‍ ഇപ്പോഴും മുന്നില്‍. ആറ് പോയിന്‍റുകളുമായി ജിന്‍റോ രണ്ടാം സ്ഥാനത്തും.