ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയായി മാറിയിരിക്കുകയാണ് രക്തസമ്മർദ്ദം. ദൈനംദിനത്തിലെ പല കാര്യങ്ങളും രക്തസമ്മർദ്ദം പോലെയുള്ള പ്രശ്നങ്ങളെ ബാധിക്കാം. ശരിയായ സമീകൃതാഹാരം കഴിക്കാതിരിക്കുകയോ ആരോഗ്യകരമായ ദിനചര്യ നിലനിർത്താതെ ഇരിക്കുകയോ ചെയ്യുന്നത് രക്തസമ്മർദ്ദം കൂടാൻ കാരണമായേക്കാം.
പെട്ടെന്നുണ്ടാകുന്ന സ്‌പൈക്ക് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുക, രക്തം കട്ടപിടിക്കുക തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. രക്തസമ്മർദ്ദത്തിൻ്റെ അളവ് പതിവായി പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. ഉയർന്ന അളവിൽ ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവ കഴിക്കാതിരിക്കാൻ ശ്രമിക്കുക, ഇത് ശരീരഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കും. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ പ്രയാസമാണ്. ഉയർന്ന രക്തസമ്മർദ്ദം മൊത്തത്തിലുള്ള ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
എന്തൊക്കെ കാരണങ്ങൾ മൂലം ബി പി വരാം?
പാരമ്പര്യം
പാരമ്പര്യമായി രക്തസമ്മർദ്ദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മാതാപിതാക്കൾക്ക് രക്തസമ്മർദ്ദമുണ്ടെങ്കിൽ തീർച്ചയായും മക്കൾ കൃത്യമായ പരിശോധനകൾ നടത്താൻ ശ്രമിക്കണം. ദിവസവും വ്യായാമം ചെയ്താൽ പോലും പാരമ്പര്യമായി ഇത് വരാനുള്ള സാധ്യത കൂടുതലാണ്. പരിശോധനകൾ നടത്തി രക്തസമ്മർദ്ദം ഇല്ലെന്ന് ഉറപ്പ് വരുത്തണം. ആവശ്യമെങ്കിൽ മരുന്ന് കഴിക്കാനും ശ്രമിക്കണം.
ഭാരം കൂടുക
അമിതഭാരം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇതിൽ പ്രധാനമാണ് രക്തസമ്മർദ്ദം. അമിതമായി ഭാരം കൂടുന്നത് പലപ്പോഴും ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. സമീകൃതമായ ആഹാരം കഴിച്ച് കൃത്യമായ ശരീരഭാരം നിലനിർത്താൻ ശ്രമിക്കണം. രക്തസമ്മർദ്ദം ഉയരുന്നത് ഹൈപ്പർ ടെൻഷനും കാരണമായേക്കാം.
പ്രായം
പ്രായം കൂട്ടുന്നത് അനുസരിച്ച് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനാൽ നമ്മുടെ ധമനികൾ കഠിനമാവുകയും അത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഹോർമോൺ അസന്തുലിതാവസ്ഥ രക്തസമ്മർദ്ദത്തിൻ്റെ അളവിനെയും ബാധിക്കും. അതിനാൽ, പ്രായമാകുമ്പോൾ പതിവായി പരിശോധനകൾ നടത്തേണ്ടത് പ്രധാനമാണ്.
സ്ട്രെസ്
ജോലി ഭാരം കാരണം പലർക്കും അമിതമായ സ്ട്രെസ് ഉണ്ടാകാറുണ്ട്. ഇന്നത്തെ കാലത്ത് മിക്ക ചെറുപ്പാകാർക്കും രക്തസമ്മർദ്ദം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ മാനസിക സമ്മർദ്ദം തന്നെയാണ്. ചെറിയ രീതിയിലുള്ള സമ്മർദ്ദം പോലും ഹൃദയമിടിപ്പ് കൂട്ടാൻ കാരണമാകാറുണ്ട്.
കാരണം നമ്മുടെ ഹൃദയം വേഗത്തിൽ പമ്പ് ചെയ്യുമ്പോൾ കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ പുറത്തുവരുന്നു.
ബി പി കുറയാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം?
- തൂക്കം കുറയ്ക്കുക. 10 കിഗ്രാം കുറച്ചാൽ ബി. പി 6/3 എങ്കിലും കുറയും. 30 മിനിറ്റെങ്കിലും നീണ്ടു നിൽക്കുന്ന നടത്തം പോലുള്ള എയ്റോബിക് വ്യായാമങ്ങളാണ് ബി പി നിയന്ത്രിക്കാൻ നല്ലത്.
- ദിവസം ആറുഗ്രാമിൽ താഴെ മാത്രം ഉപ്പ് ഉപയോഗിക്കുക. ബിപി 4/2 അളവു കുറയും.
- പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പില്ലാത്ത പാലുൽപന്നങ്ങൾ എന്നിവ കൂടുതലുള്ള ആഹാരക്രമമാണ് ബി.പി നിയന്ത്രിക്കാൻ അനുയോജ്യം.
- മദ്യം , പുകവലി എന്നിവ ഒഴിവാക്കണം.
- ശരീരത്തിൽ യൂറിക് ആസിഡ് അമിതമായാൽ ബിപി കൂടാൻ സാധ്യതയുണ്ട്. പഞ്ചസാരയും പഴങ്ങളും കൂടുതലായി കഴിക്കുന്നവരിൽ വ്യായാമം വഴി ഫ്രക്ടോസിൽ നിന്നുള്ള ഊർജം ഉപയോഗിക്കാതെ വരുമ്പോൾ യൂറിക് ആസിഡിന്റെ ഉത്പാദനം കൂടും. ഫ്രക്ടോസ് ഉപയോഗം 25 ഗ്രാമായി നിയന്ത്രിക്കുകയാണ് പരിഹാരം. നന്നായി വ്യായാമം ചെയ്യുന്നവരാണെങ്കിലേ ഭക്ഷണത്തിനൊപ്പം ധാരാളം പഴങ്ങൾ കഴിക്കാവൂ.
- കാലറി നിയന്ത്രണവും പ്രധാനം. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം മാത്രം ലഭിക്കാനുള്ള ഭക്ഷണം കഴിക്കുക.
- സ്ട്രെസ്സ് കുറയ്ക്കുക. ബി. പി രോഗിയുടെ 70% ഹൃദ്രോഗസാധ്യതയും ഇങ്ങനെ ഒഴിവാക്കാം.
- 30 മിനിറ്റിൽ താഴെ ദിവസവും ഉച്ചനേരത്ത് മയങ്ങുന്നത് നല്ലതാണ്.