Celebrities

തെലുങ്ക് നടൻ ബാലകൃഷ്ണ പൊതുവേദിയില്‍ തള്ളിയ സംഭവം: പ്രതികരണവുമായി നടി അഞ്ജലിയുടെ കുറിപ്പ്

തെലുങ്ക് സൂപ്പർ താരം ബാലകൃഷ്ണ നടി അഞ്ജലിയെ തള്ളി നീക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിശ്വക് സെന്നും നേഹ ഷെട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഗാങ്‌സ് ഓഫ് ഗോദാവരി’യുടെ പ്രീ- റിലീസ് ഇവന്റിലായിരുന്നു സംഭവം നടന്നത്. ഈ ചിത്രത്തിൽ നടി അഞ്ജലിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ പരിപാടിയിലെ മുഖ്യതിഥിയായിരുന്നു ബാലകൃഷ്ണ.

എന്നാല്‍ ഇപ്പോള്‍ സംഭവത്തെ നേരിട്ട് പരാമര്‍ശിക്കാതെ ബാലകൃഷ്ണയുടെ പ്രവര്‍ത്തിയില്‍ ഒരു അതൃപ്തിയും ഇല്ലെന്ന് പറയുകയാണ് നടി അഞ്ജലി. ‘ഗാങ്‌സ് ഓഫ് ഗോദാവരി’യുടെ പ്രീ-റിലീസ് ഈവന്‍റിലെ തള്ളുന്ന ദൃശ്യം അടക്കമുള്ള ഒരു വീഡിയോ ഷെയര്‍ ചെയ്താണ് അഞ്ജലി തന്‍റെ കുറിപ്പ് എക്സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഗ്യാങ്‌സ് ഓഫ് ഗോദാവരി പ്രീ-റിലീസ് ഈവന്‍റില്‍ സാന്നിധ്യമായതില്‍ ബഹുമാന്യനായ ബാലകൃഷ്ണയ്ക്ക് ഞാന്‍ നന്ദി പറയുന്നു. ഞാനും ബാലകൃഷ്ണ ഗാരുവും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവരും, വളരെക്കാലമായി ഞങ്ങൾ നല്ല സൗഹൃദം പങ്കിടുന്നവരുമാണ് എന്ന് ഇവിടെ അറിയിക്കുന്നു. അദ്ദേഹത്തോടൊപ്പം വീണ്ടും വേദി പങ്കിടാൻ സാധിച്ചത് മനോഹരമാണ് – അഞ്ജലി തന്‍റെ എക്സ് പോസ്റ്റില്‍ പറയുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കഴിഞ്ഞ ദിവസം അഞ്ജലിയെ തള്ളി നീക്കുന്ന വീഡിയോ വൈറവായതിന് പിന്നാലെ നിരവധി സെലിബ്രിറ്റികൾ നന്ദമുരി ബാലകൃഷ്ണയ്ക്കെതിരെയും അനുകൂലിച്ചും രംഗത്ത് എത്തിയിരുന്നു. ഗായിക ചിന്മയി ശ്രീപാദ വ്യാഴാഴ്ച നടത്തിയ എക്സ് പോസ്റ്റില്‍ ദൈവത്തിന്‍റെ വേഷങ്ങള്‍ ചെയ്യുന്നതല്ല ചുറ്റുമുള്ളവരെ മനസിലാക്കുന്നതിലാണ് കാര്യം എന്ന് പറഞ്ഞാണ് ബാലകൃഷ്ണയെ വിമര്‍ശിച്ചത്. ഇത്തരം ഒരു നീക്കത്തെ ചിരിച്ച് നേരിട്ട അഞ്ജലിയെയും ചിന്മയി വിമര്‍ശിച്ചു. ഹൻസൽ മേത്തയും നകുൽ മേത്തയും നന്ദമുരി ബാലകൃഷ്ണയെ വിമർശിച്ചിരുന്നു.

ഇന്നലെ വൈറലായ വീഡിയോയില്‍ വേദിയില്‍ നില്‍ക്കുന്ന രണ്ട് നടിമാരോട് കുറച്ച് മാറി നില്‍ക്കാന്‍ ബാലക‍ൃഷ്ണ പറയുന്നുണ്ട്. എന്നാല്‍ അത് കേള്‍ക്കാതിരുന്ന അഞ്ജലിയെ ബാലകൃഷ്ണ തള്ളുന്നത് വീഡിയോയില്‍ കാണാം.

ബാലകൃഷ്ണയുടെ പെട്ടെന്നുള്ള നടപടി അഞ്ജലിയെയും സഹനടി നേഹ ഞെട്ടിക്കുന്നുണ്ടെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. എന്നാലും അഞ്ജലി ഇത് അതിവേഗം ഒരു തമാശയായി എടുത്ത് ചിരിക്കുന്നത് കാണാം. അഞ്ജലിയെ സ്റ്റേജിലേക്ക് തള്ളുന്നതിന് മുമ്പ് ബാലകൃഷ്ണ എന്താണ് പറഞ്ഞതെന്ന് വീഡിയോയില്‍ വ്യക്തമല്ല.